
തമിഴിൽ പൊലീസിന് പറയുന്ന വാക്ക് കാവൽ എന്നാണ്. ജനങ്ങളുടെ കാവൽ ഭടന്മാർ എന്ന് അർഥം. എന്നാൽ പാവപ്പെട്ട ജനങ്ങൾക്കു നീതി ഉറപ്പാക്കുന്നതിനു എതിര് നിൽക്കുന്നവരെ ചങ്ങലയിൽ തളയ്ക്കേണ്ട പൊലീസിലെ ചിലർ എങ്കിലും ചങ്ങല പൊട്ടിക്കുന്നവർ ആയാലോ. അതെ ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാലോ? കുറുന്തോട്ടിക് വാതം കോച്ചിയാലോ? ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങളെക്കുറിച്ച് പരാമർശിക്കാനാണ് ഈ പ്രയോഗങ്ങൾ നടത്താറുള്ളത്. എന്നാൽ പൊലീസ് സേനയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഈ പ്രയോഗങ്ങൾ അപ്രസക്തമായില്ലേ എന്നാണ് ആശങ്ക. ഭ്രാന്തുള്ളവരെ ബന്ധിക്കുന്ന ചങ്ങലക്കും ഭ്രാന്ത് പിടിച്ച അവസ്ഥ.
ഇതുണ്ടാക്കുന്ന ഭീതിജനകമായ അവസ്ഥാവിശേഷം എത്ര ഗുരുതരമാണ്. അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്താൻ ഇതിലധികം എന്താണ് വേണ്ടത്. കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന ഗുണ്ടാ ആക്രമങ്ങളും തേർവാഴ്ചയും നാം അഭിമുഖീകരിക്കുന്ന അത്യന്തം ഗുരുതരമായ ഈ ഭീഷണ സാഹചര്യത്തിന്റെ നഗ്നമായ നേർചിത്രമാണ്.
ഗുണ്ടകളെയും അക്രമികളെയും അമർച്ച ചെയ്യേണ്ട അതുവഴി ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കേണ്ട പൊലീസ് തന്നെ ഗൂണ്ടാ ബന്ധം ഉള്ളവരും അവർക്ക് കുട പിടിക്കുന്നവരുമായാലോ? അതാണ് ഇപ്പോൾ ഒന്നിനുപുറകെ ഒന്നായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനുമാവില്ല. തലസ്ഥാനത്തടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ ഗൂണ്ടാവിളയാട്ടവും അവർ സൃഷ്ടിക്കുന്ന അതിക്രൂര സംഭവങ്ങളും ആവർത്തിച്ചിട്ടും അവർക്ക് കൈയാമം വയ്ക്കാൻ കഴിയാത്തത് നിയമവാഴ്ചയുടെ തകർച്ചയല്ലാതെ മറ്റ് എന്താണ്? അവർക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ വ്യാപ്തി അരങ്ങു നിറഞ്ഞാടാൻ അവർക്ക് അവസരമൊരുക്കി എന്ന വസ്തുത ആർക്കാണ് നിഷേധിക്കാനാവുക. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ മർദിച്ചവശനാക്കി കിണറ്റിൽ തള്ളുന്നതു വരെ എത്തി ഈ ഗൂണ്ടാവിന്യാസവും വിളയാട്ടവും. തീക്കട്ടയിലും ഉറുമ്പരിക്കുന്ന അവസ്ഥ.
അപ്പോഴാണ് പൊലീസും ഭരണസംവിധാനവുമൊക്കെ അൽപ്പമെങ്കിലും ഒന്നനങ്ങിയത്. സസ്പെൻഷനും പിരിച്ചുവിടലുമൊക്കെയായി രംഗമൊന്ന് കൊഴുത്തു. ഇതു എവിടെ വരെ? എത്ര നാളത്തേക്ക്? ഇത്രയും നാൾ ഈ സംവിധാനങ്ങൾ എവിടെയായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാ ആക്രമം തുടരുമ്പോൾ ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ ക്രമസമാധാനച്ചുമതലയിൽ തന്നെ തുടരുന്നുവെന്നാണ് ഇന്റലിജൻസിന്റെ റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ 2 ഡിവൈഎസ്പിമാർക്കും നാല് സിഐമാർക്കും തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു ഡിവൈഎസ്പി ക്കും ഗൂണ്ടാ - മണ്ണ് മാഫിയകളുമായി ബന്ധമുണ്ടെന്നു പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു ജില്ലകളിലും ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗുണ്ടകളെ പിടിക്കാനുള്ള ഓരോ നീക്കവും സേനയ്ക്കുള്ളിൽ നിന്നു തന്നെ ചോരുന്നുവെന്നതും അവിതർക്കിതമായ വസ്തുത.
