

ബസുമതി അരി
FILE PHOTO
റീന വർഗീസ് കണ്ണിമല
ഹൈദരാബാദിൽ 1200 കോടിയുടെ പദ്ധതിയും കൊണ്ടു വരുന്നു എന്നു പറയുന്നതിനിടയ്ക്കു തന്നെയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമെരിക്കയിലേയ്ക്കുള്ള ഇന്ത്യൻ അരി കയറ്റുമതിയ്ക്കെതിരെ വീണ്ടും താരിഫ് യുദ്ധവുമായി ഇറങ്ങിയിരിക്കുന്നത്. സത്യത്തിൽ ഈ താരിഫ് ആരെയാണ് ബാധിക്കുക? എത്രത്തോളം ഇത് ഇന്ത്യയെ ബാധിക്കും എന്ന് അന്വേഷിക്കുമ്പോഴാണ് ട്രംപിന്‍റെ ഈ അരി താരിഫ് യുദ്ധം കേവലം ഉള്ളിത്തൊലി പൊളിച്ചതു പോലെ മാത്രമാണ് എന്നു മനസിലാകുക.
ട്രംപിന്‍റെ താരിഫ് വർധനവിനു മുമ്പു തന്നെ ഇന്ത്യൻ അരിക്ക് യുഎസ് വിപണിയിൽ പത്തു ശതമാനം താരിഫ് നേരിടേണ്ടതുണ്ടായിരുന്നു. ആ സ്ഥാനത്ത് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതോടെ അത് 40 ശതമാനമായി വർധിച്ചു. അമെരിക്കയിലേയ്ക്കുള്ള ഇന്ത്യൻ അരി കയറ്റുമതിയുടെ മൂല്യം ഏതാണ്ട് 390 മില്യൺ ഡോളറാണ്. അതായത് ഏതാണ്ട് 3510 കോടി രൂപ!
ഇത്രയൊക്കെയാണെങ്കിലും ഇന്ത്യൻ അരി കയറ്റുമതിയിൽ താരിഫ് വർധന കൊണ്ടു വലിയ തടസമൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യൻ അരി കയറ്റുമതിക്കാർ പറയുന്നത്.
കാരണം, ചെലവ് വർധനവിന്‍റെ ഭൂരിഭാഗവും ഉയർന്ന ചില്ലറ വിൽപന വിലകളിലൂടെ ഉപഭോക്താക്കളിലേയ്ക്ക് തിരിച്ചൊഴുകി. ഫലത്തിൽ ട്രംപിന്‍റെ താരിഫ് യുദ്ധം ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെയായി എന്നു സാരം. അതേസമയം ഇന്ത്യയിലാകട്ടെ കയറ്റുമതിയിൽ കുറവൊന്നും ഉണ്ടാകാത്തതു കൊണ്ട് ഇവിടുത്തെ നെൽ കർഷകർക്കും കയറ്റുമതിക്കാർക്കും സ്ഥിരമായ വരുമാനം നിലനിർത്താനായി. ഇത് ഐആർഇഫ് ഡാറ്റയിലെ വസ്തുതകളാണ്.
2024-2025 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ 337.10 മില്യൺ ഡോളറിന്‍റെ ബസുമതി അരിയാണ് കയറ്റുമതി ചെയ്തത്. ആകെ 274,213.14 മെട്രിക് ടൺ ആണ് ഇത്. ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷന്‍റെ (IREF) ഡാറ്റ പ്രകാരം ഇന്ത്യൻ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. വീണ്ടു വിചാരമില്ലാത്ത ട്രംപിന്‍റെ ഇന്ത്യൻ അരി താരിഫുമായി അദ്ദേഹം മുന്നോട്ടു പോയാൽ ബസുമതി അരിയുടെ അമെരിക്കൻ ഉപഭോക്താക്കളാകും വരാനിരിക്കുന്ന പുതിയ അരി താരിഫുകളുടെ ഭാരം വഹിക്കേണ്ടി വരിക എന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഈ കാലയളവിൽ തന്നെ ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത് 54.64 മില്യൺ ഡോളർ വിലമതിക്കുന്ന ബസുമതി ഇതര അരിയാണ്. ഇതാകട്ടെ 61,341.54 മില്യൺ ടൺ ആണ്. ഇത് യുഎസിനെ ബസുമതി അരിയുടെ 24ാമത്തെ വലിയ വിപണിയാക്കി. വിയറ്റ്നാമും തായ് ലൻഡും അമെരിക്കയിലേക്ക് ബസുമതി ഇതര അരി മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളു എന്നതാണ് ഇതിനു കാരണം. ട്രംപ് പ്രഖ്യാപിച്ച അധിക താരിഫ് ബസുമതി ഇതര അരിക്കു മാത്രമാണോ അതോ ബസുമതി അരിക്കും ബാധകമാകുമോ എന്ന് ഇതു വരെ വ്യക്തമായിട്ടില്ല. യുഎസിലേയ്ക്കുള്ള ബസുമതി അരി കയറ്റുമതി ബസുമതി ഇതര അരി കയറ്റുമതിയേക്കാൾ അഞ്ചിരട്ടിയാണ് ഇന്ത്യയിൽ.
അതു കൊണ്ടു തന്നെ ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിയിൽ യുഎസ് താരിഫുകൾ ചെലുത്തുന്നതിന്‍റെ ആഘാതം അമെരിക്കൻ ഉപഭോക്താക്കൾക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് ഐആർഇഎഫിന്‍റെ നിരീക്ഷണം. ഇത് ഉപഭോക്തൃ കൊട്ടയിലെ ഉൽപന്നത്തിന്‍റെ അവശ്യ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
അമെരിക്ക ഇന്ത്യൻ അരിയുടെ ഒരു പ്രധാന വിപണിയാണെങ്കിലും ഇന്ത്യൻ അരി കയറ്റുമതി ആഗോള വിപണികളിൽ ഉടനീളം വൈവിധ്യ പൂർണമാണ്. റീട്ടെയിൽ വിപണികളിൽ നിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് താരിഫ് ഭാരത്തിന്‍റെ ഭൂരിഭാഗവും യുഎസ് ഉപഭോക്താക്കൾക്ക് കൈമാറിയെന്നാണ് എന്ന് ഫെഡറേഷൻ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.