തൊഴിൽ വാർത്തകൾ(20-06-23)

തൊഴിൽ വാർത്തകൾ(20-06-23)

കെ.ആർ.ഡബ്ല്യു.എസ്.എ – ജലനിധിയിൽ ഒഴിവുകൾ

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരം പ്രൊജക്റ്റ് മാനെജ്മെന്‍റ് യൂണിറ്റ് ഓഫീസിൽ ഡയറക്റ്റർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്റ്റർ (പ്രൊജക്റ്റ് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രൊജക്റ്റ് മാനെജ്മെന്‍റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രൊജക്റ്റ് ഡയറക്റ്റർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.

ഡയറക്റ്റർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി ഡയറക്റ്റർ (പ്രൊജക്റ്റ് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനെജ്മെന്‍റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കംപ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

റീജിയണൽ പ്രൊജക്റ്റ് ഡയറക്റ്റർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുണ്ട്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രൊജക്റ്റ് മാനെജ്മെന്‍റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ/ അർധ സർക്കാർ/ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്‍റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലായി രണ്ട് ഒഴിവുണ്ട്. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം  ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കംപ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്‌മെന്‍റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

സീനിയർ എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർക്ക് അപേക്ഷിക്കാം.  7 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ്ങ് അല്ലെങ്കിൽ നിർവ്വഹണം ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

IEC സ്‌പെഷ്യലിസ്റ്റിന്‍റെ ഒരു ഒഴിവിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  സയൻസ് / എൻവയോൺമെന്‍റൽ സയൻസ്/ എച്ച്.ആർ.ഡി / എൻവയോൺമെന്‍റൽ എൻജിനീയറിങ്/ സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. 3 വർഷം വിവിധ പരിശീലനങ്ങൾ നടത്തിയുള്ള പരിചയം, ഹെൽത്ത് ഡിസൈനിങ്ങ്, റൂറൽ ഡെവലപ്‌മെന്‍റ് / ഗ്രാമീണ ജലവിതരണ പദ്ധതികളിൽ ജോലി ചെയ്തിട്ടുള്ള പ്രൃത്തി പരിചയം.       സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവർത്തി പരിചയം / കപ്പാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in..

ന്യൂക്ലിയർ മെഡിക്കൽ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

ആർ.സി.സി.യിൽ ഒഴിവ്

റീജിയണൽ കാൻസർ സെന്‍റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെപ്യൂട്ടേഷൻ നിയമനം

നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ്  ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്റ്റർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്)  തസ്തികയിലേക്കുള്ള നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ വിഞ്ജാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഡയറക്റ്റർ (അഡ്മിൻ.) ന് സമർപ്പിക്കണം.

കേന്ദ്ര / സംസ്ഥാന ഗവൺമെന്‍റ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്‍റ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി, അർധ സർക്കാർ, ഗവൺമെന്‍റ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്‌സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.

ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.  ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്‍റെ ചേമ്പറിൽ നടത്തും.  കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഓഫീസ് അസിസ്റ്റന്‍റ്

കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന.  ശമ്പളം പ്രതിമാസം 15,000 രൂപ.  പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ.  താൽപര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  ഫോൺ: 0471 – 2474797.

ഐ.പി.ആർ.ഡിയിൽ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്,കോ-ഓർഡിനേറ്റർ പാനൽ രൂപീകരിക്കുന്നു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (ഐ.പി.ആർ.ഡി) വകുപ്പിന്‍റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിക്കുന്ന ഇൻഫോ വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. കോ-ഓർഡിനേറ്റർ ഒഴികെയുള്ള പാനലുകൾ പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് രൂപീകരിക്കുക. എല്ലാ പാനലുകൾക്കും പ്രതിഫലം നൽകുന്നത് പീസ് വർക്ക് അടിസ്ഥാനത്തിലാണ്. പ്രായപരിധി 36.അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. കോ-ഓർഡിനേറ്റർ ഒഴികെയുള്ള പാനലുകളിൽ അപേക്ഷിക്കുന്നവർ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ പാസായിരിക്കണം. വിഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിലേക്ക് അപേക്ഷിക്കുന്നവരിൽ യഥാക്രമം അനിമേഷൻ, ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻഗണന നൽകും. ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.

സൗണ്ട് റെക്കോർഡിസ്റ്റ് പാനലിൽ അപേക്ഷിക്കുന്നവർക്ക് ശ്രവ്യ- മാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.

ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾക്കായുള്ള കോ-ഓർഡിനേഷനിലോ 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് കോ-ഓർഡിനേറ്റർ പാനലിൽ അപേക്ഷിക്കാം. ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം

സി. വി. അടങ്ങിയ അപേക്ഷകൾ ജൂൺ 30-നു മുമ്പ് നേരിട്ടും ഡയറക്റ്റർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് പാനലിന്‍റെ പേര് രേഖപ്പെടുത്തണം. വിശദ വിവരങ്ങൾ prd.kerala.gov.in ൽ ലഭ്യമാണ്.

അഭിമുഖം 22ന്

ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളെജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ 22ന് രാവിലെ 10.30ന് കോളെജിൽ അഭിമുഖം നടത്തുന്നു.  അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.  വിരമിച്ച അധ്യാപകരെയും പരിഗണിക്കും.  ഫോൺ: 9447244120, 7012443673.

ഓഫീസ് അറ്റൻഡന്‍റ് ഡെപ്യൂട്ടേഷൻ

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള മൂന്ന് ഓഫീസ് അറ്റൻഡന്‍റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം. പി. ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂലൈ 10നകം ലഭിക്കണം.

Trending

No stories found.

Latest News

No stories found.