ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു, പകരം അരി കച്ചവടം; വർഷം 25 ലക്ഷം രൂപ വരുമാനം

ഇടനിലക്കാരെ ഒഴിവാക്കി സ്ഥിരമായ വിതരണ ശൃംഖല സൃഷ്ടിച്ചതാണ് ബിസിനസിന്‍റെ വിജയത്തിന് കാരണമായതെന്നാണ് അവകാശവാദം
Earns ₹25 lakh annually from the rice business.

അരി കച്ചവടത്തിലൂടെ നേടുന്നത് പ്രതിവർഷം 25 ലക്ഷം രൂപ

Updated on

സുരക്ഷിതമായ ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസിലേക്ക് ഇറങ്ങുന്നത് വലിയ റിസ്കാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നൽകിയ ജോലി ഓഫർ നിരസിച്ച് അരി വിതരണ ബിസിനസ് ആരംഭിച്ച യുവാവിന്‍റെ വിജയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വർഷത്തിൽ ഏകദേശം 25 ലക്ഷം രൂപ വരുമാനം നേടുന്നുവെന്നാണ് വൈറലായ എക്‌സ് പോസ്റ്റിലെ അവകാശവാദം.

എക്‌സിലെ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് തന്‍റെ സുഹൃത്തിന്‍റെ കഥ പങ്കുവച്ചത്. ക്യാമ്പസ് പ്ലേസ്‌മെന്‍റിലൂടെ ടിസിഎസിൽ ജോലി ലഭിച്ചിരുന്നെങ്കിലും അത് സ്വീകരിക്കാതെ സംരംഭകത്വത്തിലേക്ക് തിരിയുകയായിരുന്നു സുഹൃത്ത്. അന്നത്തെ തീരുമാനത്തെ പലരും ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായാണ് വിശേഷിപ്പിച്ചതെന്നും പാണ്ഡെ പറയുന്നു. എന്നാൽ പിന്നീട് സ്വന്തം അരി ബ്രാൻഡ് രൂപീകരിച്ച് വിജയകരമായ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് പോസ്റ്റിൽ പറയുന്നത്.

പാണ്ഡെയുടെ വിശദീകരണമനുസരിച്ച്, വിവിധ ഗ്രാമങ്ങളിലെയും സംസ്ഥാനങ്ങളിലെയും കർഷകരിൽ നിന്ന് നേരിട്ട് അരി വാങ്ങുകയാണ് സംരംഭകൻ ചെയ്യുന്നത്. തുടർന്ന് അരി ശുചീകരിച്ച് സ്വന്തം ബ്രാൻഡിൽ പായ്ക്ക് ചെയ്ത് ഏകദേശം 200 റീട്ടെയിൽ കടകളിലേക്ക് വിതരണം ചെയ്യുന്നു. ഇടനിലക്കാരെ ഒഴിവാക്കി സ്ഥിരമായ വിതരണ ശൃംഖല സൃഷ്ടിച്ചതാണ് ബിസിനസിന്‍റെ വിജയത്തിന് കാരണമായതെന്നാണ് അവകാശവാദം.

ബിസിനസ് മാതൃകയും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഒരു കിലോഗ്രാം അരി 35 രൂപയ്ക്കാണ് കർഷകരിൽ നിന്ന് വാങ്ങുന്നത്. പാക്കേജിങ്ങിന് മൂന്ന് രൂപയും ഗതാഗതത്തിന് രണ്ട് രൂപയും ചേർന്ന് മൊത്തം ചെലവ് 40 രൂപയാകുന്നു. ഇത് റീട്ടെയിൽ വ്യാപാരികൾക്ക് 50 രൂപയ്ക്ക് നൽകുന്നു. തുടർന്ന് കടകൾ 55 മുതൽ 57 രൂപ വരെ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുന്നു. ഇതുവഴി ഓരോ കിലോഗ്രാമിലും ഏകദേശം 10 രൂപ ലാഭം ലഭിക്കുന്നുവെന്നാണ് പോസ്റ്റിലെ കണക്ക്. പ്രതിമാസം ഏകദേശം 200 ക്വിന്‍റൽ, അതായത് 20,000 കിലോഗ്രാം അരിയാണ് ഇപ്പോൾ ഈ സംരംഭം വിതരണം ചെയ്യുന്നതെന്നും അതിന്‍റെ അടിസ്ഥാനത്തിൽ വാർഷിക വരുമാനം ഏകദേശം 25 ലക്ഷം രൂപയാണെന്നും പാണ്ഡെ അവകാശപ്പെടുന്നു.

സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിയൊരുക്കി. വലിയ റിസ്ക് എടുത്താൽ ഉയർന്ന നേട്ടം ലഭിക്കുമെന്നാണ് ചിലർ അഭിപ്രായപ്പെട്ടു. സ്വന്തമായി വിതരണ ശൃംഖല സൃഷ്ടിക്കുന്ന സംരംഭകർക്ക് പലപ്പോഴും സാധാരണ കോർപ്പറേറ്റ് ജോലിയേക്കാൾ മികച്ച വരുമാനം നേടാനാകുമെന്ന വിലയിരുത്തലും ഉയർന്നു. അതേസമയം, വെയർഹൗസ് ചെലവ് ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ കണക്കിലെടുത്തിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതിന് മറുപടിയായി വെയർഹൗസ് സ്വന്തമായതിനാൽ വാടകച്ചെലവില്ലെന്നാണ് പോസ്റ്റ് പങ്കുവെച്ച അങ്കിത് പാണ്ഡെ വിശദീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com