
BULLS & BEARS | ഉദയഭാനു
ഓഹരി സൂചികയുടെ കുതിച്ചുച്ചാട്ടത്തിനിടയില് ഒരു വിഭാഗം വിദേശഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് വാരാന്ത്യം കാണിച്ച ഉത്സാഹം ശക്തമായ സാങ്കേതിക തിരുത്തലിന് അവസരമൊരുക്കി.
വാരത്തിന്റെ തുടക്കം മുതല്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി സെന്‍സെക്സും നിഫ്റ്റിയും പ്രയാണം തുടര്‍ന്നതിനിടയില്‍ ബിഎസ്ഇയില്‍ ഏതാണ്ട് 1560 പോയിന്റും നിഫ്റ്റി 425 പോയിന്റും ഉയര്‍ന്ന ഘട്ടത്തിലാണ് ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിലേക്ക് ശ്രദ്ധതിരിച്ചത്. തൊട്ട് മുന്‍വാരത്തെ അപേക്ഷിച്ച് സെന്‍സെക്സ് 623 പോയിന്റും നിഫ്റ്റി 180 പോയിന്റും നേട്ടത്തിലാണ്. തുടര്‍ച്ചയായ നാലാം വാരമാണ് ഇന്‍ഡക്സുകള്‍ മികവ് നിലനിര്‍ത്തുന്നത്.
ബോംബെ സൂചിക 66,060ല്‍ നിന്നും സര്‍വകാല റെക്കോഡായ 67,619.17 വരെ ഉയര്‍ന്നു. വ്യാപാരാന്ത്യം സൂചിക 66,684 പോയിന്റിലാണ്. ഈ വാരം 65,926ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 67,530 ലക്ഷ്യമാക്കി നീങ്ങാനുള്ള ശ്രമം വിജയിച്ചാല്‍ വീണ്ടും റെക്കോഡ് തകര്‍ത്ത് 68,376 വരെ സഞ്ചരിക്കാന്‍ വിപണിക്കാവും. തുടക്കത്തിലെ വില്‍പ്പന സമ്മര്‍ദത്തില്‍ നിന്നും വിപണിക്ക് രക്ഷ നേടാനായില്ലെങ്കില്‍ സൂചിക 65,160 റേഞ്ചിലെ താങ്ങില്‍ ശക്തി പരീക്ഷിക്കാം.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 19,564ല്‍ നിന്നും പ്രതിരോധങ്ങള്‍ തകര്‍ത്ത് 20,000 പോയിന്റിനെ ലക്ഷ്യമാക്കി കുതിച്ചെങ്കിലും 19,991 വരെ മുന്നേറാനായുള്ളൂ. ഈ അവസരത്തില്‍ വിദേശഫണ്ടുകള്‍ ടെക്നോജി വിഭാഗം ഓഹരികളിലെ വില്‍പ്പന സമ്മർദം സൃഷ്ടിച്ചതോടെ നിഫ്റ്റി റെക്കോഡില്‍ നിന്നും 19,700ലേക്ക് തളര്‍ന്നു. എന്നാല്‍ വ്യാപാരാന്ത്യം സൂചിക 19,745 പോയിന്റിലാണ്.
സാങ്കേതിക വശങ്ങളിലൂടെ വീക്ഷിച്ചാല്‍ വാരാന്ത്യത്തിലെ വന്‍ തകര്‍ച്ചയ്ക്ക് ഇടയിലും വിപണി അതിന്റെ ബുള്ളിഷ് മനോഭാവം നിലനിര്‍ത്തുകയാണ്. അതേസമയം ഇന്നും നാളെയും വീണ്ടും ഒരു തിരുത്തലിന് ശ്രമിച്ചാല്‍ 19,542-19,339 റേഞ്ചില്‍ താങ്ങ് പ്രതീക്ഷിക്കാം. തിരിച്ചുവരവിനുള്ള നീക്കം നടത്തിയാല്‍ 19,969ലെ ആദ്യതടസം ഭേദിക്കാനായാല്‍ 20,000വും കടന്ന് 20,200ലേക്ക് സൂചികയുടെ ദൃഷ്ടി തിരിയും. വിപണിയുടെ സാങ്കേതിക വശങ്ങള് പലതും ഓവര്‍ ബ്രോട്ടായായി മാറിയതാണ് പ്രോഫിറ്റ് ബുക്കിങ്ങിന് നിക്ഷേപകരെ പ്രേരിപ്പിച്ചത്.
