കേന്ദ്ര സർക്കാരിന്‍റെ ധനകമ്മി കുറയുന്നു

വരുമാനം ബജറ്റ് ലക്ഷ്യത്തിന്‍റെ 19 ശതമാനമായി ഉയർന്നപ്പോൾ ചെലവ് ലക്ഷ്യത്തിന്‍റെ 12.9 ശതമാനമായി താഴ്ന്നു
The fiscal deficit of the central government is reduced
കേന്ദ്ര സർക്കാരിന്‍റെ ധനകമ്മി കുറയുന്നു
Updated on

#ബിസിനസ് ലേഖകൻ

കൊച്ചി:റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം മൂലം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ധന കമ്മി 50,615 കോടി രൂപയായായി കുത്തനെ കുറഞ്ഞു. കംപ്ട്രോളർ ജനറൽ ഒഫ് അക്കൗണ്ട്സിന്‍റെ കണക്കുകളനുസരിച്ച് ഏപ്രിൽ, മേയ് മാസത്തിൽ ധനകമ്മി നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് ലക്ഷ്യത്തിന്‍റെ മൂന്ന് ശതമാനത്തിലേക്കാണ് താഴ്ന്നത്. മുൻവർഷം ഇതേ കാലയളവിൽ ധന കമ്മി ബജറ്റ് ലക്ഷ്യത്തിന്‍റെ 11.8 ശതമാനമായിരുന്നു. നികുതി വരുമാനം കൂടിയതിനൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി റിസർവ് ബാങ്ക് 2.11 ലക്ഷം കോടി രൂപ നൽകിയതുമാണ് പ്രധാനമായും ധന കമ്മി കുറയ്ക്കാൻ സഹായിച്ചത്.

വരുമാനം ബജറ്റ് ലക്ഷ്യത്തിന്‍റെ 19 ശതമാനമായി ഉയർന്നപ്പോൾ ചെലവ് ലക്ഷ്യത്തിന്‍റെ 12.9 ശതമാനമായി താഴ്ന്നു. ഇക്കാലയളവിൽ മൊത്തം വരുമാനം ബജറ്റ് ലക്ഷ്യമായ 12 ശതമാനമായ 3.19 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. മുൻവർഷം ഇതേകാലയളവിൽ വരുമാനം 2.78 ലക്ഷം കോടി രൂപയായിരുന്നു. സർക്കാരിന്‍റെ മൊത്തം ചെലവ് ബജറ്റ് ലക്ഷ്യത്തിന്‍റെ 13 ശതമാനമായ 6.23 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. മുൻവർഷം ഇതേ കാലയളവിലെ ചെലവ് 6.26 ലക്ഷം കോടി രൂപയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് മൂലം കേന്ദ്ര സർക്കാരിന്‍റെ മൂലധന നിക്ഷേപത്തിലുണ്ടായ ഇടിവാണ് ചെലവ് കുറയാൻ കാരണം.

മൂന്നാം തവണയും അധികാരം നിലനിറുത്താൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തിൽ കുറവുണ്ടായതിനാൽ അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ജനപ്രിയ നടപടികൾ ഏറെയുണ്ടാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. അതിനാൽ ധന കമ്മി ലക്ഷ്യം സർക്കാർ ഉയർത്തിയേക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

സർക്കാരിന്‍റെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് ധന കമ്മി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.54 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 5.6 ശതമാനമായാണ് ഇക്കാലയളവിൽ ധന കമ്മി കുറഞ്ഞത്. വരുമാനം ഉയർത്തിയും ചെലവുകൾ നിയന്ത്രിച്ചുമാണ് മുൻവർഷത്തെ ധന കമ്മി 17.86 ലക്ഷം കോടി രൂപയിൽ നിന്ന് ഗണ്യമായി കുറച്ചത്.

Trending

No stories found.

Latest News

No stories found.