

കേരളത്തിൽ നിന്ന് ഡെൻമാർക്കിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്.
തിരുവനന്തപുരം: കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാര്‍ വ്യാഴാഴ്ച കൈമാറും.
ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്‍സി നഴ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്‍റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്‌സ് എന്നീ പ്രൊഫെഷനുകളിലേക്കാണ് റിക്രൂട്ട്മെന്‍റ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്‍റ് നടപടികൾ പൂര്‍ണമായും സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ 100 പേരെയാണ് റിക്രൂട്ട് ചെയ്യുക. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും കരാർ കൈമാറ്റ ചടങ്ങ്.
രാവിലെ 11.15 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഡെന്‍മാര്‍ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്‍റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും തമ്മിലാണ് കരാര്‍ കൈമാറുക.
ബുധനാഴ്ച തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെന്‍മാര്‍ക്ക് മന്ത്രിതല പ്രതിനിധി സംഘം മന്ത്രിമാരായ ആര്‍. ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജും നഴ്സിംഗ് കോളേജും സന്ദര്‍ശിക്കുന്ന ഡെന്‍മാര്‍ക്ക് സംഘം നഴ്സിംങ് വിദ്യാർഥികളുമായും സംവദിക്കും. കരാര്‍ കൈമാറ്റ നടപടികള്‍ക്കു ശേഷം ജനുവരി 8 ന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമണ്‍ ട്രീ ഹോട്ടലില്‍ കേരള–ഡെൻമാർക്ക് ഹെൽത്ത്‌കെയർ റിക്രൂട്ട്മെന്‍റ് പാർട്ണർഷിപ്പ് മീറ്റും ചേരും.