പ്രതീക്ഷയോടെ നിക്ഷേപകർ

ബോംബെ സൂചിക 540 പോയിന്‍റും നിഫ്റ്റി 194 പോയിന്‍റും പ്രതിവാര മികവിലാണ്.
പ്രതീക്ഷയോടെ നിക്ഷേപകർ

പുതുവര്‍ഷമായ സംവത് 2080ല്‍ ഓഹരി സൂചികയ്ക്കൊപ്പം വ്യക്തിഗത ഓഹരി വിലകളും പുതിയ തലങ്ങളിലേക്ക് ചുവടുവെക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക നിക്ഷേപകര്‍. അവര്‍ക്ക് ആത്മവിശ്വാസം പകരും വിധം വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനതോത് കഴിഞ്ഞവാരം കുറച്ചതും മുന്‍നിര ഇന്‍ഡക്സുകള്‍ക്ക് ഉണര്‍ന്ന് സമ്മാനിച്ചു. ബോംബെ സൂചിക 540 പോയിന്‍റും നിഫ്റ്റി 194 പോയിന്‍റും പ്രതിവാര മികവിലാണ്.

ഹെവിവെയിറ്റ് ഓഹരിയായ എല്‍ ആൻഡ് ടി നാല് ശതമാനം മികവില്‍ 3022 രൂപയായി ഉയര്‍ന്നപ്പോള്‍ ആക്സിസ് ബാങ്ക് നാല് ശതമാനം നേട്ടത്തില്‍ 1028 രൂപയായി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക് തുടങ്ങിയവയും മികവിലാണ്. എം ആൻഡ് എം, മാരുതി, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എയര്‍ടെല്‍ തുടങ്ങിയവയിലും ഇടപാടുകാര്‍ താത്പര്യം കാണിച്ചു.

ബോംബെ സൂചിക കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഏകദേശം 1100 പോയിന്‍റ് വർധിച്ചു. 64,363 പോയിന്‍റില്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് 65,068 വരെ മുന്നേറിയതിനിടയില്‍ ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിലേക്ക് തിരിഞ്ഞതോടെ സൂചിക അല്‍പ്പം തളര്‍ന്ന് 64,904ല്‍ ക്ലോസിങ് നടന്നു. ഈ വാരം സെന്‍സെക്സിന് മുന്നില്‍ 65,113- 65,322ലും പ്രതിരോധം തല ഉയര്‍ത്താം. സൂചികയ്ക്ക് 64,650- 64,396 പോയിന്‍റില്‍ താങ്ങ് പ്രതീക്ഷിക്കാം.

തുടര്‍ച്ചയായ രണ്ടാം വാരം നിഫ്റ്റി സൂചിക മികവ് കാഴ്ച്ചവെച്ചു. 19,230ല്‍ ഇടപാടുകള്‍ ആരംഭിച്ച നിഫ്റ്റി 19,473 പോയിന്‍റ് ലക്ഷ്യമാക്കി രണ്ടാഴ്ച്ചയായി തുടരുന്ന ശ്രമം ഈ വാരം കൈപ്പിടിയില്‍ ഒതുങ്ങാനുള്ള സാധ്യതകള്‍ തെളിയുന്നു. മുന്‍വാരം സൂചിപ്പിച്ച 19,258-19,346ലെ പ്രതിരോധം വിപണി തകര്‍ത്ത് 19,463 വരെ മുന്നേറിയെങ്കിലും വ്യാപാരാന്ത്യം 19,425 പോയിന്‍റിലാണ്. ഈ വാരം നിഫ്റ്റി 19,484 കൈയിലൊതുക്കാനുള്ള ശ്രമം വിജയിച്ചാല്‍ വാരാവസാനം 19,543-19,683 റേഞ്ചില്‍ ഇടം പിടിക്കാം. നിഫ്റ്റിക്ക് 19,344-19,263ല്‍ താങ്ങുണ്ട്. നിഫ്റ്റി ഫ്യൂച്ചര്‍ ഓപ്പണ്‍ ഇന്‍ററസ്റ്റ് തൊട്ട് മുന്‍വാരത്തിലെ 124.6 ലക്ഷം കരാറുകളില്‍ നിന്നും 123.9 ലക്ഷം കരാറായി.

ആഭ്യന്തര ഫണ്ടുകള്‍ പിന്നിട്ടവാരം 4155 കോടിയുടെ വാങ്ങലുകള്‍ക്ക് തയാറായി. തൊട്ട് മുന്‍വാരത്തില്‍ അവര്‍ 5073 കോടി നിക്ഷേപിച്ചു. വിദേശഫണ്ടുകള്‍ വില്‍പ്പനത്തോത് അല്‍പ്പം കുറച്ചു. നവംബര്‍ ആദ്യവാരം 5548 കോടി രൂപയുടെ ഓഹരികള്‍ വിറ്റ അവര്‍ കഴിഞ്ഞവാരം വില്‍പ്പന 3105 കോടി രൂപയായി ചുരുക്കി. അതേസമയം നടപ്പുവര്‍ഷം അവര്‍ ഇതിനകം 90,165 കോടി രൂപയുടെ നിക്ഷേപം നടത്തി.

രൂപയ്ക്ക് റെക്കോഡ് മൂല്യത്തകര്‍ച്ച. രൂപ 83.24ല്‍ നിന്നു വാരാന്ത്യം 83.50ലേക്ക് ദുര്‍ബലമായി. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 83.29ലാണ്. മുന്‍വാരം സൂചിപ്പിച്ചതാണ് സാങ്കേതികമായി 83.60ലേക്ക് ഇടിയാന്‍ സാധ്യതയെന്നത്. എന്നാല്‍ കഴിഞ്ഞ വാരത്തിലെ തകര്‍ച്ച സാങ്കേതിക തകരാര്‍ മൂലമെന്ന നിലപാടിലാണ് കേന്ദ്രബാങ്ക്.

രാജ്യാന്തര മഞ്ഞലോഹ വിപണിയില്‍ ഇടപാടുകാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ട്രോയ് ഔണ്‍സിന് 1992 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം വാരാന്ത്യം 200 ദിവസങ്ങളിലെ ശരാശരിയായ 1932ലേക്ക് ഇടിഞ്ഞെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 1938 ഡോളറിലാണ്.

ബ്രെൻഡ് ക്രൂഡ് ഓയില്‍ അവധി നിരക്കുകള്‍ തളര്‍ച്ചയിലാണ്. 200 ദിവസങ്ങളിലെ ശരാശരി വിലയായ 92 ഡോളറില്‍ നിന്നും ഇതിനകം 80 ഡോളറിലേക്ക് എണ്ണ സാങ്കേതിക തിരുത്തല്‍ കാഴ്ച്ചവെച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com