
മുംബൈ: ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി ഇന്ത്യൻ വ്യാപാരത്തിനും രാജ്യത്തെമ്പാടുമുള്ള വ്യാപാരികൾക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുന്നതായിരിക്കുമെന്നും, ഉച്ചകോടിയിലെ തീരുമാനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) സെക്രട്ടറി ജനറൽ പ്രവീൺ ഖൺഡേൽവാൾ.
സാമ്പത്തിക നയത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയിലും നികുതി പരിഷ്കരണത്തിലും നിർണായകമായ തീരുമാനങ്ങളാണു പ്രതീക്ഷിക്കുന്നതെന്നും, ആഗോള തലത്തിൽ തന്നെ ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് അതു മുതൽക്കൂട്ടാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയിൽ എടുക്കുന്ന തീരുമാനങ്ങൾ പഠിക്കുന്നതിനും രാജ്യമെമ്പാടുമുള്ള വ്യാപാരി സമൂഹത്തെ അതിന്‍റെ വിശദാംശങ്ങൾ ധരിപ്പിക്കുന്നതിനുമായി ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർതിയയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ ബ്രിജ്മോഹൻ അഗർവാൾ, സുഭാഷ് അഗർവാൾ, അമർ പർവാനി, ധൈര്യശീൽ പാട്ടീൽ, സുമിത് അഗർവാൾ, പ്രകാശ് ബൈദ്, എസ്.എസ്. മനോജ്, പങ്കജ് അറോറ, ശങ്കർ താക്കർ എന്നിവർ അംഗങ്ങളാണെന്ന് ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് അറിയിച്ചു.