വിപണിയിൽ പുതുചരിത്രം

ബോംബെ ഓഹരി സൂചിക 409 പോയിന്‍റ് നേട്ടവുമായി 74,086ല്‍ അവസാനിച്ചു. ദേശീയ സൂചിക 118 പോയിന്‍റ് ഉയര്‍ന്ന് 22,474ലെത്തി.
Representative image for stock market record
Representative image for stock market record

ബിസിനസ് ലേഖകൻ

കൊച്ചി: ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ആവേശത്തോടെ സജീവമായതോടെ ഇന്ത്യന്‍ ഓഹരി വിപണി പുതിയ റെക്കോഡ് ഉയരത്തിലെത്തി. ബോംബെ ഓഹരി സൂചിക 409 പോയിന്‍റ് നേട്ടവുമായി 74,086ല്‍ അവസാനിച്ചു. ദേശീയ സൂചിക 118 പോയിന്‍റ് ഉയര്‍ന്ന് 22,474ലെത്തി.

ബാങ്കിങ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ചൈനയിലെ സാമ്പത്തിക മേഖല തളര്‍ച്ചയിലായതിനാല്‍ ബാങ്കുകളുടെ കരുതല്‍ ധന അനുപാതം കുറയ്ക്കേണ്ടിവരുമെന്ന കേന്ദ്ര ബാങ്കിന്‍റെ അഭിപ്രായമാണ് ഇന്ത്യയിലെ ഓഹരി വിപണിക്ക് ശക്തി പകര്‍ന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനത്തിലധികം വളര്‍ച്ച നേടുന്നതിന് ലക്ഷ്യമിട്ട് നിരവധി ഉത്തേജക നടപടികളാണ് ചൈനയിലെ കേന്ദ്ര ബാങ്ക് ആലോചിക്കുന്നത്.

കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്ക്, ടിസിഎസ്, ടൈറ്റന്‍ എന്നിവയുടെ ഓഹരികളില്‍ വന്‍ വിലക്കുതിപ്പുണ്ടായി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ അതേസമയം കനത്ത ഇടിവ് നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കാര്യമായ വാങ്ങല്‍ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ആഭ്യന്തര ഫണ്ടുകള്‍ വന്‍ തുകയാണ് വിപണിയിലെത്തിച്ചത്. അമെരിക്കയില്‍ നാണയപ്പെരുപ്പം ശക്തമായതിനാല്‍ പലിശ കുറയാനുള്ള സാധ്യത കുറ്ഞതാണ് വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ അവഗണിച്ച് ചെറുകിട നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ സ്വാധീനം തുടര്‍ച്ചയായി കുറയുകയാണ്. റീട്ടെയ്‌ല്‍ നിക്ഷേപകര്‍ സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്‍റ് പദ്ധതികളിലൂടെയും (എസ്ഐപി) മ്യൂച്വല്‍ ഫണ്ടുകളിലൂടെയും വന്‍തോതില്‍ ഓഹരി വിപണിയില്‍ പണം മുടക്കുന്നതാണ് വിദേശ ധന സ്ഥാപനങ്ങളുടെ മസില്‍ പവര്‍ കുറച്ചത്. നടപ്പുവര്‍ഷം ഇതുവരെ 350 കോടി ഡോളറിന്‍റെ ഓഹരികള്‍ വിറ്റുമാറിയെങ്കിലും വിപണി മികച്ച ഉയരത്തില്‍ തുടരുകയാണ്. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ ഇക്കാലത്ത് 43,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങികൂട്ടി വിപണിക്ക് ശക്തി പകര്‍ന്നു. ഫെബ്രുവരിയില്‍ മാത്രം എസ്ഐപികളിലൂടെ 18,000 കോടി രൂപയാണ് വിപണിയില്‍ മുടക്കിയത്.

പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലേക്കാണ് ആഭ്യന്തര നിക്ഷേപകരുടെ പണം വലിയ തോതില്‍ എത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മികച്ച ലാഭം നേടിയതാണ് പൊതുമേഖലാ കമ്പനികള്‍ക്ക് പ്രിയം വർധിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com