
തിരുവനന്തപുരം: സംസ്ഥാനത്തു വിനോദസഞ്ചാരം വഴിയുള്ള വരുമാനത്തിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ വർഷം 35168.42 കോടി രൂപയാണു വരുമാനമായി ലഭിക്കുന്നത്. 2021 ൽ ഇത് 12285.91 കോടി രൂപയും 2020 ൽ 11335.96 കോടി രൂപയുമായിരുന്നു.
സംസ്ഥാനത്ത് ഈ വർഷം ആറ് മാസത്തിനിടെ 1.06 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 88.95 ലക്ഷം ആയിരുന്നു കേരളത്തിലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം. ഇതു പ്രകാരം ഈ വർഷം 20.1 ശതമാനം അധികം ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തി. ഒപ്പം ആദ്യ ആറ് മാസത്തിനിടെ 2.87 ലക്ഷം വിദേശ വിനോദസഞ്ചാരികളും കേരളത്തിലെത്തിയിട്ടുണ്ട്.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 171.55 ശതമാനം വർധന രേഖപ്പെടുത്തിയെന്നും കെ. ബാബു, തോട്ടത്തിൽ രവീന്ദ്രൻ, എം.എസ് അരുൺകുമാർ, എം. മുകേഷ് എന്നിവരെ മന്ത്രി അറിയിച്ചു.