
ബിസിനസ് ലേഖകൻ
കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം ഇന്ത്യയില്‍ കുതിച്ചുയരുന്നു. കൊവിഡ് രോഗ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞ് സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയതോടെ ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി വർധിപ്പിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ വ്യാപാരം മികച്ച വളര്‍ച്ച നേടിയതും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടിയതും മൂലം ക്രെഡിറ്റ് കാര്‍ഡ് വ്യാപാരം ജനുവരിയില്‍ 29.4 ശതമാനം ഉയര്‍ന്ന് 1.87 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ പത്ത് മാസത്തിനിടെ ക്രെഡിറ്റ് കാര്‍ഡ് ഔട്ട് സ്റ്റാന്‍ഡിങ് ശരാശരി 20 ശതമാനം വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ രേഖപ്പെടുത്തിയ 30.6 ശതമാനം വളര്‍ച്ചയാണ് നിലവിലെ റെക്കോഡ്.
യൂട്ടിലിറ്റി ബില്‍ മുതല്‍ ആശുപത്രി ചെലവുകളും യാത്രാ ബില്ലുകളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വരെയുള്ള പേയ്മെന്റുകള്‍ക്ക് ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ട്രെന്‍ഡാണ് കാണുന്നതെന്ന് എസ്ബിഐ കാര്‍ഡിന്റെ മാനെജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ രാമ മോഹന്‍ അമോറ പറഞ്ഞു.
ജനുവരി മാസം വരെയുള്ള കണക്കുകളനുസരിച്ച് വിവിധ ബാങ്കുകള്‍ സംയുക്തമായി 8.25 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്.
എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയാണ് രാജ്യത്ത് ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്തിട്ടുള്ളത്. ധനകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ ബിസിനസ്, മോര്‍ട്ട്ഗേജ് വായ്പകളേക്കാള്‍ കൂടുതല്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് ആശ്രയിക്കുന്നതെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.
രാജ്യത്തെ സംഘടിത റീട്ടെയ്ല്‍ മേഖല മികച്ച വളര്‍ച്ച നേടുന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഗണ്യമായി കൂടുന്നതിന് ഊര്‍ജം പകരുന്നുവെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ വലിയ തോതില്‍ ഇടപാട് നടത്തുന്നതിനിടയിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍ വർധനയാണ് ദൃശ്യമാകുന്നത്. സിസ്റ്റമാറ്റിക്കായി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് 40 ദിവസം വരെ പലിശയൊന്നും നല്‍കാതെ വ്യാപാരം നടത്താനുള്ള അവസരമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.