

വീണ്ടും ഇന്ത്യയ്ക്കെതിരെ യുഎസ് തീരുവ ഭീഷണി
symbolic
വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താന്‍ യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസിന്‍റെ നിർദേശം. നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മിച്ച ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പുതിയ നീക്കം.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച യുഎസ്ടിആറിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാൽ, പുതിയ താരിഫുകള്‍ ഉടനടി പ്രാബല്യത്തില്‍ വരില്ല. അവ പൊതുജനങ്ങളുടെ അഭിപ്രായത്തിനും അവലോകനത്തിനും വിധേയമായതിനു ശേഷമായിരിക്കും നടപ്പിലാക്കുക.
യുഎസ്ടിആര്‍ പ്രകാരം ഇന്ത്യ, ചൈന, ജപ്പാന്‍, ബ്രസീല്‍, ഓസ്ട്രേലിയ, യുകെ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 60 വ്യാപാര പങ്കാളികള്‍ നിര്‍ബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പറയുന്നത്. അതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തണമെന്നും നിര്‍ദേശിച്ചു.
ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള 54 രാജ്യങ്ങള്‍ക്കാണ് 12.5% തീരുവ. എന്നാല്‍ പൂര്‍ണമായോ, ഭാഗികമായോ ചട്ടങ്ങള്‍ പാലിച്ച കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍, യുകെ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 10% തീരുവ ചുമത്തിയാല്‍ മതിയെന്നാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്.