യുഎസിലും യൂറോപ്പിലും മാന്ദ്യം; ഇന്ത്യയിൽനിന്നുള്ള കയറ്റുമതി കുറയും

ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 30 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്
View from a port terminal, representative image for exports.
View from a port terminal, representative image for exports.

ബിസിനസ് ലേഖകൻ

കൊച്ചി: ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളായ അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം തീവ്രമായതോടെ രാജ്യത്തെ കയറ്റുമതി മേഖലയില്‍ അനിശ്ചിതത്വം ശക്തമാകുന്നു. ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 30 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

ഐടി, മാനുഫാക്ച്ചറിങ്, മറ്റു സേവന മേഖലകള്‍, സ്വര്‍ണ, വജ്രാഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ കനത്ത തളര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമായത്. ലോകമൊട്ടാകെ നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതോടെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് മാനം മുട്ടെ ഉയര്‍ത്തിയതാണ് വികസിത വിപണികളെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിയിടുന്നത്.

ഇതോടെ ചെറുകിട ഉപയോക്താക്കള്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നതാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വിനയാകുന്നത്. സംസ്ഥാനത്തെ കയര്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ഐടി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലും പ്രതിസന്ധി കടുക്കുകയാണ്.

സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി 2.6 ശതമാനം ഇടിഞ്ഞ് 3447 കോടി ഡോളറായിരുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസത്തിനിടയില്‍ ഇന്ത്യയുടെ കയറ്റുമതി 8.2 ശതമാനമാണ് ഇടിവ് നേരിട്ടത്. ഇതോടൊപ്പം ഇറക്കുമതിയും കാര്യമായി കുറഞ്ഞതിനാല്‍ രാജ്യത്തെ വ്യാപാര കമ്മി നിയന്ത്രണ വിധേയമായി തുടരുന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ആശ്വാസം പകരുന്നത്.

ആഭ്യന്തര ഉപഭോഗത്തിലുണ്ടായ മികച്ച വളര്‍ച്ച കാരണം കയറ്റുമതി മേഖലയിലെ ഇടിവ് രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിപണിയിലെ പണലഭ്യത ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ ആഭ്യന്തര വിപണി കഴിഞ്ഞ ആറു മാസമായി മികച്ച വളര്‍ച്ചയാണ് നേരിടുന്നത്.

ഇലക്‌ട്രോണിക്സ്, ഹെവി എന്‍ജിനീയറിങ്, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഉത്പാദനം എന്നിവ മുതല്‍ ഹരിത ഇന്ധന, വാഹന മേഖലകളില്‍ വരെ ഇന്ത്യന്‍ കമ്പനികള്‍ മത്സരക്ഷമത ആര്‍ജിച്ച് അതിവേഗം വിപണി വികസിപ്പിക്കുകയാണ്. ഇതിനാല്‍ ഇറക്കുമതി ആശ്രയത്വം സ്ഥിരതയോടെ താഴുകയാണെന്ന് വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com