
സിയാൽ മാനെജിങ് ഡയറക്റ്റർ എസ്. സുഹാസ് ഐഎഎസ്, എമിറേറ്റ്സ് സ്കൈ കാർഗോ മാനെജർ അമീർ അൽ സറൂനി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ
file photo
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻ കേന്ദ്രം തുറന്ന് എമിറേറ്റ്സ് സ്കൈ കാർഗോ. കൊച്ചിയിൽ നിന്നുള്ള അന്താരാഷ്ട്ര ചരക്കു നീക്കത്തിന് ഇത് സഹായകമാകും. മധ്യേഷ്യയിലേയ്ക്കും യൂറോപ്പിലേക്കുമുള്ള ചരക്ക് നീക്കം കൂടുതൽ സുഗമമാക്കുന്നതിനും എമിറേറ്റ്സ് സ്കൈ കാർഗോയുടെ ഓപ്പറേഷൻസ് കേന്ദ്രം കൊച്ചിയിലുള്ളത് സഹായിക്കും. കൊച്ചിയെ ഒരു കാർഗോ ഹബ്ബാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓപ്പറേഷൻസ് കേന്ദ്രം ഇവിടെ തുറന്നിരിക്കുന്നത്.
ഇതോടൊപ്പം അന്താരാഷ്ട്ര കൊറിയർ സർവീസുകൾ, കൂടുതൽ ഫ്രൈറ്റ് ഫോർവേർഡ്സ് എന്നിവ പ്രവർത്തനം തുടങ്ങാനും പദ്ധതിയുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വസ്ത്ര കയറ്റുമതിയുടെ ഒരു കേന്ദ്രമായി സിയാലിനെ മാറ്റുന്നതു സംബന്ധിച്ച് സിയാലും എമിറേറ്റ്സ് സ്കൈ കാർഗോയും ചർച്ച ചെയ്തു. ചരക്ക് -വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കുക, കാർഗോയുടെ അളവ് വർധിപ്പിക്കുക, മേഖലയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ‘ഈ സഹകരണത്തിന്‍റെ ലക്ഷ്യം.
സിയാൽ മാനെജിങ് ഡയറക്റ്റർ എസ്. സുഹാസ് ഐഎഎസ്, എമിറേറ്റ്സ് സ്കൈ കാർഗോ മാനെജർ അമീർ അൽ സറൂനി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. എമിറേറ്റ്സ് സ്കൈ കാർഗോ ഓപ്പറേഷൻസ് ലീഡ് ഹസൻ അബ്ദുള്ള, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ, കൊമേർഷ്യൽ വിഭാഗം മേധാവി മനോജ്.പി. ജോസഫ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷനർ ഇ. വികാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.