ഐടി കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍
വാഷിങ്ടണ്‍: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി നിരവധി മുന്‍നിര ഐടി കമ്പനികള്‍ ആയിരക്കണക്കിന് പേരെ പിരിച്ചുവിട്ടു. ഇന്‍റല്‍, മൈക്രോസോഫ്റ്റ്, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഒക്‌റ്റോബര്‍ മാസത്തിലെ ഒരു ആഴ്ചയില്‍ മാത്രം ആയിരക്കണക്കിനു ജീവനക്കാരെയാണു പിരിച്ചുവിട്ടത്.
എഐ സ്വാധീനം വര്‍ധിച്ചതോടെ വന്‍കിട കമ്പനികള്‍ക്കു ചെലവ് ചുരുക്കുന്നതിനുള്ള സമ്മര്‍ദം വര്‍ധിച്ചിരിക്കുകയാണ്. ഇതാണു ജീവനക്കാരെ പിരിച്ചുവിടാന്‍ പല സ്ഥാപനങ്ങളെയും പ്രേരിപ്പിച്ചിരിക്കുന്നത്.
ഏകദേശം 14000 കോര്‍പറേറ്റ് ജീവനക്കാരെ (കമ്പനിയുടെ തൊഴില്‍സേനയുടെ 4%) പിരിച്ചുവിടുമെന്ന് ആമസോണ്‍ അടുത്തിടെ അറിയിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തം പിരിച്ചുവിടലുകളുടെ എണ്ണം 30,000 വരെ എത്തുമെന്നാണ്. ഇത് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിച്ചുരുക്കലായി മാറും.
ആമസോണില്‍ 3,50,000-ത്തിലധികം കോര്‍പറേറ്റ് ജീവനക്കാരുണ്ട്. ആമസോണ്‍ പോലെ വന്‍കിട ഐടി കമ്പനിയായ ഇന്‍റല്‍ 20,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. 2024 ഡിസംബര്‍ 28ലെ കണക്കനുസരിച്ച് ഇന്‍റലിന് 1,08900 ജീവനക്കാരുണ്ട്.
സെയില്‍സ് ഫോഴ്‌സ് 4000ത്തിലധികം കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ വെട്ടിക്കുറച്ചതായി സിഇഒ മാര്‍ക്ക് ബെനിയോഫ് പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള സെമികണ്ടക്റ്റര്‍ നിര്‍മാണ ഉപകരണങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒന്നായ അപ്ലൈഡ് മെറ്റീരിയല്‍സ് കമ്പനി സെമികണ്ടക്റ്ററുകളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അതിന്‍റെ തൊഴിലാളികളുടെ ഏകദേശം നാല് ശതമാനം വെട്ടിക്കുറച്ചതായി അറിയിച്ചു.
സൂപ്പര്‍ ഇന്‍റലിജന്‍സ് ലാബ്‌സ് (എംഎസ്എല്‍) ഡിവിഷനില്‍ നിന്ന് ഏകദേശം 600 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായി മെറ്റാ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഏകദേശം 15000 തസ്തികകള്‍ കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്നാണു മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയത്.
അതിരാവിലെ ആമസോണിന്‍റെ 'സര്‍പ്രൈസ് '
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി അറിയിച്ചു കൊണ്ട് ആമസോണിലെ ആയിരക്കണക്കിനു ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചത് ചൊവ്വാഴ്ച രാവിലെയായിരുന്നു. ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ആമസോണില്‍ റീട്ടെയ്ല്‍ മാനെജര്‍മാരായി ജോലി ചെയ്തിരുന്നവരാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് 90 ദിവസത്തേയ്ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഒരു പിരിച്ചുവിടല്‍ പാക്കേജും ലഭിക്കുമെന്നു കമ്പനി അറിയിച്ചു.
