പ്രൗഢഗംഭീരമായി 'വുമൺ ഇൻ ബിസിനസ് കോൺക്ലേവ് 2023'

വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ അനുഭവങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്തു
പ്രൗഢഗംഭീരമായി 'വുമൺ ഇൻ ബിസിനസ് കോൺക്ലേവ് 2023'
Updated on

തൃശൂർ: സംരംഭകർ, നേതൃനിരയിലുള്ളവർ, കോർപ്പറേറ്റ് ജീവനക്കാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീ പ്രാതിനിധ്യത്തെ ഒരുമിപ്പിച്ച് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വുമൺ ഇൻ ബിസിനസ് കോൺക്ലേവ് ശ്രദ്ധേയമായി. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന സംഗമം കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ഡോ. എം ബീന ഐഎഎസ് ഉത്ഘാടനം ചെയ്തു. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, വീസ്റ്റാർ ക്രിയേഷൻ ഫൗണ്ടറും ചീഫ് മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ്, എച്ച്സിഎൽ എജ്യു ടെക്കിന്റെ ഗ്ലോബൽ ഹെഡ് ശ്രീമതി ശിവശങ്കർ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. ധന്യ മേനോൻ പട്ടത്തിൽ, പിന്നണി ഗായിക മഞ്ജരി എന്നിവരും പങ്കെടുത്തു. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ അനുഭവങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്തു. അടിച്ചമർത്തപ്പെടലിന്റെ കെട്ടുകൾ പൊട്ടിച്ചുള്ള വനിതകളുടെ മുന്നേറ്റമാണ് കേരളത്തിന്റെ പൊതുചരിത്രം. വിവിധ മേഖലകളിൽ ഉയർന്ന തസ്തികകളിൽ എത്തിപ്പെടാനുള്ള വനിതകളുടെ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനോഭാവങ്ങളിലുള്ള മാറ്റമാണ് പല മുന്നേറ്റങ്ങളുടെയും അടിത്തറ. സ്ത്രീകൾ ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടേണ്ടവരല്ല എന്ന സമൂഹത്തിന്റെ മാറിവരുന്ന മനോഭാവം കൂടുതൽ കഴിവുള്ള വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുന്നു.

കോൺക്ലേവിന്റെ സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ സ്ത്രീകൾ നൽകിവരുന്ന പങ്ക് നിസ്തുലമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച വനിതാ മാനേജർക്കുള്ള അവാർഡ് മണപ്പുറം ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എ എൽ ബിന്ദുവിനും മികച്ച ബിസിനസ് സംരംഭകയ്ക്കുള്ള പുരസ്‌കാരം ഇളവരശി ജയകാന്തിനും മന്ത്രി സമ്മാനിച്ചു. റോക്കറ്റ് പിച്ച് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗീത സലീഷിനുള്ള പുരസ്‌കാര വിതരണവും നടന്നു. ചടങ്ങിൽ തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. പോൾ തോമസ്, സെക്രട്ടറി എം. മനോജ് കുമാർ, വൈസ് പ്രസിഡന്റ് ജിയോ ജോബ്, പ്രോഗ്രാം കൺവീനർ മീര രാജീവൻ എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com