

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂൾ അധ്യാപകർ ടെറ്റ് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യതാ പരീക്ഷ പാസാകുന്നത് നിർബന്ധമാക്കി സുപ്രീം കോടതി. വിരമിക്കാൻ 5 വർഷത്തിൽ കൂടുതൽ ശേഷിക്കുന്ന അധ്യാപകരും ടെറ്റ് പാസാകണം. 2 വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസാകണമെന്ന നിബന്ധന 3 വർഷമാക്കി കോടതി ഉയർത്തി.
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകർ 2 വർഷത്തിനുള്ളിൽ അധ്യാപക യോഗ്യതാ പരീക്ഷ പാസാകണമെന്നായിരുന്നു 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധി. ഇതിനെതിരേ സംസ്ഥാന സർക്കാരും അധ്യാപകരുമുൾപ്പെടെ നൽകിയ പുനഃ പരിശോധനാ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള കോടതിയുടെ അസാധാരണ അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീം കോടതി അധ്യാപക യോഗ്യത പരീക്ഷ നിർബന്ധമാക്കിയത്. സർവീസിൽ 5 വർഷത്തിൽ കൂടുതൽ ബാക്കിയുള്ള അധ്യാപകർ 2 വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണമെന്നും, അല്ലാത്തപക്ഷം സർവീസിൽ നിന്നും വിരമിക്കേണ്ടി വരുമെന്നുമായിരുന്നു കോടതിയുടെ സുപ്രധാന വിധി.
ഈ വിധി നിലവിലുള്ള അധ്യാപകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സുപ്രീം കോടതിയിൽ 45ഓളം പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജികൾ തള്ളിയ കോടതി 2 വർഷമെന്നത് 3 വർഷത്തെ കാലാവധിയായി ഉയർത്തി.
വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ അധ്യാപകരുടെ ഭാവി സംരക്ഷിക്കണമെന്നും അവരുടെ സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളും അധ്യാപക സംഘടനകളും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ നിശ്ചിത യോഗ്യതയുള്ളവരാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.