ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ദുബായില്‍

ഓട്ടൊമോട്ടീവ് രംഗത്ത് ദുബായിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം
world's largest car market in dubai
car market dubai

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ഇനി "ദുബായ് കാര്‍ മാര്‍ക്കറ്റ്' എന്ന പേരിലാകും അറിയപ്പെടുക. ദുബായ് ഗവണ്‍മെന്‍റും എമിറേറ്റ്സിലെ പ്രമുഖ ആഗോള കമ്പനിയായ ഡിപി വേള്‍ഡും പുതിയ ബൃഹത് പദ്ധതിക്ക് കരാര്‍ ഒപ്പുവച്ചു. ഓട്ടൊമോട്ടീവ് രംഗത്ത് ദുബായിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളുമാകും.

ദുബായ് കാര്‍ മാര്‍ക്കറ്റിന്‍റെ വിസ്തൃതി രണ്ട് കോടി ചതുരശ്രയടിയാകും. നിലവില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഫ്രീ ഇക്കണോമിക് സോണില്‍ 28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഓട്ടൊമോട്ടീവ് ഏരിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് രണ്ട് കോടി ചതുരശ്രയടിയിലേക്ക് വിപുലീകരിക്കുന്നത്. നിലവില്‍ ഏഴു കോടി ദിര്‍ഹമാണ് ഈ മേഖലയുടെ വിപണി മൂല്യം. പുതിയ പദ്ധതി വരുന്നതോടെ ഇത് മൂന്നു മടങ്ങായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കാര്‍ മാര്‍ക്കറ്റ്, ദുബായ് സര്‍ക്കാരിന്‍റെ ഇക്കണോമിക് അജണ്ടയായ ഡി-33ന്‍റെ ഭാഗമാകും. ലോകോത്തര കാറുകളുടെ നിർമാണം, വില്‍പ്പന, സര്‍വീസ്, കാര്‍ ഫിനാന്‍സ്, ഓട്ടൊമോട്ടീവ് ഉത്പന്നങ്ങളുടെ വില്‍പ്പന തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക.

ലോക നിലവാരത്തിലുള്ള ഓട്ടൊ എക്സ്പോയും ഇവിടെ നടക്കും. ഈ രംഗത്തെ പുത്തന്‍ ട്രെൻഡുകളെ പരിചയപ്പെടാനുള്ള വേദിയാകും.

നിയന്ത്രണം ഡിപി വേള്‍ഡിന്

കാര്‍ മാര്‍ക്കറ്റിന്‍റെ നടത്തിപ്പ് ചുമതല ഡിപി വേള്‍ഡിനാണ്. 86 രാജ്യങ്ങളിലായി അവര്‍ക്ക് 430 ബിസിനസ് യൂണിറ്റുകളുണ്ട്. ഇവയെ ബന്ധിപ്പിച്ചായിരിക്കും ദുബായ് കാര്‍ മാര്‍ക്കറ്റിനെ വിപുലീകരിക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കമ്പനിയുടെ കീഴിലുള്ള 77 തുറമുഖങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തും.

ലക്ഷ്യമിടുന്നത് നിക്ഷേപം

ഓട്ടൊമോട്ടീവ് രംഗത്ത് വിദേശ നിക്ഷപം കൂടുതല്‍ ആകര്‍ഷിക്കാനാണ് ഇതുവഴി ദുബായ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രമുഖ കാര്‍ നിർമാതാക്കള്‍, സേവന ദാതാക്കള്‍, ഫിനാന്‍സ് കമ്പനികള്‍, ഇവന്‍റ് കമ്പനികള്‍ തുടങ്ങിയവര്‍ നിക്ഷേപവുമായ എത്തുമെന്നാണ് പ്രതീക്ഷ. ഫ്രീ ഇക്കണോമിക് സോണില്‍ നിക്ഷേപകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

Trending

No stories found.

Latest News

No stories found.