റിസർവ് ബാങ്കിന് പുതിയ ഗവർണർ; ഇനിയെങ്കിലും പലിശ കുറയുമോ?

ഫെബ്രുവരിയില്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്‍റെ അടുത്ത ധന നയ രൂപീകരണ യോഗത്തില്‍ വായ്പ പലിശയില്‍ കാല്‍ ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Sanjay Malhotra
സഞ്ജയ് മൽഹോത്ര
Updated on

കൊച്ചി: നാണയപ്പെരുപ്പം നേരിയ തോതില്‍ താഴ്ന്നതോടെ മുഖ്യ പലിശ നിരക്ക് കുറയ്ക്കാന്‍ അനുകൂല സാഹചര്യമൊരുങ്ങിയെന്ന് ധനകാര്യ വിദഗ്ധര്‍. ഫെബ്രുവരിയില്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്‍റെ അടുത്ത ധന നയ രൂപീകരണ യോഗത്തില്‍ വായ്പ പലിശയില്‍ കാല്‍ ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്ര ആദ്യ ധന നയത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുമെന്ന് വിലയിരുത്തുന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്‍റെ തീവ്രത കുറഞ്ഞതോടെ നവംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.48 ശതമാനമായി താഴ്ന്നു. ഒക്റ്റോബറില്‍ നാണയപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന തലമായ 6.21 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സൂചിക മുന്‍മാസത്തെ 10.9 ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനത്തിലേക്ക് താഴ്ന്നു.

അതേസമയം, ഉപഭോക്തൃ വില സൂചിക തുടര്‍ച്ചയായ മൂന്നാം മാസമാണ് അഞ്ച് ശതമാനത്തിന് മുകളിലെത്തിയത്. ഗ്രാമീണ മേഖലയിലെ വില സൂചിക 5.95 ശതമാനവും നഗരങ്ങളില്‍ 4.83 ശതമാനവുമാണ്. 2022 ഏപ്രിലില്‍ നാണയപ്പെരുപ്പം 7.79 ശതമാനമായി ഉയര്‍ന്നതോടെയാണ് റിസര്‍വ് ബാങ്ക് ആറ് തവണയായി മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വര്‍ധിപ്പിച്ചത്.

ഒക്റ്റോബറില്‍ ഇന്ത്യയുടെ വ്യവാസായിക ഉത്പാദനവും 3.5 ശതമാനമായി മെച്ചപ്പെട്ടു. ഉത്സവകാലത്തിന് മുന്നോടിയായി കമ്പനികള്‍ ഉത്പാദനം ഉയര്‍ത്തിയതാണ് അനുകൂലമായത്. മാനുഫാക്ചറിങ് രംഗത്ത് 4.1 ശതമാനവും വൈദ്യുതി മേഖലയില്‍ രണ്ട് ശതമാനവും ഉത്പാദന വർധനയുണ്ടായി. ഖനന രംഗത്ത് 0.9 ശതമാനവും ഉണര്‍വുണ്ടായി. ഏപ്രില്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള കാലയളവില്‍ വ്യവസായ ഉത്പാദനത്തിലെ വർധന നാല് ശതമാനമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com