
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: നിയമവിരുദ്ധ വഴി വാണിഭം പൂർണമായും തടയണമെന്നും, നഗരത്തിലെ തെരുവുകളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരിൽ അർഹരായവർക്ക് തെരുവല്ലാതെ ഉചിതമായ സ്ഥലം കണ്ടെത്തി പുനരധിവാസം ഉറപ്പാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.
തെരുവ് കൈയറിയുള്ള കച്ചവടം നിയമവിരുദ്ധമാണ്. എന്നാൽ, മറ്റു ജീവിതമാർഗമില്ലാത്തവർ സംരക്ഷിക്കപ്പെടണം. തട്ടുകടകളുടെ മറവിൽ വൻ മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. ടെക്നോപാർക്കിലെ ജീവനക്കാർ, സർക്കാർ ജോലിയിൽ നിന്നു വിരമിച്ചവർ, വലിയ ശമ്പളമുള്ള ജോലി രാജിവച്ചവർ തുടങ്ങി, നഗരത്തിലെ നക്ഷത്ര ഹോട്ടലുടമയായ വ്യാപാരി സംഘടനാ നേതാവിന്‍റേതടക്കം അയ്യായിരത്തിലധികം വഴിവാണിഭങ്ങളാണ് തിരുവനന്തപുരം നഗരത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുണിത്തരങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, ഫാൻസി ഉത്പന്നങ്ങൾ, മൊബൈൽ ഫോൺ ആക്സസറീസ്, സുഗന്ധദ്രവ്യങ്ങൾ, ഫർണിച്ചർ തുടങ്ങി വ്യാപാരത്തിലെ സമസ്ത മേഖലകളിലും വഴിവാണിഭ മാഫിയ സജീവമായിക്കഴിഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം രൂപയിലധികം വരുമാനമുള്ള വഴി വാണിഭ തട്ടുകടകൾ തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 100 കിലോഗ്രാം ബീഫിന്‍റെയും 200 കിലോ ചിക്കന്‍റെയും വിഭവങ്ങൾ വിൽക്കുന്ന നൂറിലധികം തട്ടുകടകൾ നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല സാധാരണ ഹോട്ടലുകളിലും ഇതിന്‍റെ പത്തിലൊന്ന് വിൽക്കാൻ കഴിയില്ല. 20 ശതമാനത്തിലധികം ഹോട്ടലുകളാണ് പ്രതിവർഷം പൂട്ടിപ്പോകുന്നത്.
മൊബൈൽ ഫോൺ ആക്സസറീസ്, ഫാൻസി ഉൽപ്പന്നങ്ങൾ തുണിത്തരങ്ങൾ തുടങ്ങിയവ ജിഎസ്‌ടി വെട്ടിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്ന് പല വീടുകളെയും രഹസ്യ ഗോഡൗണുകളാക്കി അവിടെ സൂക്ഷിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് തെരുവുകളിൽ ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്.
കൃത്യമായി ജിഎസ്‌ടി അടച്ച് സാധനങ്ങൾ വാങ്ങി, വലിയ വാടകയ്ക്കെടുത്ത കടമുറിയിൽ വച്ച്, നോൺ ഡൊമസ്റ്റിക് നിരക്കിൽ കറന്‍റും വെള്ളവുമെടുത്ത്, കെ.സ്മാർട്ടിലെ സകല നിബന്ധനകളും പാലിച്ച് ലൈസൻസ് കരസ്ഥമാക്കി, കച്ചവടവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരിക്ക് വ്യാപാരവുമായി മുന്നോട്ടു പോകാൻ കഴിയാത്ത കഴിയാത്ത അവസ്ഥ സംജാതമാകുന്നു.
തട്ടുകൾ മേലാദായത്തിന് എടുത്താണ് 90% പേരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പിന്നിലും ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അർഹതയുള്ളവരെ കണ്ടെത്തി, കേരളത്തിലെ വ്യാപാര ലൈസൻസ് ചട്ടങ്ങൾ പാലിച്ചുകൊണ്ട്, നിയമ വിധേയമായി വ്യാപാരം ചെയ്യുവാൻ അർഹരായവർക്ക് സൗകര്യമൊരുക്കണമെന്നും, നീക്കം ചെയ്യപ്പെട്ട തട്ടുകടകൾ തിരികെ നിരത്തുകളിൽ പുനസ്ഥാപിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് അസീം മുഈനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. മാടസ്വാമിപിള്ള, ട്രഷറർ അസീം മീഡിയ തുടങ്ങിയവർ സംസാരിച്ചു.