
BULLS & BEARS | ഉദയഭാനു
ധനകാര്യ സ്ഥാപനങ്ങള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപത്തിന് കാണിച്ച ഉത്സാഹം ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ മൂന്നാം വാരത്തിലും തിളങ്ങാന്‍ അവസരമൊരുക്കി. കോര്‍പ്പറേറ്റ് മേഖല മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടുമെന്ന പ്രതീക്ഷകളും മണ്‍സൂണ്‍ അനുകൂലമായെന്ന വിലയിരുത്തലുകളും വിദേശ ഓപ്പറേറ്റര്‍മാരെ പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു.
ബോംബെ സൂചിക 780 പോയിന്റും നിഫ്റ്റി 232 പോയിന്റും കഴിഞ്ഞവാരം ഉയര്‍ന്നു. പിന്നിട്ട മൂന്നാഴ്ചകളില്‍ സെന്‍സെക്സ് 3080 പോയിന്റും നിഫ്റ്റി 897 പോയിന്റും നേട്ടത്തിലാണ്. ബുള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടിത നീക്കവും വിപണിയുടെ സാങ്കേതിക ചലനങ്ങളും വിലയിരുത്തിയാല്‍ നിഫ്റ്റിയുടെ ദൃഷ്ടി 20,000ലേക്കും സെന്‍സെക്സ് 67,650 പോയിന്റിലേക്കും വരും ആഴ്ചകളില്‍ സഞ്ചരിക്കാനുള്ള സാധ്യതകള്‍ക്ക് ശക്തിയേറുന്നു.
ബിഎസ്ഇ ഐടി ഇന്‍ഡക്സ് അഞ്ച് ശതമാനത്തിനടുത്തും മെറ്റല്‍ ഇന്‍ഡക്സ് മൂന്ന് ശതമാനത്തിലധികവും കയറി. ബിഎസ്ഇ പവര്‍, കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികകളും പോയവാരം മികവിലാണ്. ഇന്‍ഫോസിസ് ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 1425 രൂപയായി. അഞ്ച് ശതമാനം മികവില്‍ ടിസിഎസ് 3512 രൂപയായി. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റാ സ്റ്റീല്‍, ആര്‍ഐഎല്‍, സണ്‍ ഫാര്‍മ, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളില്‍ വിദേശ ഫണ്ടുകള്‍ താത്പര്യം കാണിച്ചു. എച്ച്യുഎല്, മാരുതി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ തുടങ്ങിയവ ലാഭമെടുപ്പില്‍ അല്‍പ്പം തളര്‍ന്നു.
ബോംബെ സൂചിക തുടക്കത്തിലെ 65,280ല്‍ നിന്നും നേട്ടത്തോടെയാണ് വ്യാപാരം പുനഃരാരംഭിച്ചത്. വിദേശ ഫണ്ടുകള്‍ ഹെവിവെയ്റ്റ് ഓഹരികളില്‍ പിടിമുറുക്കിതോടെ റെക്കോഡായ 66,159 പോയിന്റ് വരെ സൂചിക ചുവടുവെച്ചു. വാരാന്ത്യം സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങ്ങായ 60,060 പോയിന്റിലാണ്. ഈ വാരം 66,398ലെ ആദ്യപ്രതിരോധം മറികടക്കാനായാല്‍ അടുത്ത ചുവടുവെപ്പില്‍ സൂചിക 66,737നെ കൈപിടിയിലൊതുക്കാന്‍ ശ്രമം നടത്തും. വിപണിയുടെ താങ്ങ് 65,481- 64,903 പോയിന്റിലാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 19,331ല്‍ നിന്നുള്ള കുതിപ്പില്‍ 19,523ലെ റെക്കോഡ് തകര്‍ത്ത് 19,595ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഉയര്‍ന്ന തലത്തില്‍ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് രംഗത്തിറങ്ങിയതിനാല്‍ മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സൂചിക അല്‍പ്പം തളര്‍ന്ന് 19,564 പോയിന്റിലാണ്. ഇതിനിടയില്‍ കഴിഞ്ഞവാരം വ്യക്തമാക്കിയ രണ്ടാം പ്രതിരോധമായ 19,566ന് മുകളില്‍ ക്ലോസിങ്ങില്‍ നിഫ്റ്റിക്ക് ഇടം കണ്ടെത്താനാവാഞ്ഞത് വീണ്ടും വില്‍പ്പന സമ്മര്‍ദത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍. നിഫ്റ്റി 19,664 പോയിന്റിലെ ആദ്യതടസം മറികടന്നാലും 19,764 വീണ്ടും പ്രതിരോധം നേരിടാം. വിപണിയുടെ താങ്ങ് 19,394-19,224 പോയിന്റിലാണ്. നിഫ്റ്റി ഫ്യൂച്ചറില്‍ ഓപ്പണ്‍ ഇന്ററസ്റ്റ് ബുള്‍ സാന്നിധ്യത്തില്‍ വീണ്ടും ഉയര്‍ന്ന് 124 ലക്ഷത്തിലേക്ക് കയറി.
ഫോറെക്സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കരുത്ത് നേടി. രൂപയുടെ മൂല്യം 82.74ല്‍ നിന്നും 81.89ലേക്ക് ശക്തി പ്രാപിച്ചശേഷം വാരാന്ത്യം 82.16ലാണ്. ഡോളറിനെ ഒഴിവാക്കി ഇന്ത്യയും യുഎഇയും രൂപ ദിര്‍ഹം അടിസ്ഥാനത്തില്‍ വ്യാപാരത്തിന് ധാരണയായത് വിനിമയ വിപണിയില്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകും.
ആഭ്യന്തര ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് മുൻതൂക്കം നല്കി. അവര്‍ മൊത്തം 1976 കോടി രൂപയുടെ വില്‍പ്പനയും 725 കോടിയുടെ നിക്ഷേപവും നടത്തി. അതേസമയം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 6659 കോടി രൂപയുടെ ഓഹരികള്‍ വാരിക്കൂട്ടി. ഇതിനിടയില്‍ 1242 കോടിയുടെ വില്‍പ്പനയും നടത്തി.
ആഗോള വിപണിയില്‍ സ്വര്‍ണം ഒരിക്കല്‍ കൂടി തിളങ്ങി. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1924 ഡോളറില്‍ നിന്നും 1954ലേക്ക് കയറി.