മികച്ച മണ്‍സൂണ്‍ മുന്നില്‍ കണ്ട് ഓപ്പറേറ്റര്‍മാര്‍ കാണിച്ച താത്പര്യം നിഫ്റ്റി എഫ്എംസിജി സൂചികയെ റെക്കോഡായ 54,308 പോയിന്റിലെത്തിച്ചു. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും മികവിലാണ്. മൂന്ന് മാസക്കാലയളവില്‍ മിഡ് ക്യാപ് സൂചിക 18 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 20 ശതമാനവും കയറി. നിഫ്റ്റി ബാങ്ക് പോയവാരം മൂന്ന് ശതമാനം ഉയര്‍ന്നു. ഐടി, മെറ്റല്‍, റിയാലിറ്റി വിഭാഗങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
എസ്ബിഐ, ഐടിസി, എല്‍ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐസിഐ, ഇന്‍ഡസ്ഇൻഡ് ബാങ്ക്, ആര്‍എഎല്‍, സിപ്ല, ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, ബിപിസിഎല്‍, മാരുതി, വിപ്രോ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും കാരണം ഇന്‍ഫോസിസ് ടെക്നോളജി ആറ് ശതമാനം തകര്‍ച്ചയിലാണ്. ടിസിഎസ്, എച്ച്സിഎല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍ക്കോ, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2472 കോടി രൂപ അറ്റാദായം സ്വന്തമാക്കി. പിന്നിട്ട മൂന്ന് മാസക്കാലയളവില്‍ ഇന്‍ഫോസിസ് ടെക്നോളജിയുടെ അറ്റാദായം 11 ശതമാനം വര്‍ധിച്ച് 5945 കോടി രൂപയായി.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 6723 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വാരാന്ത്യദിനത്തില്‍ അവര്‍ 1999 കോടി രൂപയുടെ വില്‍പ്പനയും നടത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് അവര്‍ ലാഭമെടുപ്പ് നടത്തിയത്. ജൂലൈയില്‍ വിദേശഓപ്പറേറ്റര്‍മാര്‍ ഇതിനകം 43,804 കോടി രൂപ നിക്ഷേപിച്ചു. ഈ വര്‍ഷത്തെ അവരുടെ മൊത്തം നിക്ഷേപം 1,20,211 കോടി രൂപയാണ്.
വിദേശ നാണ്യശേഖരം 15 മാസത്തെ ഉയര്‍ന്ന തലത്തിലാണ്. 12.74 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് കരുതല്‍ധനം 609 ബില്യണ്‍ ഡോളറിലെത്തി. 2021 ഒക്റ്റോബറില്‍ വിദേശ കരുതല്‍ധനം സര്‍വകാല റെക്കോഡായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വിനിമയ വിപണിയില്‍ രൂപ ഡോളറിന് മുന്നില്‍ കരുത്ത് നേടി. രൂപയുടെ മൂല്യം 82.16ല്‍ നിന്നും 81.86ലേക്ക് മെച്ചപ്പെട്ട ശേഷം ഇടപാടുകളുടെ അവസാനം 81.96ലാണ്.
യുഎസ് ഫെഡ് റിസര്‍വ് വാരാദ്യം യോഗം ചേരും. പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് വർധനയ്ക്ക് സാധ്യതയുണ്ട്. അമെരിക്കയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലാവുമെന്ന നിഗമനത്തിലാണവര്‍.
രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1954 ഡോളറില്‍ നിന്നും 1984 വരെ ഉയര്‍ന്ന ശേഷം 1960ലാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 76.58 ഡോളറാണ്. റഷ്യ ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് നിയന്ത്രണം വരുത്താനുള്ള നീക്കം നിരക്ക് ഉയര്‍ത്താം. അടുത്തമാസം മുതല്‍ കയറ്റുമതിയില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് പ്രതിദിനം വരുത്താനുള്ള നീക്കത്തിലാണ് റഷ്യ.