വിപണിയിൽ നിന്ന് നിക്ഷേപകർ പിന്നോട്ട്

യുഎസ് ബോണ്ട് മൂല്യ വർധനയിൽ നിക്ഷേപക പിൻമാറ്റം
Indian rupees vs US dollars, representative image
Indian rupees vs US dollars, representative imageImage by Freepik

ബിസിനസ് ലേഖകൻ

കൊച്ചി: അമെരിക്കയില്‍ കടപ്പത്രങ്ങളുടെ മൂല്യം ഉയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതും കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറാന്‍ തുടങ്ങി. അമെരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ മുഖ്യ പലിശ നിരക്കുകള്‍ ഉടനടി കുറയാന്‍ ഇടയില്ലെന്ന് ഫെഡറല്‍ റിസര്‍വ് മേധാവികള്‍ വ്യക്തമാക്കിയതോടെയാണ് യുഎസ് ബോണ്ടുകളുടെ മൂല്യം ഉയര്‍ന്നത്. ഇതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ജനുവരിയില്‍ ഇതുവരെ 13,000 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്.

ഡിസംബറില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 66,100 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയിരുന്നു. ഒക്റ്റോബര്‍, നവംബര്‍ മാസങ്ങളിലും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം കഴിഞ്ഞവാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച സൃഷ്ടിച്ചു. ഇന്ത്യന്‍ കമ്പനികളുടെ ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ കാര്യമായ ആവേശം പകരുന്നതല്ലെന്നാണ് വന്‍കിട നിക്ഷേപകര്‍ വിലയിരുത്തുന്നത്.

ഇന്ത്യന്‍ കമ്പനികളുടെ ഓഹരി വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ഇപ്പോഴത്തെ വിലയില്‍ നിക്ഷേപം നടത്തുന്നത്‌ ബുദ്ധിപരമല്ലെന്നും അവര്‍ വിലയിരുത്തുന്നു. തായ്‌വാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളിലെ ഓഹരി വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിക്കുകയാണ്.

ഇന്ത്യന്‍ ഓഹരികള്‍ വിപണിയിലെ ട്രെന്‍ഡ് കണക്കിലെടുത്താല്‍ ലാഭമെടുപ്പ് തുടരാനാണ് സാധ്യതയെന്നാണ് പ്രവചനം. ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ പലിശ വരുമാനത്തില്‍ പ്രതീക്ഷിച്ച വർ‍ധനയുണ്ടാകാത്തതാണ് പൊടുന്നനെ വിപണിയില്‍ വിൽപ്പന സമ്മർദം ശക്തമാക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്. അതേസമയം ഇന്ത്യന്‍ കടപ്പത്ര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്.

അതേസമയം ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ പണമൊഴുക്കുന്നുണ്ട്. ജനുവരിയില്‍ ഇതുവരെ 15,647 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങള്‍ കടപ്പത്രങ്ങളില്‍ മുടക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com