മൂന്നാം വാരവും കുതിപ്പ്

ഒരു മാസത്തിനിടയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യത്തില്‍ 80 പൈസയുടെ ഇടിവുണ്ടായി.
മൂന്നാം വാരവും കുതിപ്പ്

വരണ്ട കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളും വരള്‍ച്ചയെ ഉറ്റുനോക്കുമ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഉത്സാഹിച്ചത് തുടര്‍ച്ചയായ മൂന്നാം വാരവും കുതിപ്പിന് അവസരമൊരുക്കി. ബോംബെ സെന്‍സെക്സ് 596 പോയിന്‍റും നിഫ്റ്റി സൂചിക 186 പോയിന്‍റും പിന്നിട്ടവാരം ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ തുടര്‍ച്ചയായി ഏഴാം തവണയും വായ്പാ അവലോകനത്തില്‍ പലിശ നിരക്കുകള്‍ സ്റ്റെഡിയായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. നാണയപ്പെരുപ്പ ഭീഷണികള്‍ക്കിടയിലും മികച്ച സാമ്പത്തിക വളര്‍ച്ച മുന്നില്‍ക്കണ്ട് ആര്‍ബിഐ പലിശയില്‍ മാറ്റത്തിന് തയാറായില്ല.

കേന്ദ്രബാങ്ക് നീക്കങ്ങള്‍ക്കിടയിലും വിനിമയ വിപണിയില്‍ യുഎസ് ഡോളറിന് മുന്നില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. രൂപയുടെ മൂല്യം 83.40ല്‍ നിന്നും 83.45ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 83.30ലാണ്. ഇതിനിടയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 92 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 90 ഡോളറിലാണ്. എണ്ണ വില ഉയരുന്നത് രൂപയില്‍ സമ്മര്‍ദമുളവാക്കും. ഒരു മാസത്തിനിടയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യത്തില്‍ 80 പൈസയുടെ ഇടിവുണ്ടായി.

മുന്‍നിര ഓഹരിയായ എച്ച്ഡിഎഫ്സി ബാങ്ക് ഏഴ് ശതമാനം മികവില്‍ 1549 രൂപയായി കയറി. ആക്സിസ് ബാങ്ക്, എസ്ബിഐ, എം ആൻഡ് എം, ടാറ്റ മോട്ടേഴ്സ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു. വില്‍പ്പന സമ്മര്‍ദത്തെ തുടർന്ന് മാരുതി, സണ്‍ ഫാര്‍മ, ആര്‍ഐഎല്‍, എല്‍ ആന്ഡ് ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എച്ച്‌യുഎല്‍, എയര്‍ടെല്‍ ഓഹരി വിലകള്‍ താഴ്ന്നു.

ബോംബെ സൂചിക 73,651ല്‍ നിന്നും കഴിഞ്ഞവാരം വ്യക്തമാക്കിയ പ്രതിരോധമായ 74,490ലെ തടസം മറികടന്ന് 74,501 വരെ ഉയര്‍ന്നു. ലാഭമെടുപ്പില്‍ സൂചിക 73,506ലേക്ക് താഴ്ന്നെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ ബിഎസ്ഇ 74,248 പോയിന്‍റിലാണ്. ഈ വാരം 74,666ല്‍ ആദ്യ പ്രതിരോധം. വില്‍പ്പന സമ്മർദം അനുഭവപ്പെട്ടാല്‍ 73,669-73,090ലേക്കും തിരുത്തലിന് സാധ്യത.

നിഫ്റ്റി സൂചിക 22,326 പോയിന്‍റില്‍ നിന്നും എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 22,619 വരെ മുന്നേറി. സൂചികയുടെ കുതിപ്പിനിടയില്‍ ഇടപാടുകാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത് വിപണിയെ 22,317ലേക്ക് തളര്‍ത്തിയെങ്കിലും വ്യാപാരാന്ത്യം സൂചിക 22,513 പോയിന്‍റിലാണ്.

നിഫ്റ്റി ഫ്യൂച്ചര്‍ 22,640ല്‍ നിന്നും വാരാന്ത്യം 22,596ലേക്ക് താഴ്ന്നു. വിപണിയുടെ 20 ദിവസത്തെ ശരാശരി കണക്കിലെടുത്താല്‍ 22,450 വിപണിക്ക് ശക്തമായ പിന്തുണ ഉറപ്പ് വരുത്താനായാല്‍ സൂചിക 22,650ലേക്ക് മുന്നേറാം. ബാങ്ക് നിഫ്റ്റി പിന്നിട്ടവാരം രണ്ട് ശതമാനം മികവ് കാണിച്ചത് വരും ദിനങ്ങളില്‍ വിപണിയെ കൂടുതല്‍ സജീവമാക്കാം. ബാങ്ക് നിഫ്റ്റിയില്‍ ഒരു കുതിപ്പ് അനുഭവപ്പെട്ടാല്‍ അത് മറ്റ് വിഭാഗങ്ങളിലും ചലനമുളാക്കും.

ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2233 ഡോളറില്‍ നിന്നും 2330 ഡോളറിലേക്ക് ഉയര്‍ന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും മുന്നേ നാണയപ്പെരുപ്പം നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം സ്വര്‍ണ വില പത്ത് ശതമാനം ഉയര്‍ന്നു. ഒരു മാസത്തിനിടയില്‍ ഔണ്‍സിന് 163 ഡോളര്‍ വർധിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ മഞ്ഞലോഹത്തിന് മാറ്റുകൂട്ടി. ആഗോളതലത്തില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണത്തിലെ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഓരോ മാസവും 20 ടണ്‍ സ്വര്‍ണം വരെ ബാങ്കുകള്‍ വാങ്ങുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com