

18 വയസിൽ ആരും ബിരുദം നേടില്ല, സ്റ്റേഷൻ മാസ്റ്റർ നിയമനത്തിനുള്ള പ്രായപരിധി കൂട്ടി
കൊച്ചി: ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി ഉയർത്തി. 18ൽ നിന്ന് 20 ആക്കിയാണ് പ്രായപരിധി വർധിപ്പിച്ചത്. റെയിൽവേ ബോർഡ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്മെന്റ് മാനുവലിൽ ഭേദഗതി വരുത്തി. ഒക്ടോബർ 7 മുതൽ മാറ്റം പ്രാബല്യത്തിൽ വന്നു.
നേരത്തെ 18 വയസ് മുതൽ 30 വയസു വരെയായിരുന്നു തസ്തികയിലേക്കുള്ള പ്രായപരിധി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. 18 വയസിൽ ആരും ബിരുദം പൂർത്തിയാക്കാറില്ലെന്നതും ബിരുദം നേടാൻ 20 വയസ് വേണം എന്നുള്ളതുകൊണ്ടുമാണ് മാറ്റംവരുത്തിയത്. ഒക്ടോബർ 7ന് മുൻപ് വിജ്ഞാപനം ഇറക്കിയ റിക്രൂട്മെന്റ് പ്രക്രിയകൾക്ക് പഴയ നിയമം തന്നെ ബാധകമായിരിക്കും.