German Railway to recruit 4000 Malayalees
ജര്‍മന്‍ റെയില്‍വേയിൽ 4000 മലയാളികളെ ജോലിക്കെടുക്കുന്നു

ജര്‍മന്‍ റെയില്‍വേ 4000 മലയാളികളെ ജോലിക്കെടുക്കുന്നു

ജര്‍മന്‍ ഭാഷാ പരിശീലനവും കൊച്ചി മെട്രൊ റെയിൽ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പും നല്‍കിയാണ് ജര്‍മനിയിലേക്ക് തൊഴിലിനായി അയക്കുക
Published on

ബര്‍ലിന്‍: കേരളത്തില്‍ നിന്ന് മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകള്‍ പാസായ നാലായിരത്തോളം

പേരെ ജര്‍മന്‍ റെയില്‍വേ കമ്പനിയായ ഡോയ്ച്ചെ ബാനില്‍ ജോലിക്കെടുക്കുന്നു. നിലവിൽ നവീകരണത്തിന്‍റെ പാതയിലാണ് ജര്‍മന്‍ റെയില്‍വേ. എന്നാല്‍, നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം കാരണം വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ഇന്‍റര്‍ സിറ്റി എക്സ്പ്രസ് ട്രെയിനിന്‍റേതടക്കം കൃത്യതയ്ക്കു പേരു കേട്ടതാണ് ജര്‍മന്‍ റെയില്‍വേ എങ്കിലും ഇപ്പോള്‍ ആ പേര് നഷ്ടമായിരിക്കുകയാണ്. റെയില്‍പാതയും മറ്റു സാങ്കേതിക കാര്യങ്ങളുടെയും നവീകരണമാണ് നടത്തുന്നത്. വലിയ തോതിലുള്ള നവീകരണ പരിപാടിയിലൂടെ, 2030ഓടെ ജര്‍മ്മന്‍ റെയില്‍ ശൃംഖലയെ നവീകരിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം മാത്രം 2000 കിലോമീറ്റര്‍ ട്രാക്കുകള്‍ മാറ്റി സ്ഥാപിക്കും.

ദശാബ്ദത്തിന്‍റെ അവസാനത്തോടെ, ഏകദേശം 40 നിര്‍മാണ പദ്ധതികളാണ് രാജ്യത്തിന്‍റെ പ്രായമേറുന്ന റെയിൽവേ ലൈനിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ട്രെയിന്‍ ഗതാഗതത്തില്‍ നിലവില്‍ കൈമോശം വന്ന സമയനിഷ്ഠ ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഇതിന്‍റെ നിര്‍മാണ ജോലികളില്‍ അടുത്ത ആറു വര്‍ഷം കൊണ്ട് 9,000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കുന്ന പദ്ധതിക്കായിട്ടാണ് ഈ മേഖലകളില്‍ നൈപുണ്യമുള്ളവരെത്തേടി ജര്‍മന്‍ സംഘം കേരളത്തിലെത്തിയത്. ഇതു കൂടാതെ ജര്‍മന്‍ കോണ്‍സൂല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടും, ഡിബി കമ്പനി വിദഗ്ധരും തമ്മില്‍ മന്ത്രി വി. ശിവന്‍കുട്ടി, കേയ്സ് എംഡി ഡോ. വീണ എന്‍. മാധവന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഡിബി കമ്പനിക്കു വേണ്ടി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കേയ്സ്) ആണു നൈപുണ്യമുള്ളവരെ തെരഞ്ഞെടുക്കുന്നത്.

അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ചാണ് കേയ്സ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. ഇവര്‍ക്കു ജര്‍മന്‍ ഭാഷാ പരിശീലനവും കൊച്ചി മെട്രൊ റെയിൽ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പും നല്‍കിയാണ് ജര്‍മനിയിലേക്ക് തൊഴിലിനായി അയക്കുക. ഇവര്‍ക്ക് ജോലി ചെയ്യുമ്പോള്‍ താരിഫ് അനുസരിച്ച് ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം രൂപ) മാസശമ്പളം ലഭിക്കും.

തുടര്‍ന്ന് സംഘം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ചില എന്‍ജിനീയറിങ്, പോളിടെക്നിക് സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണു മടങ്ങിയത്. ഇതിന്‍റെ ഫോളോ അപ്പിനായി വൈകാതെ വീണ്ടും കേരളത്തിലെത്തുകയും ചെയ്യും.

logo
Metro Vaartha
www.metrovaartha.com