വിപണികൾക്ക് ചാഞ്ചാട്ടം

മുന്‍നിര ഇന്‍ഡിക്കേറ്ററുകള്‍ പലതും ഓവര്‍ സോള്‍ഡായത് ബുള്‍ ഓപ്പറേറ്റര്‍മാരെ പുതിയ ബാധ്യതകള്‍ക്ക് പ്രേരിപ്പിക്കാം.
വിപണികൾക്ക്  ചാഞ്ചാട്ടം

യുഎസ് ഫെഡ് റിസര്‍വ് ഡോളറിന് കരുത്തുപകരാന്‍ നടത്തിയ നീക്കങ്ങള്‍ ഏഷ്യന്‍ ഓഹരി വിപണികളില്‍ ചാഞ്ചാട്ടവും യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് കരുത്തും സമ്മാനിച്ചു. അതേസമയം വാരാന്ത്യം അമെരിക്കയില്‍ നാസ്ഡാക്കിന് മാത്രം മികവ് നിലനിര്‍ത്താനായുള്ളൂ. ഡൗജോണ്‍സ്, എസ് ആൻഡ് പി ഇന്‍ഡക്സുകള്‍ തളര്‍ച്ചയിലാണ്. ഇന്ത്യയിലേക്ക് തിരിഞ്ഞാല്‍ ബോംബെ സെന്‍സെക്സ് 188 പോയിന്‍റും നിഫ്റ്റി സൂചിക 73 പോയിന്‍റും പ്രതിവാര നേട്ടം കൈവരിച്ചു. ഈ വാരം നിഫ്റ്റി മാര്‍ച്ച് ഫ്യൂച്ചര്‍ സെറ്റില്‍മെന്‍റാണ്. അതേസമയം ഹോളി പ്രമാണിച്ചും ദു:ഖവെള്ളിയും മൂലം രണ്ട് ദിവസങ്ങള്‍ വിപണി അവധിയായതിനാല്‍ ഇടപാടുകള്‍ മൂന്ന് ദിവസങ്ങളില്‍ ഒതുങ്ങും. വ്യാഴാഴ്ചയാണ് മാര്‍ച്ച് സീരിസ് സെറ്റില്‍മെന്‍റ്. സൂചികയില്‍ ശക്തമായ ചാഞ്ചാട്ട സാധ്യതകള്‍ നിലനില്‍ക്കാം.

വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് തൊട്ട് മുന്‍വാരവുമായി കാര്യമായി മാറ്റമില്ലെന്നത് ഒരു വിഭാഗം ഓപ്പറേറ്ററര്‍മാരെ ഏപ്രില്‍ സീരീസിലേക്ക് റോള്‍ ഓവറിന് പ്രേരിപ്പിക്കാം. മാര്‍ച്ച് നിഫ്റ്റി വാരാന്ത്യം 22,155ലും ഏപ്രില്‍ 22,335ലുമാണ്. നിഫ്റ്റി സൂചിക 22,120 പോയിന്‍റില്‍ നിന്നും വാരമധ്യം 21,710ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവില്‍ 22,180ലേക്ക് ഉയര്‍ന്നെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ നിഫ്റ്റി 22,096 പോയിന്‍റിലാണ്. മുന്‍നിര ഇന്‍ഡിക്കേറ്ററുകള്‍ പലതും ഓവര്‍ സോള്‍ഡായത് ബുള്‍ ഓപ്പറേറ്റര്‍മാരെ പുതിയ ബാധ്യതകള്‍ക്ക് പ്രേരിപ്പിക്കാം.

ബോംബെ സൂചിക 72,643 പോയിന്‍റില്‍ നിന്നും ഒരവസരത്തില്‍ 71,696ലേക്ക് സാങ്കേതിക തിരുത്തല്‍ കാഴ്ച്ചവച്ചെങ്കിലും പിന്നീട് സൂചിക 73,345ലേക്ക് തിരിച്ചുവരവ് നടത്തി. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സെന്‍സെക്സ് 72,831 പോയിന്‍റിലാണ്. ഈ വാരം വിപണി മുന്നേറ്റത്തിന് ശ്രമിച്ചാല്‍ 73,400ലും 73,970 പോയിന്‍റിലും വിപണിക്ക് പ്രതിരോധം നിലനില്‍ക്കുന്നു. വില്‍പ്പന സമ്മർദം അനുഭവപ്പെട്ടാല്‍ 71,980-71,130 റേഞ്ചില്‍ താങ്ങുണ്ട്.

