നാണ്യപ്പെരുപ്പ യുദ്ധം വിജയത്തിലേക്ക്

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് സെപ്റ്റംബര്‍ മുതല്‍ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണ്യപ്പെരുപ്പം ഏറെ കുറയാന്‍ സാധ്യതയേറെയാണ്.
Representative image
Representative image

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യ നാണ്യപ്പെരുപ്പ യുദ്ധത്തില്‍ മികച്ച വിജയം നേടുന്നു. വിപണിയില്‍ പണ ലഭ്യത ഉയര്‍ന്നു നില്‍ക്കുമ്പോഴും കടുത്ത നടപടികളിലേക്ക് കടക്കാതെ ഉത്പന്ന ലഭ്യത വർധിപ്പിച്ച തന്ത്രങ്ങളാണ് വിജയം നേടിയത്.

കാലാവസ്ഥാ വ്യതിയാനവും ഉപഭോഗത്തിലെ കുതിപ്പും കാരണം അസാധാരണമായി ഉയര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഓഗസ്റ്റില്‍ ഗണ്യമായി താഴ്ന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഏറെ ആശ്വാസം പകരുന്നത്. ഗാര്‍ഹിക, വാണിജ്യ പാചക വാതക വിലയിലുണ്ടായ കുറവും നാണയപ്പെരുപ്പ സമ്മർദം കുറച്ചു. പച്ചക്കറി വില ഗണ്യമായി കുറഞ്ഞതോടെ ചില്ലറ വില സൂചികയില്‍ അധിഷ്ഠിതമായ നാണയപ്പെരുപ്പം ഓഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞു. ജൂലൈയിലിത് 7.44 ശതമാനമായിരുന്നു.

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കഴിഞ്ഞ ഒരു വര്‍ഷമായി സ്വീകരിച്ച നടപടികള്‍ ഗുണകരമായെന്നാണ് ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളറിന് അടുത്ത് നിലനില്‍ക്കുമ്പോഴും ആഭ്യന്തര ഇന്ധന വില കാര്യമായി വർധിക്കാതിരുന്നതും വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉയര്‍ന്നതുമാണ് വില നിയന്ത്രിക്കാന്‍ സഹായിച്ചത്. ഇതോടൊപ്പം ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും അനുകൂല സാഹചര്യം സൃഷ്ടിച്ചു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് സെപ്റ്റംബര്‍ മുതല്‍ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഏറെ കുറയാന്‍ സാധ്യതയേറെയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ ഭീഷണി ഒഴിവാകുന്നതും വ്യവസായ മേഖലയിലെ അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് പലിശ വർധന നടപടികള്‍ മരവിപ്പിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com