ജോലിയിൽ മികവും ആവശ്യത്തിലേറെ യോഗ്യതകളും ഉണ്ടായിട്ടും ഇന്‍റർവ്യൂ എന്ന കടമ്പ കടക്കാൻ സാധിക്കാതെ പോകുന്നവർ ഏറെയാണ്. എന്നാൽ, വെല്ലുവിളി നിറഞ്ഞ ഇന്‍റർവ്യൂകളെ മികച്ച അവസരമായും കാണാൻ സാധിക്കും. ഉദ്യോഗാർഥിയുടെ മനഃസാന്നിധ്യവും വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാനുള്ള മികവും തെളിയിക്കാനുമുള്ള വേദിയാണത്.
ജോലിക്ക് അപേക്ഷിക്കുന്നവരെ കുഴപ്പിക്കാനല്ല ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്, മറിച്ച് അവരുടെ ചിന്താഗതിയും നിലപാടുകളും മനസ്സിലാക്കാനാണ് എന്ന് പ്രമുഖ കരിയർ കോച്ചും സിജിപി കരിയർ അവന്യൂസ് (CGP Career Avenues), എഡ്‌സുമോ (Edzumo Pvt Ltd) എന്നിവയുടെ ഡയറക്റ്ററുമായ അശ്വിൻ പി. ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
കുഴപ്പിക്കുന്ന ചോദ്യങ്ങളും അവയുടെ ലക്ഷ്യങ്ങളും
അഭിമുഖങ്ങളിൽ കമ്പനി പ്രതിനിധികൾ ഉദ്യോഗാർഥികളോടു ചോദിക്കുന്ന വെല്ലുവിളി നിറഞ്ഞ ചില ചോദ്യങ്ങളും അവയ്ക്കു പിന്നിലെ യുക്തിയും മനസിലാക്കാം:
"നിങ്ങളുടെ റെസ്യൂമെയിലുള്ള കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് നിങ്ങളെ ഒന്നു സ്വയം പരിചയപ്പെടുത്താമോ?"
സ്വയം എത്രത്തോളം തിരിച്ചറിയുന്നു എന്നറിയാനാണ് ഈ ചോദ്യം. മാർക്കിനും പ്രോജക്റ്റുകൾക്കും അപ്പുറം നിങ്ങളെന്താണ് എന്ന് അഭിമുഖം നടത്തുന്നവർക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
"നിങ്ങളുടെ ശാഖയിൽ നിന്നുള്ള പ്രശസ്തരായ അഞ്ച് ഇന്ത്യൻ എൻജിനീയർമാരുടെ പേര് പറയാമോ?"
ലളിതമെന്നു തോന്നുമെങ്കിലും പലരും ഇതുപോലൊരു ചോദ്യത്തിനു മുന്നിൽ പരാജയപ്പെടുന്നു. നിങ്ങളുടെ തൊഴിൽ മേഖലയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ടെന്നറിയാനാണ് ഈ ചോദ്യം.
"നിങ്ങളുടെ മേഖലയെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) എങ്ങനെ ബാധിക്കും? ഇതിനെ മറികടക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?"
ഭാവിയിലെ സാങ്കേതിക മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവും ആത്മവിശ്വാസവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.
"നിങ്ങളെ ജോലിക്കെടുക്കാൻ, അല്ലെങ്കിൽ തള്ളിക്കളയാനുള്ള മൂന്ന് കാരണങ്ങൾ പറയാമോ?"
നിങ്ങളുടെ സത്യസന്ധതയും വ്യക്തതയുമാണ് ഇവിടെ അളക്കുന്നത്. വസ്തുനിഷ്ഠമായി സ്വയം വിലയിരുത്താൻ നിങ്ങൾക്കു കഴിയുന്നുണ്ടോ എന്ന് അവർ നോക്കുന്നു.
"നിങ്ങളെ ഇവിടെ ജോലിക്കെടുത്തു എന്നു കരുതുക, എന്നാൽ മറ്റൊരു കമ്പനി കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്താൽ നിങ്ങൾ എന്തു തീരുമാനമെടുക്കും?"
ഈ ചോദ്യം യഥാർഥത്തിൽ ശമ്പളത്തെക്കുറിച്ചുള്ളതല്ല. നിങ്ങളുടെ മൂല്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും തിരിച്ചറിയാനാണ് അവർ ശ്രമിക്കുന്നത്.
"കുടുംബത്തിനു പുറത്തുള്ള നിങ്ങളുടെ റോൾ മോഡൽ ആരാണ്?"
മാതാപിതാക്കൾ പൊതുവേ എല്ലാവർക്കും മാതൃകയാണ്. എന്നാൽ, അതിനപ്പുറം പുറംലോകത്തെ കാര്യങ്ങളെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനാണ് ഈ ചോദ്യം.
"നിങ്ങൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ജോലി നൽകിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?"
തൊഴിൽ സാഹചര്യങ്ങളിലെ നിങ്ങളുടെ വഴക്കം (Flexibility) പരീക്ഷിക്കാനാണ് ഈ ചോദ്യം.
"നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം എന്താണ്?"
കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനും അതിൽ നിന്ന് എന്ത് പഠിച്ചു എന്ന് വ്യക്തമാക്കാനുമാണ് ഈ ചോദ്യം ചോദിക്കുന്നത്.
ലേഖകനെക്കുറിച്ച്
അശ്വിൻ പി. ചന്ദ്രൻ
പ്രശസ്ത കരിയർ കോച്ചും അക്കാഡമിക് വിദഗ്ധനുമാണ് അശ്വിൻ പി. ചന്ദ്രൻ. എൻജിനീയറിങ് കോളെജുകളിൽ പ്ലേസ്‌മെന്‍റ് ഡയറക്റ്ററായും ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ സിജിപി കരിയർ അവന്യൂസ്, എഡ്‌സുമോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്റ്ററും സിമ്പിൾ ലോജിക് സൊല്യൂഷൻസിന്‍റെ സിഇഒയുമാണ്.
ആമസോൺ ബെസ്റ്റ് സെല്ലറായ "Ace your Dream Job" എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് അദ്ദേഹം. കരിയർ കൗൺസിലിങ്ങിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിട്ടുണ്ട്. രണ്ട് പേറ്റന്‍റുകൾ കരസ്ഥമാക്കിയ അദ്ദേഹം തന്‍റെ സ്റ്റാർട്ടപ്പിനായി കേന്ദ്ര സർക്കാരിന്‍റെ നിധി ഗ്രാന്‍റും (Nidhi Grant) നേടിയിട്ടുണ്ട്. ഗേറ്റ് (GATE), ക്യാമ്പസ് പ്ലേസ്‌മെന്‍റുകൾ, നെറ്റ് ജെആർഎഫ് (NET JRF), ഐഎസ്ആർഒ (ISRO) തുടങ്ങിയ പരീക്ഷകൾക്കായി അദ്ദേഹം വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകിവരുന്നു.

