

ജറൂസലം: നിർമാണമേഖലയിലേക്ക് 10000ലേറെ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. കഴിഞ്ഞയാഴ്ച ഒരു സംഘം എത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണു പുതിയ സംഘത്തിന്‍റെ സന്ദർശനം. ഹമാസ് ആക്രമണത്തെത്തുടർന്നു നിർമാണ മേഖലയിലെ പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്‍റ്.
ആദ്യ ഘട്ടത്തിൽ 10000 പേരെയാണു തെരഞ്ഞെടുക്കുന്നത്. ഇരു സർക്കാരുകളുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് 30,0000 വരെയാകും. വിവിധ മേഖലകളിലായി 1.6 ലക്ഷം ഇന്ത്യക്കാരെ തൊഴിൽ വിസയിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
രാജ്യത്തെ നിർമാണ മേഖലയിൽ വൻ തൊഴിലാളി ക്ഷാമമുണ്ടെന്ന് ഇതേക്കുറിച്ചു വിശദീകരിച്ച ഇസ്രേലി ബിൽഡേഴ്സ് അസോസിയേഷൻ വക്താവ് ഷെ പോസ്നർ പറഞ്ഞു. ഇസ്രയേലിലെ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ നാലിലൊന്ന് പലസ്തീനിൽ നിന്നുള്ളവരായിരുന്നു. ഇവരെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യൻ തൊഴിലാളികൾക്കാകും ഇനി പ്രഥമ പരിഗണന നൽകുകയെന്നായിരുന്നു ഇസ്രയേലിന്‍റെ പ്രഖ്യാപനം.
ഡൽഹിയിലും ചെന്നൈയിലുമായി 27നാണ് റിക്രൂട്ട്മെന്‍റ് നടപടികൾ തുടങ്ങുന്നത്. പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരുമെന്നു പോസ്നർ. 10-15 ദിവസങ്ങൾ കൊണ്ടാകും തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്.
ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഇസഹാക്ക് ഗുർവിറ്റ്സിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. അസോസിയേഷൻ സിഇഒ ഇഗാൽ സ്ലോവിക്കിന്‍റെ സംഘമാണ് അടുത്തയാഴ്ചയെത്തുന്നത്. ഇവർക്കൊപ്പം ഇസ്രയേൽ ഭവന- നിർമാണ മന്ത്രാലയത്തിന്‍റെ ഡയറക്റ്റർ ജനറർ യെഹൂദ മോർഗൻസ്റ്റേണുമുണ്ടാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ വിഷയമായിരുന്നു. ഇസ്രയേലിന് അടിയന്തരമായി തൊഴിലാളികളെ വേണമെന്നും ഏതു രാജ്യത്തു നിന്നാണ് തൊഴിലാളിക്ഷാമം നികത്തേണ്ടതെന്ന തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്നും പോസ്നർ പറഞ്ഞു.
പലസ്തീനിയൻ അഥോറിറ്റി നിയന്ത്രിക്കുന്ന വെസ്റ്റ് ബാങ്കിൽ നിന്ന് 80000 പേർ ഇസ്രയേലിലെ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഹമാസ് നിയന്ത്രിത ഗാസ മുനമ്പിൽ നിന്ന് 17000 പേരും ഇസ്രയേലിൽ പ്രവർത്തിച്ചിരുന്നു. ഹമാസ് ആക്രമണത്തെത്തുടർന്ന് ഒക്റ്റോബറിൽ ഇവരുടെ തൊഴിൽ കരാർ റദ്ദാക്കി. നിലവിൽ 7000ലേറെ ചൈനീസ് പൗരന്മാരും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള 6000 തൊഴിലാളികളും ഇസ്രയേലിലുണ്ട്.
നിലവിൽ 18000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിപക്ഷവും വയോധിക പരിചരണ മേഖലയിലാണ്.