

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍
ടെഹ്‌റാന്‍: ഇറാന്‍റെ കറന്‍സിയായ ഇറാനിയന്‍ റിയാല്‍ യുഎസ് ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തി. ഇതേ തുടര്‍ന്നു തലസ്ഥാനമായ ടെഹ്‌റാന്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധവുമായി ആയിരങ്ങള്‍ രംഗത്തുവന്നു. ഇതിനിടെ ഇറാന്‍റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാര്‍സിന്‍ രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്. 2022ലാണ് ഫാര്‍സിന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റത്.
യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ മൂല്യം 42,000 ഡോളറില്‍ കൂടുതലായിട്ടാണ് താഴ്ന്നത്. പണപ്പെരുപ്പം 42% ത്തിലധികമായി ഉയരുകയും ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധത്തെയാണ് ഇപ്പോള്‍ നേരിടുന്നത്.
ഇറാനിലെ പ്രതിഷേധങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള സൗദി സ്ട്രീറ്റ്, ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് ബസാറിനടുത്തുള്ള ഷുഷ് പ്രദേശം എന്നിവ ഉള്‍പ്പെടെയുള്ള ടെഹ്‌റാനിലെ വാണിജ്യ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷേഷ്‌കിയാന്‍ ചൊവ്വാഴ്ച പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ നിയമാനുസൃതം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചയിലൂടെ കേള്‍ക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴി സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ ആഘാതമാണ് പ്രതിഷേധങ്ങള്‍ക്കു കാരണമായത്. ഇതിനു പുറമെ പ്രാദേശിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.