
യുദ്ധ ഭൂമിയിലെ പ്രകമ്പനം ഓഹരി ഇന്‍ഡക്സുകളില്‍ വിള്ളലുളവാക്കി. രാജ്യാന്തര ഫണ്ടുകള്‍ ഓഹരികളിലെ ബാധ്യതകള്‍ പണമാക്കാന്‍ മത്സരിച്ചത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പിന്നിട്ടവാരം രണ്ടര ശതമാനം ഇടിവിന് കാരണമായി. ബോംബെ സെന്‍സെക്സ് 1614 പോയിന്‍റും നിഫ്റ്റി സൂചിക 495 പോയിന്‍റും താഴ്ന്നു. നവംബര്‍ 12നാണ് ദീപാവലി മുഹൂര്‍ത്ത വ്യാപാരം. ഈ അവസരത്തില്‍ സൂചികയില്‍ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ട്. മുഹൂര്‍ത്ത വ്യാപാരം ഒരു മണിക്കൂറായിരിക്കും. 2021ലും 2022ലും വിപണി നേട്ടത്തില്‍ മുഹൂര്‍ത്ത വ്യാപാരം അവസാനിപ്പിച്ചത് ഇക്കുറി നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം സമ്മാനിക്കും.
വിദേശ ഫണ്ടുകള്‍ ഈ മാസം ഇതിനകം 26,598 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകള്‍ ഈ അവസരത്തില്‍ 23,437 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറായി. പോയ വാരം ആഭ്യന്തര ഫണ്ടുകള്‍ 10,553 കോടി രൂപ നിക്ഷേപിച്ചു. വിദേശഫണ്ടുകള്‍ 13,440 കോടി രൂപയുടെ വില്‍പ്പന നടത്തി.
സെന്‍സെക്സ് 65,424ല്‍ നിന്നും 63,092 പോയിന്‍റ് വരെ ഇടിഞ്ഞു. വാരാന്ത്യം സെന്‍സെക്സ് 63,782 പോയിന്‍റിലാണ്. വാരത്തിന്‍റെ ആദ്യപകുതിയില്‍ 65,522-65,648 പോയിന്‍റില്‍ പ്രതിരോധ മേഖല രൂപപ്പെടാം. പുതിയ വാങ്ങലുകാര്‍ അകന്നുനിന്നാല്‍ സൂചിക 65,289-65,182ലേക്ക് തിരുത്തലിന് ശ്രമം നടത്തും. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക്ക് എസ്എആര്‍, സൂപ്പര്‍ ട്രെൻഡ് എന്നിവ സെല്ലിങ് മൂഡിലാണ്. എംഎസിഡി ദുര്‍ബലാവസ്ഥയില്‍ നീങ്ങുന്നതും ഫണ്ടുകള്‍ കനത്ത ബയ്യിങ്ങിന് നീക്കം അകറ്റാം.
നിഫ്റ്റിക്ക് നേരിട്ട തിരിച്ചടി ഇടപാടുകാരെ സമ്മര്‍ദത്തിലാക്കി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷന്‍സില്‍ ഒക്റ്റോബര്‍ സീരീസ് സെറ്റില്‍മെന്‍റ് വ്യാഴാഴ്ച്ച നടന്നു. മുന്‍വാരം 117 ലക്ഷം കരാറായിരുന്ന ഓപ്പണ്‍ ഇന്‍ററസ്റ്റ് ഒരവസരത്തില്‍ 160 ലക്ഷത്തിലേക്ക് കുതിച്ചശേഷം ക്ലോസിങ്ങില്‍ 116.6 ലക്ഷമായി. അതിശക്തമായ ചാഞ്ചാട്ടമാണ് ഈ അവസരത്തില്‍ സൂചികയില്‍ ദൃശ്യമായത്.
മുന്‍വാരം നിഫ്റ്റിക്ക് 19,550ന് മുകളില്‍ ഇടംപിടിക്കാനാവാഞ്ഞത് ദുര്‍ബലാവസ്ഥയ്ക്ക് ഇടയാക്കുമെന്ന് സൂചന നല്‍കിയതാണ്. നിഫ്റ്റി 19,542ല്‍ നിന്നും തകര്‍ന്ന് ഒരവസരത്തില്‍ 18,849 പോയിന്‍റിലേക്ക് ഇടിഞ്ഞു. ഏതാണ്ട് 700 പോയിന്‍റിന് അടുത്ത നിഫ്റ്റി ചാഞ്ചാടി. വിജയദശമി കാരണം ചൊവാഴ്ച്ച വിപണി അവധിയായിരുന്നു. സൂചികയിലെ തകര്‍ച്ചയ്ക്ക് ഇടയില്‍ വിപണി സാങ്കേതിമായി ഓവര്‍ സോള്‍ഡ് മേഖലയിലേക്ക് നീങ്ങിയത് കണ്ട് ഊഹക്കച്ചവടക്കാര്‍ ഷോട്ട് കവറിങ്ങിനിറങ്ങിയത് വാരാന്ത്യത്തിലെ കുതിപ്പിന് വഴിതെളിച്ചു.
ഇതിനിടയില്‍ പുതിയ ബയ്യിങ്ങിന് ഓപ്പറേറ്റര്‍മാര്‍ മത്സരിച്ചത് വെള്ളിയാഴ്ച്ച നിഫ്റ്റിയെ 190 പോയിന്‍റ് ഉയര്‍ത്തി 19,047 പോയിന്‍റിലാക്കി. ഈ വാരം 19,258ലെ പ്രതിരോധം മറികടന്നാല്‍ സൂചിക 19,353നെ ലക്ഷ്യമാക്കും. ഡെയ്‌ലി ചാര്‍ട്ട് വിലയിരുത്തിയാല്‍ 19,443-19,840ല്‍ തടസവും 18,749ല്‍ ആദ്യതാങ്ങുമുണ്ട്. ഇന്‍ഡിക്കേറ്റുകള്‍ പലതും ഓവര്‍ സോള്‍ഡായതിനാല്‍ മുന്നേറ്റ സാധ്യതകള്‍ക്ക് അവസരം ഒരുക്കാമെങ്കിലും വന്‍കുതിപ്പിന് കാത്തിരിക്കണം.
ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 3.4 ശതമാനവും മിഡ് ക്യാപ് സൂചിക 2.4 ശതമാനവും ലാര്‍ജ് ക്യാപ് സൂചിക 2.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക 5.3 ശതമാനം, മെറ്റല്‍ ഇന്‍ഡക്സ് നാല് ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി സൂചികകള്‍ മൂന്ന് ശതമാനം കുറഞ്ഞു.
മുന്‍നിര ഓഹരിയായ ടിസിഎസ് നാല് ശതമാനം ഇടിവ് നേരിട്ടു. ആര്‍ഐഎല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എയര്‍ടെല്‍, ടാറ്റാ മോട്ടേഴ്സ്, മാരുതി, എംആൻഡ്എം, സണ്‍ ഫാര്‍മ, എല്‍ ആൻഡ് ടി എന്നിവയ്ക്ക് തളര്‍ച്ചയാണ്. ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക് എന്നിവ മികവ് കാണിച്ചു.
ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ഔണ്‍സിന് 1980 ഡോളറില്‍ നിന്നും 2000 ഡോളറിലെ നിര്‍ണായക പ്രതിരോധം തകര്‍ത്ത് 2009 ഡോളര്‍ വരെ കുതിച്ചശേഷം 2006ലാണ്.