
യുഎസ് തീരുവ: ഇന്ത്യൻ ആഭരണ മേഖലയിൽ പ്രതിസന്ധി
ബിസിനസ് ലേഖകൻ
കൊച്ചി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമെരിക്ക 50% തീരുവ ഈടാക്കി തുടങ്ങിയതോടെ രാജ്യത്തെ സ്വര്‍ണ, വജ്രാഭരണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അമെരിക്കയുടെ അധിക തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്വര്‍ണ, വജ്രാഭരണ നിർമാണ രംഗത്തെ സ്ഥാപനങ്ങളെയാണ്.
ഗുജറാത്തിലെ സൂറത്ത് മുതല്‍ കൊച്ചിയിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ വരെ ജെം ആന്‍ഡ് ജ്വല്ലറി നിർമാണ രംഗത്ത് ആയിരക്കണക്കിന് ഫാക്റ്ററികളാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതില്‍ തടസം വന്നതോടെ അമെരിക്കയില്‍ നിന്ന് പഴയ പേയ്മെന്‍റുകള്‍ കിട്ടാന്‍ വൈകുമെന്ന് കമ്പനികള്‍ പറയുന്നു.
പ്രതിവര്‍ഷം 3500 കോടി ഡോളറിന്‍റെ (മൂന്ന് ലക്ഷം കോടി രൂപ) സ്വര്‍ണ, വജ്രാഭരണങ്ങളുടെ മൊത്തം കയറ്റുമതിയാണുള്ളത്. ഇതില്‍ 12 ശതമാനമാണ് അമെരിക്ക വാങ്ങുന്നത്. പ്രകൃതിദത്ത ഡയമണ്ടും സിന്തറ്റിക് ഡയമണ്ടുമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് അമെരിക്കയിലേക്ക് കയറ്റി അയക്കുന്നത്.
ഡോണള്‍ഡ് ട്രംപിന്‍റെ പകരച്ചുങ്കം നടപ്പിലാകുന്നതിന് മുന്‍പ് ഇന്ത്യയിലെ ജെം ആന്‍ഡ് ജ്വല്ലറി ഉത്പന്നങ്ങള്‍ക്ക് അമെരിക്കയിലെ തീരുവ 2.1% മാത്രമായിരുന്നു. രണ്ട് മാസം മുന്‍പ് 25% പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മാര്‍ജിന്‍ നേരിയ തോതില്‍ ഉത്പന്ന വില വർധിപ്പിച്ചും ലാഭത്തില്‍ വിട്ടുവീഴ്ച നടത്തിയും സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ മൊത്തം തീരുവ 50 ശതമാനമായി ഉയരുന്നതോടെ കയറ്റുമതി നിർത്തിവയ്ക്കേണ്ട സാഹചര്യമാണെന്ന് കമ്പനികള്‍ പറയുന്നു.
മുംബൈ, സൂറത്ത് എന്നിവിടങ്ങളിലെ കമ്പനികള്‍ പുതിയ കയറ്റുമതി കരാറുകള്‍ സ്വീകരിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് നിർമാണ മേഖലയായ സൂറത്തില്‍ ഫാക്റ്ററികള്‍ വന്‍തോതില്‍ പൂട്ടാനും വ്യാപകമായ തൊഴില്‍ നഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വര്‍ണാഭരണ നിർമാണ കേന്ദ്രങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടേക്കും.
ട്രംപിന്‍റെ താരിഫ് നടപടികളെത്തുടർന്ന് തിരിച്ചടി നേരിടുന്ന സ്വര്‍ണ, വജ്രാഭരണ മേഖലയ്ക്കായി അധിക ആനുകൂല്യങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടി ഡ്രോ ബാങ്ക് തുക വർധിപ്പിച്ച നടപടി മാത്രം മതിയാകില്ലെന്ന് കമ്പനികള്‍ പറയുന്നു. പേയ്മെന്‍റുകള്‍ വൈകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ബാങ്ക് വായ്പകളുടെ തിരിച്ചടവിന് സാവകാശം അനുവദിക്കണമെന്ന് സ്വര്‍ണ, വജ്രാഭരണ നിർമാതാക്കള്‍ റിസര്‍വ് ബാങ്കിനോട് അഭ്യർഥിച്ചു.