പലിശ കുറയാന്‍ അരങ്ങൊരുങ്ങുന്നു

നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന തലത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങുകയാണ്
The stage is set for a cut in interest rates

പലിശ കുറയാന്‍ അരങ്ങൊരുങ്ങുന്നു

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള ചലനങ്ങളും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും കണക്കിലെടുത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുഖ്യ പലിശ നിരക്ക് ഒരു ശതമാനം വരെ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ചില്ലറ, മൊത്ത വില സൂചികയിലധിഷ്ഠിതമായ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന തലത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങുകയാണ്. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അടക്കമുള്ള പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പുവര്‍ഷം രണ്ട് തവണയിലധികം പലിശ കുറയ്ക്കുമെന്ന് സൂചന നല്‍കിയിരുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും അര ശതമാനം കുറവായിരിക്കുമെന്ന് വിലയിരുത്തുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴുന്നതാണ് റിസര്‍വ് ബാങ്കിന് ഏറെ ആശ്വാസം പകരുന്നത്. അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര യുദ്ധ ഭീഷണി ശക്തമായതോടെ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതും വിലക്കയറ്റത്തിന് ശമനമുണ്ടാക്കി.

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നയസമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍ ഫെബ്രുവരി ഒന്നിന് നടന്ന കഴിഞ്ഞ ധന നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ മുഖ്യ പലിശ നിരക്ക് കുറഞ്ഞത്.

ഏപ്രില്‍ ആദ്യ വാരം നടക്കുന്ന ധനനയ അവലോകന യോഗത്തിലും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോയില്‍ കാല്‍ ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍ (ജിഡിപി) ശരാശരി 8.5% വളര്‍ച്ചയുണ്ടാകണം. എന്നാല്‍ ആഗോള, ആഭ്യന്തര വിപണിയിലെ തളര്‍ച്ച മൂലം നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തിലും താഴെയെത്തുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍ വ്യാവസായിക ഉത്പാദനത്തിന് ഉണര്‍വ് നല്‍കുന്നതിന് പലിശ നിരക്ക് ഇനിയും ഏറെ താഴണമെന്നാണ് ധനമന്ത്രാലയത്തിന്‍റെയും വ്യവസായ സംഘടനകളുടെ നിലപാട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com