വ്യാപാര കമ്മി താഴ്ന്നു

നവംബറില്‍ വ്യാപാര കമ്മി 3,280 കോടി ഡോളറായിരുന്നു.
trade deficit shrinks
വ്യാപാര കമ്മി താഴ്ന്നു
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: കയറ്റുമതി മെച്ചപ്പെട്ടതും ഇറക്കുമതിയില്‍ പ്രതീക്ഷിച്ച വർധനയുണ്ടാകാതിരുന്നതും ഇന്ത്യയുടെ വ്യാപാര കമ്മി ഡിസംബറില്‍ 2,194 കോടി ഡോളറായി കുറച്ചു. ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഡിസംബറില്‍ 3,800 കോടി ഡോളറും ഇറക്കുമതി 5,995 കോടി ഡോളറുമാണ്. നവംബറില്‍ വ്യാപാര കമ്മി 3,280 കോടി ഡോളറായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കയറ്റുമതി 3839 കോടി ഡോളറായിരുന്നു. കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 4.8% വർധനയുണ്ടായി. ഇതോടെയാണ് ഇറക്കുമതിയും കയറ്റുമതിയുമായുള്ള വിടവായ വ്യാപാര കമ്മി ചുരുങ്ങിയതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

നവംബറിലെ സ്വര്‍ണ ഇറക്കുമതി കണക്കുകളില്‍ പിഴവുണ്ടായെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യഥാർഥത്തിലുള്ളതിലും 500 കോടി ഡോളര്‍ സ്വര്‍ണ ഇറക്കുമതി കണക്കില്‍ അധികമായി ചേര്‍ത്തതാണ് വിനയായത്. കണക്ക് തിരുത്തിയതോടെ നവംബറിലെ സ്വര്‍ണ ഇറക്കുമതി 1480 കോടി ഡോളറില്‍ നിന്നും 980 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചിരുന്നു.

ജനുവരി 20ന് അമെരിക്കയുടെ പുതിയ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാടുകള്‍ ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന ഇറക്കുമതി തീരുവയുള്ള രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയെ തീരുവ രാജാവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിനാല്‍ ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്കും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമെരിക്കയിലുണ്ടാകുന്ന പ്രതികൂല സാഹചര്യം വ്യാപാര കമ്മി കുതിച്ചുയരാന്‍ കാരണമായേക്കും.

ഇതിനിടെ ആഗോള വിപണിയിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ ദുര്‍ബലമായതോടെ രൂപ ശക്തമായി തിരിച്ചുകയറിയത് ഏറെ ആശ്വാസം പകരുന്നുണ്ട്. ഇന്നലെ ഡോളറിനെതിരേ രൂപ 28 പൈസയുടെ നേട്ടവുമായി 86.36ലെത്തി. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ മത്സരക്ഷമത വർധിപ്പിക്കുമെങ്കിലും ഇറക്കുമതി ചെലവ് കൂടാന്‍ ഇടയാക്കും. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിനു ശേഷം രൂപയുടെ മൂല്യത്തില്‍ മൂന്ന് ശതമാനം ഇടിവാണുണ്ടായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com