
BULLS&BEARS | ഉദയഭാനു
നിഫ്റ്റി സൂചിക തുടര്‍ച്ചയായ മൂന്നാം വാരവും മികവ് കാഴ്ച്ചവെച്ച് കൊണ്ട് 18,300 പോയിന്റിന് മുകളില്‍ തിളങ്ങി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണ മുന്നേറ്റത്തിന് വേഗത പകരുകയാണ്. വിദേശ ഓപ്പറേറ്റര്‍മാര്‍ എല്ലാ മേഖല ഓഹരികളും വാരിക്കൂട്ടാന്‍ കാണിച്ച ഉത്സാഹം നിഫ്റ്റിക്ക് 245 പോയിന്റ് പ്രതിവാര നേട്ടം സമ്മാനിച്ചു. സെന്‍സെക്സ് 973 പോയിന്റ് പിന്നിട്ടവാരം കയറി.
യുഎസ് സാമ്പത്തിക മാന്ദ്യവും തൊഴില്‍ മേഖലയില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകളും കേന്ദ്രബാങ്കിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. വാരാന്ത്യം ഡൗജോണ്‍സ്, നാസ്ഡാക് സൂചികകള്‍ക്ക് നേരിട്ട തളര്‍ച്ച യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് വ്യാപിക്കുമോയെന്ന ആശങ്ക രാജ്യാന്തര ഫണ്ടുകളില്‍ ഉടലടുത്തിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ വിശ്വാസം അവര്‍ നിലനിര്‍ത്തുകയാണ്. ഓഹരി സൂചിക 2023ലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് വലുതായിരുന്നു. വിദേശ ഓപ്പറേറ്റര്‍മാര്‍ ഈ മാസം 13,278 കോടി രൂപയുടെ ഓഹരികള്‍ വാരിക്കൂട്ടി. പിന്നിട്ട വാരത്തിലെ അവരുടെ നിക്ഷേപം 5626 കോടി രൂപയാണ്.
അയല്‍സംസ്ഥാനമായ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന് ഓഹരി ഇടപാടുകളുടെ തുടക്കത്തില്‍ മുന്‍നിര ഇന്‍ഡക്സുകളില്‍ ചെറിയ തോതില്‍ ചാഞ്ചാട്ടം സൃഷ്ടിക്കാം. ആഭ്യന്തര ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് മുതിര്‍ന്നാല്‍ വിപണിയിലെ സാങ്കേതിക തിരുത്തല്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് വിദേശ ഫണ്ടുകള്‍ അവസരമാക്കും.
ബോംബെ സെന്‍സെക്സ് 61,054ല്‍ നിന്നുള്ള മുന്നേറ്റത്തില്‍ 62,000 പ്രതിരോധം മറികടന്ന് 62,167 പോയിന്റ് വരെ കയറി. ഇതിനിടയില്‍ വാരാന്ത്യത്തിലെ ലാഭമെടുപ്പില്‍ സെന്‍സെക്സ് അല്‍പ്പം തളര്‍ന്ന് 62,027 പോയിന്റില്‍ ക്ലോസിങ് നടന്നു. ഈ വാരം സൂചികയ്ക്ക് 62,444ല്‍ പ്രതിരോധമുണ്ട്. ഇത് മറികടന്നാല്‍ 62,860 റേഞ്ചിനെ ഉറ്റുനോക്കാം. വിപണിയുടെ താങ്ങ് 61,331-60,636 പോയിന്റിലാണ്.
നിഫ്റ്റി 18,000ലെ നിര്‍ണായക താങ്ങ് നിലനിര്‍ത്തിയത് നിഷേപകരെ ആവേശം കൊള്ളിക്കുന്നുണ്ട്. 18,058 പോയിന്റില്‍ നിന്നുള്ള മുന്നേറ്റത്തിനിടയില്‍ 18,262ലെ തടസം മറികടന്ന് സൂചിക 18,389 പോയിന്റ് വരെ ഉയര്‍ന്നു. വെള്ളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 18,314ലാണ്. ഈ വാരം 18,449ല്‍ ആദ്യ തടസം നിലനില്ക്കുന്നു, സൂചികയുടെ താങ്ങ് 18,118ലാണ്.
നിഫ്റ്റി മേയ് ഫ്യൂച്ചേഴ്സ് ഓപ്പണ്‍ ഇന്ററസ്റ്റ് മുന്‍വാരത്തിലെ 113 ലക്ഷത്തില്‍ നിന്നും 129 ലക്ഷമായി ഉയര്‍ന്നു. വിപണി 18,200ലെ സപ്പോര്‍ട്ട് നിലനിര്‍ത്തുമെന്ന വിശ്വാസം വാങ്ങല്‍ താത്പര്യം ഉയര്‍ത്തി. മുന്‍നിര ഓഹരികളായ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആര്‍ഐഎല്‍, ടാറ്റാ മോട്ടോഴ്സ്, എയര്‍ടെല്‍, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, മാരുതി ഓഹരി വിലകള്‍ ഉയര്‍ന്നു. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, സിപ്ല, ഡോ. റെഡ്ഡീസ്, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍ക്കോ ഓഹരി വിലകള്‍ താഴ്ന്നു.
വിദേശ നിക്ഷേപം ഉയര്‍ന്നിട്ടും വിനിമയ വിപണിയില്‍ രൂപയ്ക്ക് കാലിടറി. രൂപയുടെ മൂല്യം 81.68ല്‍ നിന്നും 82.22ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 82.15ലാണ്. രൂപയുടെ ചലനങ്ങളും എണ്ണ കമ്പനികള്‍ ഡോളറില്‍ കാണിക്കുന്ന താത്പര്യവും കണക്കിലെടുത്താല്‍ രൂപ 82.50 റേഞ്ചിലേക്ക് ദുര്‍ബലമാകാന്‍ ഇടയുണ്ട്.
ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 77 ഡോളറില്‍ നിന്നും വാരമധ്യം 72ലേക്ക് ഇടിഞ്ഞു. ഈ അവസരത്തില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ നിരക്ക് 76 ഡോളറായി ഉയര്‍ന്നങ്കിലും വാരാന്ത്യം 74.15 ഡോളറിലാണ്.
രാജ്യാന്തര സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. ട്രോയ് ഔണ്‍സിന് 2017 ഡോളറില്‍ നിന്നും 2040ലേക്ക് ഉയര്‍ന്ന സ്വര്‍ണം വെള്ളിയാഴ്ച്ച അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദത്തില്‍ 2000 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 2010 ഡോളറിലാണ്.