
#ബിസിനസ് ലേഖകൻ
കൊച്ചി: വിപണിയിൽ പണ ദൗർലഭ്യം രൂക്ഷമായതോടെ ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാൽ വായ്പകളുടെ പലിശ കുറയ്ക്കാൻ സമ്മർദമേറുന്നു. സാമ്പത്തിക വളർച്ചയെ ബലികഴിച്ച് നാണയപ്പെരുപ്പ നിയന്ത്രണത്തിന് പ്രാധാന്യം നൽകുന്ന ധന നയം ദീർഘകാലത്തേക്ക് വെല്ലുവിളിയാകുമെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം നടന്ന ധന അവലോകന നയത്തിൽ മുഖ്യ നിരക്കായ റിപ്പോ കാൽ ശതമാനം വർധിപ്പിച്ച തീരുമാനം അനാവശ്യമായിരുന്നുവെന്ന് റിസർവ് ബാങ്കിന്റെ നയരൂപീകരണ കമ്മിറ്റിയിലെ അംഗമായ ജയന്ത് വർമ പറയുന്നു. വായ്പാ നിരക്ക് വർധന നടപടികൾ മരവിപ്പിച്ച് കൂടുതൽ വളർച്ച നേടാനാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
കഴിഞ്ഞ 10 മാസക്കാലയളവിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകല ഉത്പന്നങ്ങളുടെയും വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി മുഖ്യ പലിശ നിരക്ക് ഉയർത്തിയതാണ് വിപണിയിൽ പണലഭ്യത കുത്തനെ കുറയ്ക്കുന്നത്. ഈ വർഷം മേയ് മാസത്തിനു ശേഷം റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 2.5 ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ബിസിനസ് വായ്പകൾക്ക് ഉൾപ്പെടെ പലിശ നിരക്ക് മൂന്നര ശതമാനത്തിലധികമാണ് കൂടിയത്.
വായ്പകളുടെ പലിശ കുത്തനെ കൂടിയതോടെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളും വ്യവസായ ഗ്രൂപ്പുകളും ബിസിനസ് വിപുലീകരണത്തിന് പുതിയ നിക്ഷേപം നടത്താൻ തയാറാകുന്നില്ല. ഇതോടൊപ്പം വിദേശ ഫണ്ട് ഒഴുക്ക് കുറഞ്ഞതും പണ ഞെരുക്കം വർധിപ്പിക്കുകയാണ്.
കഴിഞ്ഞ ഒരു മാസമായി കേരള വിപണിയിലും മാന്ദ്യ സമാന സാഹചര്യമാണെന്ന് വ്യാപാര സമൂഹം പറയുന്നു. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം വ്യാപാരത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടെന്നും അവർ പറയുന്നു. ക്രിസ്മസ്, പുതുവത്സര കാലയളവിലെ മികച്ച കച്ചവടത്തിനു ശേഷം വിപണി പതിയെ സ്ലോ ഡൗണിലേക്ക് നീങ്ങുകയാണ്. ജ്വല്ലറി, ടെക്സ്റ്റൈൽസ്, എഫ്എംസിജി, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിലെല്ലാം വിൽപ്പന മന്ദഗതിയിലാണെന്ന് വ്യാപാരികൾ കൂട്ടിച്ചേർത്തു. പണലഭ്യത കുറഞ്ഞതോടെ ഉപഭോക്താക്കൾ കടുത്ത ചെലവ് നിയന്ത്രണത്തിലേക്ക് നീങ്ങിയെന്നാണ് വിപണിയിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ മാന്ദ്യമാണെന്ന വാർത്തകൾ മൂലം ഇവിടെയും കമ്പനികളും സാധാരണ ഉപഭോക്താക്കളും മുൻകരുതല്ലെന്ന നിലയിൽ ഉപഭോഗം ഗണ്യമായി കുറച്ചിട്ടുണ്ട്.
പച്ചക്കറി, പലവൃഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ ഉപഭോഗവും ഗണ്യമായി കുറഞ്ഞെങ്കിലും സപ്ലൈ കാര്യമായി മെച്ചപ്പെടാത്തതിനാൽ വില ഇപ്പോഴും ഉയർന്ന തലത്തിലാണ്. രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ക്രൂഡോയിൽ വില ഇപ്പോഴും ഉയർന്നു നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ പണലഭ്യത നിയന്ത്രിക്കാൻ സർക്കാരും റിസർവ് ബാങ്കും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്.