മുന്‍നിര ഓഹരിയായ മാരുതി സുസുക്കിയുടെ നിരക്ക് ഏഴ് ശതമാനം ഉയര്‍ന്നു, ടാറ്റ സ്റ്റീലും ഏഴ് ശതമാനം മികവ് കാണിച്ചു. എം ആൻഡ് എം, സണ്‍ ഫാര്‍മ, ആര്‍ഐഎല്‍, എല്‍ ആൻഡ് ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി ഓഹരി വിലകള്‍ ഉയര്‍ന്നപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‌യുഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു.

ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 19,351 കോടി രൂപയുടെ നിക്ഷേപം ഓഹരിയില്‍ നടത്തി. ഇതോടെ മാര്‍ച്ചിലെ അവരുടെ മൊത്തം നിക്ഷേപം 47,398 കോടി രൂപയായി ഉയര്‍ന്നു, 2022 മേയ് മാസത്തിനു ശേഷം ഇത്ര ഉയര്‍ന്ന നിക്ഷേപത്തിന് ആഭ്യന്തര ഫണ്ടുകള്‍ തയ്യാറാവുന്നത് ആദ്യമായാണ്. വിദേശഫണ്ടുകള്‍ പോയവാരം 9787 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

യുഎസ് ഡോളറിന് മുന്നില്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച. വാരത്തിന്‍റെ ആദ്യപകുതിയില്‍ 82.89 റേഞ്ചില്‍ നീങ്ങിയ രൂപയ്ക്ക് വാരാന്ത്യദിനം തിരിച്ചടി നേരിട്ടു. വെള്ളിയാഴ്ച ഇടപാടുകളുടെ അവസാന മണികൂറുകള്‍ വരെ മുന്‍വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ച 83.09ലെ പ്രതിരോധം നിലനിര്‍ത്തിയെങ്കിലും വ്യാപാരാന്ത്യം 83.42ലാണ്. ഒരവസരത്തില്‍ രൂപ 83.69ലേക്ക് ദുര്‍ബലമായി. തൊട്ടു മുന്‍വാരത്തെ അപേക്ഷിച്ച് രൂപയ്ക്ക് 54 പൈസയുടെ ഇടിവുണ്ട്. മാസാരംഭത്തില്‍ രൂപ 82.66 വരെ മികവ് കാണിച്ചിരുന്നു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്. എണ്ണ വില ബാരലിന് 84.83 ഡോളര്‍ വരെ കയറി.

രാജ്യാന്തര സ്വര്‍ണ വിപണിയില്‍ റെക്കോഡ് മുന്നേറ്റത്തിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2155 ഡോളറില്‍ നിന്നും 2222 ഡോളര്‍ വരെ ഉയര്‍ന്നു. ഡോളര്‍ സൂചികയിലെ ഉണര്‍വ് കണ്ട് ഊഹക്കച്ചവടക്കാര്‍ ഷോട്ട് കവറിങ്ങിന് കാണിച്ച തിടുക്കമാണ് കുതിപ്പിന് ഇടയാക്കിയത്.

വ്യാഴാഴ്ചത്തെ റെക്കോഡ് പ്രകടനത്തിന് ശേഷം പുതിയ ബയ്യര്‍മാരുടെ അഭാവത്തെ തുടർന്ന് സ്വര്‍ണ വില വീണ്ടും പഴയ നിലവാരത്തിലേക്ക് താഴ്ന്നു. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 2165 ഡോളറിലാണ്. ഡെയ്‌ലി ചാര്‍ട്ടില്‍ ബുള്ളിഷ് ട്രെൻഡ് നിലനിര്‍ത്തുന്നതിനാല്‍ കൂടുതല്‍ മികവിന് ശ്രമം തുടരാം.

Trending

No stories found.

Latest News

No stories found.