

കേരളത്തിൽ യുവാക്കൾക്ക് ഉയർന്ന വരുമാനമുള്ള തൊഴിൽ സാധ്യതകൾ വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
AI
തിരുവനന്തപുരം: ആഗോളതലത്തിൽ സാങ്കേതികവിദ്യയിലും നിർമിത ബുദ്ധിയിലും (AI) ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം കേരളത്തിലെ തൊഴിൽ മേഖലയും വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസമുള്ള സംസ്ഥാനത്തെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ ഇരുന്ന് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളാണ് ഇതിനു കരുത്ത് പകരുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നൈപുണ്യ പരിശീലന പരിപാടികൾ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലിങ്ക്ഡ്ഇൻ ടാലന്‍റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന്‍റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, അക്കൗണ്ടന്‍റുമാർ, അധ്യാപകർ എന്നിവരാണ് ഈ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നത്. സേവനമേഖലയിലെ തൊഴിൽ ശക്തിയുടെ കാര്യത്തിൽ കേരളം (48.5%) ദേശീയ ശരാശരിയെക്കാൾ (29.7%) ഏറെ മുന്നിലാണെന്ന് നിതി ആയോഗിന്‍റെ റിപ്പോർട്ടും വ്യക്തമാക്കുന്നു.
വൻകിട കമ്പനികൾക്ക് വൻനഗരങ്ങൾ നിർബന്ധമല്ല
കേരളത്തിലെ വൻ നഗരങ്ങളിൽ മാത്രമല്ല വൻകിട ഐടി-ഇലക്ട്രോണിക്സ് കമ്പനികൾ എത്തുന്നത്.
സോഹോ കോർപ്പറേഷൻ: പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം ആരംഭിച്ചത് ഇതിന്‍റെ മികച്ച ഉദാഹരണമാണ്.
കെയ്ൻസ് ടെക്നോളജി: എറണാകുളം പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി യൂണിറ്റ് സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ തന്നെ അമേരിക്കയിൽ നിന്ന് നാല് പ്രൊഫഷണലുകൾ ജോലി ഉപേക്ഷിച്ച് ഇവിടെ ചേരാൻ കേരളത്തിലേക്ക് മടങ്ങിയെത്തി എന്നത് ശ്രദ്ധേയമാണ്. പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ 1500 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും.
വി-ഗാർഡ്: കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് ആരംഭിച്ച റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് (R&D) കാമ്പസ് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലയിൽ 400 തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
കിൻഫ്രയുടെയും സ്റ്റാർട്ടപ്പ് മിഷന്‍റെയും മുന്നേറ്റം
കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം 27,335 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് കിൻഫ്രയുടെ 30 വർഷത്തെ ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളം വരും. കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) നിലവിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികളിൽ സംരംഭകത്വ താത്പര്യം വളർത്തുന്നതിന് കോളേജുകളിൽ ഇന്നൊവേഷൻ ആൻഡ് എന്‍റർപ്രണർഷിപ്പ് ഡെവലപ്‌മെന്‍റ് സെന്‍ററുകൾ (IEDCs) സജീവമാണ്. 'ഐഡിയ ഫെസ്റ്റ്', 'ഫണ്ട് ഓഫ് ഫണ്ട്സ്' തുടങ്ങിയ പദ്ധതികളിലൂടെ നൂതന ആശയങ്ങൾക്ക് സാമ്പത്തിക പിന്തുണയും മികച്ച മെന്‍റർഷിപ്പും ഉറപ്പാക്കുന്നു.
പുത്തൻ തൊഴിൽ മേഖലകളും പരിശീലനവും
അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സേഷൻ തുടങ്ങിയ മേഖലകളിലെ ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്താൻ എഎസ്എപും (ASAP) കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് 'ലീപ് സെന്‍ററുകൾ' ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് അമേരിക്കയിലെ നികുതി നിയമങ്ങൾ കൈകാര്യം ചെയ്യുന്ന 'എൻറോൾഡ് ഏജന്‍റ്' (Enrolled Agent) പരിശീലനം.
തുടക്കത്തിൽ 4.5 ലക്ഷം മുതൽ 6 ലക്ഷം വരെയും, പരിചയം സിദ്ധിക്കുന്നതോടെ 20 ലക്ഷം രൂപ വരെയും വാർഷിക വരുമാനം ലഭിക്കുന്ന ഈ മേഖലയിലേക്ക് യുവാക്കളെ സജ്ജമാക്കാൻ അസാപ് പ്രത്യേക പരിശീലനം നൽകുന്നു.
വിജ്ഞാനകേരളവും വർക്ക് നിയർ ഹോമും
തൊഴിലന്വേഷകരെയും ദാതാക്കളെയും സ്കില്ലിംഗ് ഏജൻസികളെയും ഒരുമിപ്പിക്കുന്ന 'വിജ്ഞാനകേരളം' ഡിജിറ്റൽ പ്ലാറ്റ്‌ഫോം സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. വിദേശ കമ്പനികളിൽ വിദൂരമായി (Remote) ജോലി ചെയ്യുന്നവർക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'വർക്ക് നിയർ ഹോം' പദ്ധതിയും നടപ്പാക്കുന്നു.
അത്യാധുനിക ഇൻകുബേറ്ററുകളും ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും ഒരുക്കുന്നതിലൂടെ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.