
ന്യൂഡൽഹി: ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വര്‍ധിച്ച് 15.67 ട്രില്യണ്‍ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാള്‍ 24.09 ശതമാനം കൂടുതലാണ്. കോര്‍പ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതിയില്‍ 29.63 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
2023 ഫെബ്രുവരി 10 വരെയുള്ള പ്രത്യക്ഷ നികുതി പിരിവിന്റെ താത്കാലിക കണക്കുകള്‍ സ്ഥിരമായ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ് പ്രസ്താവനയില്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം (202223), നേരിട്ടുള്ള നികുതിയില്‍ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14.08 ട്രില്യണ്‍ രൂപ വരുമാനം നേടിയപ്പോള്‍ 17 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ ഫെബ്രുവരി 10 വരെയുള്ള കാലയളവില്‍, മൊത്ത കോര്‍പ്പറേറ്റ് ആദായ നികുതി (സിഐടി), മൊത്ത വ്യക്തിഗത ആദായ നികുതി (പിഐടി) കലക്ഷനുകളുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 19.33 ശതമാനവും 29.63 ശതമാനവുമായിരുന്നു.
റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം, സിഐടി കലക്ഷനുകളിലെ അറ്റ വളര്‍ച്ച 15.84 ശതമാനവും പിഐടി കലക്ഷനുകളില്‍ 21.23 ശതമാനവുമാണ്. 2022 ഏപ്രില്‍ 1 മുതല്‍ 2023 ഫെബ്രുവരി 10 വരെയുള്ള കാലയളവില്‍ 2.69 ട്രില്യണ്‍ രൂപ റീഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്, ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നല്കിയ റീഫണ്ടുകളേക്കാള്‍ 61.58 ശതമാനം കൂടുതലാണ്.
റീഫണ്ടുകള്‍ക്കായി ക്രമീകരിച്ചതിന് ശേഷം, അറ്റപ്രത്യക്ഷ നികുതി പിരിവ് 18.40 ശതമാനം വളര്‍ച്ചയോടെ 12.98 ലക്ഷം കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നേരിട്ടുള്ള നികുതി പിരിവിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ ഏകദേശം 79 ശതമാനമാണ് അറ്റ ശേഖരണമെന്ന് സിബിഡിടി അറിയിച്ചു.