ട്രംപിനു തടയാനാവാതെ ഇന്ത്യയുടെ വളർച്ച

2025-26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിലെ (ജിഡിപി) വളർച്ച 8.2 ശതമാനം
ട്രംപിനു തടയാനാവാതെ ഇന്ത്യയുടെ വളർച്ച | Trump can't stop India GDP growth

രണ്ടാം പാദത്തിൽ ഇന്ത്യക്ക് ജിഡിപി വളർച്ച.

freepik.com

Updated on

മുംബൈ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫിനും ഇന്ത്യയുടെ വളര്‍ച്ച തടയാനായില്ല. 2025-26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിലെ (ജിഡിപി) വളർച്ച 8.2 ശതമാനം. 48.63 ലക്ഷം കോടി രൂപയുടേതാണ് ജിഡിപി മൂല്യം. കഴിഞ്ഞ ആറ് പാദത്തിനിടെയുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ വളര്‍ച്ച 7.8% ആയിരുന്നു. നികുതി ഇളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികളാണ് വളര്‍ച്ചയ്ക്ക് സഹായകരമായി തീര്‍ന്നത്.

ഒരു വര്‍ഷം മുമ്പ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.6% ആയിരുന്നു. അന്ന് ജിഡിപി മൂല്യം 44.94 ലക്ഷം കോടി രൂപയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതീക്ഷിച്ച വളര്‍ച്ച ഏഴു ശതമാനമായിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ പ്രവചനങ്ങള്‍ക്കും വളരെ മുകളിലാണ് ഇന്ത്യ നേടിയ വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഓഗസ്റ്റിലായിരുന്നു യുഎസ് പ്രസിഡന്‍റ് ഇന്ത്യന്‍ കയറ്റുമതിക്ക് അധിക തീരുവ ഈടാക്കി തുടങ്ങിയത്. യുഎസ് താരിഫുകളുടെ സമ്മർദം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടും അതിനെ മറികടന്നാണ് ഇപ്പോഴത്തെ വളര്‍ച്ച.

മാനുഫാക്ചറിങ്, കണ്‍സ്ട്രക്ഷന്‍, സര്‍വീസ് സെക്റ്റര്‍ തുടങ്ങിയ മേഖലകളാണു വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു. മാനുഫാക്ചറിങ് മേഖല 9.1%, നിര്‍മാണ മേഖല 7.2% വളര്‍ച്ചയും നേടി. സേവന മേഖലയാണു മികച്ച പ്രകടനം കാഴ്ചവച്ചത്. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ 10.2 ശതമാനം വളര്‍ച്ച നേടി.

ചുമത്തിയത് 50% തീരുവ

കഴിഞ്ഞ ഓഗസ്റ്റ് 27 മുതലാണ് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തി തുടങ്ങിയത്. തീരുവയുടെ സമ്മർദം ഇന്ത്യയ്ക്ക് മേലുണ്ടെങ്കിലും ഇന്നും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നു. അമെരിക്ക ഇന്ത്യയ്ക്കു മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ ഈ വര്‍ഷം ഇതുവരെയായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏകദേശം 16 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണു പിന്‍വലിച്ചത്.

logo
Metro Vaartha
www.metrovaartha.com