കോപ്പൻഹേഗൻ: രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയില്‍ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഡെന്‍മാര്‍ക്ക് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ ഇന്ത്യക്കു പുറമേ ഫിലിപ്പീന്‍സുമായും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഡെന്മാര്‍ക്കില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ നഴ്സിങ് സ്റ്റാഫ് ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ്, ഇന്ത്യയെയും ഫിലിപ്പീൻസിനെയും ആശ്രയിക്കാൻ തീരുമാനിച്ചതിനു പിന്നിൽ.
ഹെല്‍ത്ത് കെയര്‍ മേഖലയില്‍ വേതന വര്‍ധന നടപ്പാക്കുകയും, മറ്റ് ആകര്‍ഷക നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും പതിനയ്യായിരത്തോളം ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. ഇതില്‍ കൂടുതലും സീനിയര്‍ കെയര്‍ വിഭാഗത്തിലാണുള്ളത്. അതുകൊണ്ട് തന്നെ നഴ്സുമാര്‍ക്ക് പുറമെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റുമാര്‍ക്കും അവസരമുണ്ടാകും.