എന്നിട്ടും വല്ല നടപടിയും ഉണ്ടായോ? അവർക്ക് സംരക്ഷണവും ഇഷ്ടപ്പെട്ട ലാവണവുമൊരുക്കി പുഷ്ടിപ്പെടുത്തലായിരുന്നില്ലേ ഇതുവരെയും ചെയ്തുകൊണ്ടിരുന്നത്. ഒരു നടപടിക്ക് തുടക്കമിടാൻ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരൻ തന്നെ ആക്രമിക്കപ്പെടേണ്ടിവന്നു.
പൊലീസിന്റെ ഗൂണ്ടാ - ക്രിമിനൽ - മാഫിയ ബന്ധങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ടെങ്കിലും അതിലൊന്നും നടപടി സ്വീകരിക്കാതെ പ്രശ്നം മൂടിവയ്ക്കുന്നതും ഒതുക്കി തീർക്കുന്നതും അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നതുമാണ് സ്ഥിരം പതിവ്. ഗുണ്ടാ ബന്ധമുള്ള പൊലീസുകാർക്കെതിരേ നിരന്തരം പോരാടിയിട്ടും അവരെ സംരക്ഷിക്കാൻ പൊലീസ് ആസ്ഥാനം തന്നെ നിയമവിരുദ്ധമായ പ്രതിരോധം ഉയർത്തി നടത്തിയ കുൽസിത നീക്കങ്ങൾ തന്നെ ഇതിന് ഉദാഹരണം. ഗുണ്ടാ ലിസ്റ്റിൽ പെട്ടവരുമായി ബന്ധമുള്ള പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് 2009 കാലഘട്ടത്തിൽ അന്നത്തെ എ. ഡിജിപി സമർപ്പിക്കുകയുണ്ടായി.
8 -7- 2009 ൽ 2659 നമ്പരായി ഞാൻ ഇക്കാര്യം സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റിപ്പോർട്ട് സർക്കാരിൽ ലഭിച്ചിട്ടില്ല എന്ന് മറുപടി നൽകി അന്നത്തെ ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. തുടർന്ന് 16 -7 -2009 ൽ ഡിജിപിക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയതിന് ഇത് പൊലീസ് ആസ്ഥാനത്ത് അതീവ രഹസ്യമായി സൂക്ഷിക്കുന്ന രേഖകൾ ആയതിനാൽ വിവരാവകാശ നിയമത്തിലെ 24 വകുപ്പ് പ്രകാരം വെളിപ്പെടുത്താനാവില്ല എന്ന മറുപടിയാണ് ഐപിഎസുകാരനായ അസി. ഐജി യിൽ നിന്നുണ്ടായത്.
നിയമത്തിന്റെ നഗ്നമായ ദുർവ്യാഖ്യാനം. 24 ആം വകുപ്പ് പ്രകാരമുള്ള നിരോധനം അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബാധകമല്ലെന്ന് നിയമത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ കാര്യം കൂടുതൽ സ്പഷ്ടീകരിച്ചു 22 -1- 2008 ൽ ജി.എ.ഡി. ഉത്തരവിറക്കുകയും 24 പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗങ്ങളും അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകാൻ പബ്ലിക് ഇൻഫൊർമേഷൻ ഓഫിസർമാരെ നിയോഗിക്കണം എന്നും അതിൽ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് ഗുണ്ടാ ബന്ധമുള്ളവരെ സംരക്ഷിക്കാൻ ഐപിഎസ് ഓഫിസർ തന്നെ എനിക്ക് നിയമവിരുദ്ധ മറുപടി നൽകിയത്.
ഈ രേഖകൾ സഹിതം 11- 8- 2009 -നു അപ്പീൽ നൽകിയെങ്കിലും പഴയ പല്ലവി തന്നെ ആവർത്തിച്ച് അപ്പീൽ അധികാരിയായ ഹെഡ് ക്വാർട്ടേഴ്സ് ഐജി. അത് തള്ളുകയാണുണ്ടായത്. എന്നുമാത്രമല്ല ഗുണ്ടാ ബന്ധം അഴിമതിയുമായോ മനുഷ്യാവകാശ ലംഘനവുമായോ ബന്ധപ്പെട്ടവയല്ലെന്നുള്ള വിചിത്രമായ നിരീക്ഷണവും ആ മറുപടിയിലുണ്ടായിരുന്നു.
