ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു

ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനം തേടില്ലെന്ന് എൻ. ചന്ദ്രശേഖരൻ
Tata Sons Chairman N Chandrasekharan not to seek reappointment to end uncertainity

എൻ. ചന്ദ്രശേഖരൻ, ടാറ്റാ സൺസ് ചെയർമാൻ.

Updated on

ന്യൂഡൽഹി: ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തൽസ്ഥാനത്ത് കാലാവധി പൂർത്തിയാകുന്ന 2027 ഫെബ്രുവരി 20-നു ശേഷം പുനർനിയമനം തേടില്ലെന്ന് പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ഹോൾഡിങ് കമ്പനിയുടെ നേതൃത്വത്തെച്ച ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് ഇതിലൂടെ വിരാമമായി.

ടാറ്റ സൺസിന്‍റെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരിക്കുന്ന സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചന്ദ്രശേഖരന്‍റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു. തുടർന്ന് ടാറ്റ സൺസ് നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ഈ നിർദേശം അംഗീകരിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 24-ന് നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വെച്ചെങ്കിലും, ബോർഡ് അംഗങ്ങളിൽ ഒരാൾ ഇതിനെ പിന്തുണയ്ക്കാത്തതു കാരണം പ്രമേയം പാസായില്ല. "ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ഞാൻ മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു," പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

ബോർഡ് യോഗം കഴിഞ്ഞ് ആറു മാസമായിട്ടും ഇതിൽ അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. ടാറ്റ സൺസ് നിരവധി നിർണായക തന്ത്രപ്രധാന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനാൽ നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"ഈ സാഹചര്യത്തിൽ, എന്‍റെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കുമ്പോൾ പുനർനിയമനം തേടില്ലെന്ന് ടാറ്റ സൺസ് ബോർഡിനെ അറിയിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിനായി പിൻഗാമിയെ ഉടൻ തീരുമാനിക്കണമെന്നും അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടു.

ടാറ്റ ഗ്രൂപ്പിൽ 40 വർഷത്തെ സേവനപരിചയമുള്ള ചന്ദ്രശേഖരൻ, ടിസിഎസിന്‍റെ (Tata Consultancy Services) ചീഫ് എക്സിക്യൂട്ടിവ് ആയി സേവനമനുഷ്ഠിച്ച ശേഷമാണ് 2017-ൽ ടാറ്റ സൺസ് ചെയർമാനാകുന്നത്. എൻ. ചന്ദ്രശേഖരന്‍റെ പുനർനിയമനവുമായി ബന്ധപ്പെട്ട് ടാറ്റ സൺസും ടാറ്റ ട്രസ്റ്റും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ടാറ്റ ഗ്രൂപ്പിന്‍റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്‍റെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റ്സാണ്. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എയർ ഇന്ത്യ ഉൾപ്പെടെയുള്ള മുപ്പതിലധികം ഗ്രൂപ്പ് കമ്പനികളുടെ നിയന്ത്രണം ടാറ്റ സൺസിനാണ്.

logo
Metro Vaartha
www.metrovaartha.com