
കെ.ബി. ഉദയഭാനു
ദീപാവലിക്കു മുന്നോടിയായ വെടിക്കെട്ടിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ഓഹരി ഇന്‍ഡക്സുകള്‍. ഒരു ശതമാനം പ്രതിവാര നേട്ടം കൈവരിച്ച ആവേശത്തിലാവും ഇന്ന് ഇടപാടുകള്‍ക്കു തുടക്കം കുറിക്കുക. പിന്നിട്ട രണ്ടാഴ്ച്ചകളിലെ സാങ്കേതിക തിരുത്തലകള്‍ക്കിടയില്‍ താഴ്ന്ന തലങ്ങളില്‍ ഫണ്ടുകള്‍ പുതിയ നിക്ഷേപത്തിന് ഉത്സാഹിച്ചതും തിരിച്ചു വരവിനു വേഗം പകരാം. പിന്നിട്ട വാരം നിഫ്റ്റി സൂചിക 183 പോയിന്‍റും ബോംബെ സെന്‍സെക്സ് 580 പോയിന്‍റും ഉയര്‍ന്നു.
വിപണി ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിനു തയാറെടുക്കുകയാണ്. അടുത്ത തിങ്കളാഴ്ച്ചയാണ് സംവത് 2080 പുതു വര്‍ഷാരംഭം. ഈ അവസരത്തിലാണ് ദീപാവലി മുഹൂര്‍ത്തക്കച്ചവടം. പതിമൂന്നാം തിയതി നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഒരു മണിക്കൂര്‍ മാത്രം നീളുന്നതിനാല്‍ ഇടപാടുകളുടെ വ്യാപ്തി കുറവായിരിക്കും. 2021 ലും 22 ലും മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചിക കാണിച്ച മികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. രാജ്യത്തെ ഓഹരി ബ്രോക്കര്‍മാരില്‍ എറിയപങ്കും ഗുജറാത്തികളാണ്, ഹിന്ദു വര്‍ഷത്തിന്‍റെ ആദ്യ ദിനത്തിലെ വ്യാപാരത്തിന് അവര്‍ പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു.
സെന്‍സെക്സ് തുടക്കത്തില്‍ 63,782 ല്‍ നിന്നും 63,450 പോയിന്‍റിലേയ്ക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചു വരവില്‍ 64,535 ലേയ്ക്ക് മുന്നേറിയെങ്കിലും വ്യാപാരാന്ത്യം വിപണി 64,363 ലാണ്. ഈ വാരം സെന്‍സെക്സ് 63,697 ലെ താങ്ങ് നിലനിര്‍ത്തി ആദ്യ പ്രതിരോധമായ 64,782 നെ ലക്ഷ്യമാക്കി നീങ്ങും, ഈ തടസം ഭേദിച്ചാല്‍ 65,201 ലേയ്ക്ക് ചുവടുവെക്കാം.
നിഫ്റ്റി 19,047 ല്‍ നിന്നും വാരത്തിന്‍റെ ആദ്യ പകുതിയില്‍ 18,973 ലേയ്ക്ക് തളര്‍ന്നു, എന്നാല്‍ അതിന് ശേഷമുള്ള തിരിച്ചു വരവില്‍ 19,276 പോയിന്‍റ് വരെ മുന്നേറി, ഇതിനിടയില്‍ ഓപ്പറേറ്റര്‍മാരുടെ ലാഭമെടുപ്പില്‍ സൂചിക അല്‍പ്പം തളര്‍ന്ന് വ്യാപാരാന്ത്യം 19,230 പോയിന്‍റിലാണ്. നിഫ്റ്റി 19,473 നെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും ആ റേഞ്ചിലേയ്ക്ക് ഉയരും മുന്നേ കടമ്പകള്‍ പലത് പിന്നിടേണ്ടതായി വരും. വിപണിക്ക് മുന്നില്‍ 19,258 ലും 19,350 റേഞ്ചിലും പ്രതിരോധം തല ഉയര്‍ത്താം. ദീപാവലി വേളയില്‍ വിപണി 19,400 ന് മുകളില്‍ ഇടം പിടിക്കാന്‍ ശ്രമം നടത്താം. അതേ സമയം തിരുത്തലിന് നീക്കം നടന്നാല്‍ നിഫ്റ്റിക്ക് 19,050 റേഞ്ചില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. നിഫ്റ്റി ഫ്യൂച്ചറില്‍ ഓപ്പണ്‍ ഇന്‍ട്രസ്റ്റ് തൊട്ട് മുന്‍വാരത്തില്‍ 116.6 ലക്ഷം കരാറില്‍ നിന്നും 124.6 ലക്ഷമായി ഉയര്‍ന്നു.
നിഫ്റ്റി 50 സൂചികയിലെ 34 ഓഹരികള്‍ പിന്നിട്ടവാരം മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഒറ്റ ആഴ്ച്ചയില്‍ എട്ട് ശതമാനം നേട്ടത്തില്‍ ബിപിസിഎല്‍ തിളങ്ങി. അപ്പോളോ ഹോസ്പിറ്റല്‍, ടൈറ്റന്‍, ഹിന്‍ഡാല്‍കോ, അള്‍ട്രാടെക് സിമന്‍റ്, എസ്ബിഐയും മുന്നേറി. വില്‍പ്പന സമ്മര്‍ദ്ദത്തില്‍ എം ആന്‍റ് എം, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് തുടങ്ങിയവയ്ക്ക് തളര്‍ച്ച. വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ ഒമ്പതാം വാരവും ഇന്ത്യയില്‍ ഓഹരി വില്‍പ്പനക്കാരായി തുടരുന്നു. പിന്നിട്ടവാരം അവര്‍ 913 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റു. ഒക്റ്റോബറില്‍ 2.95 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്. സെപ്റ്റംബര്‍- ഒക്റ്റോബർ കാലയളവില്‍ ഏകദേശം 4.7 ബില്യണ്‍ ഡോളറിന്‍റെ ഓഹരികളും കൈവെടിഞ്ഞു.വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം മൊത്തം 5548 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തി. ആഭ്യന്തര ഫണ്ടുകള്‍ ഈ അവസരത്തില്‍ 5073 കോടിയുടെ വാങ്ങലുകള്‍ക്ക് തയാറായി.
വിനിമയ വിപണിയില്‍ രൂപ സമ്മര്‍ദ്ദത്തില്‍, ഡോളറിന് മുന്നില്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. 83.24 ല്‍ നിന്നും മൂല്യം 83.29 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങില്‍ പഴയ നിലവാരത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഇടപാടുകള്‍ക്ക് ശേഷം വിനിമയ നിരക്ക് 83.12 ലേയ്ക്ക് ശക്തിപ്രാപിച്ചു.രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തലത്തില്‍ നീങ്ങുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയും രൂപയില്‍ പിരിമുറുക്കം ഉളവാക്കാം. വിപണിയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ മൂല്യം 83.60 ലേയ്ക്ക് ഇടിയാന്‍ സാധ്യത. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2006 ഡോളറില്‍ നിന്നും 1974 ലേയ്ക്ക് താഴ്ന്ന ശേഷം ക്ലോസിങില്‍ 1992 ഡോളറിലാണ്.