വിപണിയിൽ മുന്നേറ്റം

അമെരിക്കയില്‍ പലിശ കുറയുമെന്ന പ്രതീക്ഷയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പണമൊഴുക്ക് വർധിപ്പിച്ചതോടെ ഇന്ത്യന്‍ ഓഹരികള്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു
വിപണിയിൽ മുന്നേറ്റം

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പ ഭീഷണി ഉയരുന്നതും വിപണിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

അമെരിക്കയില്‍ പലിശ കുറയുമെന്ന പ്രതീക്ഷയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പണമൊഴുക്ക് വർധിപ്പിച്ചതോടെ ഇന്ത്യന്‍ ഓഹരികള്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ ധന നയമാണ് വിപണി കരുതലോടെ കാത്തിരിക്കുന്നത്. പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ലെങ്കിലും ഈ വര്‍ഷം പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് ആലോചനയുണ്ടോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാഴാഴ്ച 74,501.73 വരെ ഉയര്‍ന്ന് പുതിയ റെക്കോഡിട്ടു. ദേശീയ സൂചികയായ നിഫ്റ്റി 22,619 വരെ ഉയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വിപണി ഇടിവിലായിരുന്നു. ഏകദേശം 2342 ഓഹരികള്‍ നേട്ടം നല്‍കി, 1361 ഓഹരികള്‍ ഇടിഞ്ഞു, 101 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ എച്ച്ഡിഎഫ്സി ബാങ്ക് (3.15%), ടൈറ്റന്‍ കമ്പനി (1.95%), ഏഷ്യന്‍ പെയിന്‍റ്സ് (1.90%), ടെക് മഹീന്ദ്ര (1.83%), ഐഷര്‍ മോട്ടോഴ്സ് (1.80%) എന്നിവ നേട്ടത്തോടെ വ്യാപരം അവസാനിപ്പിച്ചു. ഒഎന്‍ജിസി (2.12%), ശ്രീറാം ഫിനാന്‍സ് (1.74%), അദാനി പോര്‍ട്ട്സ് (1.98%), ബിപിസിഎല്‍ (1.74%), ഭാരതി എയര്‍ടെല്‍ (1.48%) എന്നിവ ഇടിഞ്ഞു.

സെക്റ്ററല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഐടി എന്നിവ 0.5-1 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ പൊതുമേഖലാ ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 0.7-1.6 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും എക്കാലത്തെയും ഉയര്‍ന്ന ലെവലായ 40,973.14 ലെത്തി, കുതിപ്പ് നിലനിര്‍ത്താനാവാതെ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 40,625.41ല്‍ ക്ലോസ് ചെയ്തു. സ്മോള്‍ക്യാപ് സൂചിക 0.5 ശതമാനവും ബിഎസ്ഇ ലാര്‍ജ്ക്യാപ് 0.34 ശതമാനം നേട്ടമുണ്ടാക്കി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഡിമാര്‍ട്ട്, അംബുജ സിമന്‍റ്, ശ്രീറാം ഫിനാന്‍സ്, വേദാന്ത എന്നിവയുള്‍പ്പെടെ 200ലധികം ഓഹരികള്‍ വ്യാപാരത്തില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

അതേസമയം പശ്ചിമേഷ്യയില്‍ രാഷ്‌ട്രീയ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ഡോളറിന് കരുത്തേറി. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ റെക്കോഡ് താഴ്ചയിലെത്തി. എണ്ണ കമ്പനികളും ഇറക്കുമതിക്കാരും വലിയ തോതില്‍ ഡോളര്‍ വാങ്ങിയതോടെയാണ് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.43ല്‍ എത്തിച്ചത്. ഡോളറിനെതിരെ കനത്ത വിൽപ്പന സമ്മർദം നേരിട്ടെങ്കിലും പൊതുമേഖല ബാങ്കുകള്‍

വഴി റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ രൂപയുടെ കനത്ത തകര്‍ച്ച ഒഴിവായി. രാജ്യാന്തര വിപണിയില്‍ ഇന്നലെ ക്രൂഡ് വില ബാരലിന് 89 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ രൂപ ശക്തമായ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന് നാണയ വിപണിയിലുള്ളവര്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com