പലിശ നിരക്ക് തീരുമാനം ബുധനാഴ്ച

ഓഹര വിപണിക്ക് പുറമേ നാണയ, കമ്മോഡിറ്റി, കടപ്പത്ര വിപണികളുടെ ചലനത്തെയും ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം സ്വാധീനിക്കും
പലിശ നിരക്ക് തീരുമാനം ബുധനാഴ്ച
Updated on

കൊച്ചി: പലിശ നിരക്ക് സംബന്ധിച്ച അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും. രണ്ട് ദിവസമായി നടക്കുന്ന ധന നയ അവലോകന യോഗത്തിന് ശേഷമാണ് അമെരിക്കയില്‍ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

ഓഹര വിപണിക്ക് പുറമേ നാണയ, കമ്മോഡിറ്റി, കടപ്പത്ര വിപണികളുടെ ചലനത്തെയും ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം സ്വാധീനിക്കും. അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ ഇന്നലെ വളരെ കരുതലോടെയാണ് നീങ്ങിയത്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സും നിഫ്റ്റിയും തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടമുണ്ടാക്കി.

അമെരിക്കയില്‍ നാണയപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ഇത്തവണത്തെ ധന അവലോകന നയത്തില്‍ പലിശ കുറയ്ക്കാന്‍ ഇടയില്ല. എന്നാല്‍ വരും മാസങ്ങളില്‍ പലിശ കുറയുമോയെന്ന സൂചന നയത്തിലുണ്ടായേക്കും. സാമ്പത്തിക മാന്ദ്യം അതിരൂക്ഷമായതിനാല്‍ അടുത്ത മാസങ്ങളില്‍ പലിശ കുറയ്ക്കാതെ ഫെഡറല്‍ റിസര്‍വിന് മുന്നോട്ടു പോകാനാകില്ല.

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും ചെങ്കടല്‍ പ്രതിസന്ധിയും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ലോകത്തിലെ മുന്‍നിര കേന്ദ്ര ബാങ്കുകള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ചൈനയിലെയും ജപ്പാനിലെയും കേന്ദ്ര ബാങ്കുകളുടെയും ധന നയം ഈ വാരം പ്രഖ്യാപിക്കും. ചൈന പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യതയേറെയാണ്.

അമെരിക്കയിലെ കേന്ദ്ര ബാങ്ക് പലിശ കുറച്ചാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തുന്നത്. പലിശ കുറയുന്നതോടെ ബോണ്ടുകളുടെ മൂല്യം കുറയുന്നതിനാല്‍ ഡോളറിനെതിരെ രൂപ ശക്തി നേടാനും ഇടയുണ്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ അര ശതമാനം കുറവ് പ്രഖ്യാപിച്ചാല്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ വില പവന് 50,000 രൂപ കടന്നേക്കും.

ലോകത്തിലെ ഓഹരി, നാണയ, കമ്പോള വിപണികളുടെ ചലനങ്ങളെ കേന്ദ്ര ബാങ്കുകളുടെ ധന നയം നേരിട്ട് ബാധിക്കുമെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പൊരിക്കലുമില്ലാത്ത സങ്കീര്‍ണമായ ധന സാഹചര്യമാണ് നിലവില്‍ വിപണിയിലുള്ളത്. ലോകമെമ്പാടുമുള്ള വിപണികള്‍ റെക്കോഡുകള്‍ കീഴടക്കി മുന്നേറുമ്പോഴും പണലഭ്യത നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ക്ക് കഴിയുന്നില്ല.

അതേസമയം ഇന്ത്യന്‍ വിപണിയില്‍ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില യാഥാർഥ്യ ബോധമില്ലാതെ കുതിച്ചുയര്‍ന്നതാണ് നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. ഊഹക്കച്ചവടക്കാര്‍ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച സെബി ചെയര്‍മാന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com