ഗൂണ്ടാ ലിസ്റ്റിൽ പെട്ടവരുമായി പോലീസിനുള്ള അവിഹിതബന്ധം അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമ ല്ലാതെ മറ്റെന്താണ്? ഗുണ്ടകളെ സംരക്ഷിക്കുകയും അവരെ ആക്രമത്തിന് നിയോഗിക്കുകയും ചെയ്യുന്നത് ഏതുതരം വിശുദ്ധ നടപടിയാണ്? ഗുണ്ടാ ആക്രമങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനമല്ലാതെ മറ്റെന്താണ്? ഈ തിരിച്ചറിവ് പോലും പൊലീസിനു ഉണ്ടായില്ലെങ്കിൽ പിന്നെ ജനങ്ങളുടെ സ്വൈരജീവിതവും സുരക്ഷയും എങ്ങനെ ഉറപ്പാക്കാനാവും?
പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തള്ളിയ എന്റെ അപ്പീലിന്മേൽ ഞാൻ വിവരാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും രഹസ്യ രേഖ എന്ന പൊലീസ് വാദം അംഗീകരിച്ചുകൊണ്ട് എന്റെ അപേക്ഷ തള്ളുകയാണ് ഉണ്ടായത്. അതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസ് വാദം അതേപോലെ അംഗീകരിച്ച സിംഗിൾ ബെഞ്ചും പെറ്റീഷൻ തള്ളി. അതിനെതിരേ ഫയൽ ചെയ്ത അപ്പീൽ പെറ്റീഷൻ പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ അടങ്ങിയ ഡിവിഷൻ ബെഞ്ച് എഡിജിപിയുടെ റിപ്പോർട്ടിൻ മേൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയുണ്ടായി.
ഇന്ന് പൊലീസിന്റെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോർട്ടുകൾ കൊണ്ട് അരങ്ങു നിറയുമ്പോൾ അന്ന് എന്റെ പരാതി തമസ്കരിക്കാൻ വഴിവിട്ട വാശിയും വ്യഗ്രതയും പ്രകടിപ്പിച്ചവർക്ക് അൽപ്പമെങ്കിലും പശ്ചാത്താപം ഉണ്ടാകുമോ? വിവരങ്ങൾ പുറത്തുവിടുകയും അന്നേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് ഇത്രയും വ്യാപ്തി അതിനു ഉണ്ടാകുമായിരുന്നോ? പൊലീസ് വാദം അതേപോലെ അംഗീകരിച്ച വിവരാകാശ കമ്മിഷനും ഹൈക്കോടതിയും നിയമവ്യവസ്ഥയെയും സ്വൈര ജീവിതത്തെയും വെല്ലുവിളിക്കുന്ന ഗുരുതര പ്രശ്നം എന്ന നിലയിൽ അല്പം കൂടി ജാഗ്രത പ്രകടിപ്പിച്ചിരുന്നെങ്കിൽ ഈ അഗാധ ഗർത്തo രൂപപ്പെടുന്നത് ഒഴിവാക്കാമായിരുന്നില്ലേ?
നിയമലംഘകരാണെങ്കിലും അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നത് തുടർക്കഥയാകുമ്പോൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനെപ്പറ്റി വേവലാതിപ്പെട്ടിട്ട് എന്ത് കാര്യം? നിരപരാധിയായ ഒരു മലയാളി യുവാവിനെ സമ്മർദം ചെലുത്തിയും നിർബന്ധിച്ചും ഒരു വിദേശ രാജ്യത്ത് എത്തിച്ചു രണ്ടു വർഷത്തിലധികം അവിടുത്തെ ജയിലിൽ അടയ്ക്കാൻ ഇടയാക്കിയ പൊലീസ് ഓഫിസർ ഇപ്പോഴും സർവീസിൽ വിരാജിക്കുന്നു എന്നത് സംരക്ഷണ കവചത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഈ യുവാവ് ആ രാജ്യത്തുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിട്ട് പിന്നീട് മറ്റൊരു രാജ്യത്തേക്ക് പോയി. അതിനുശേഷം ആ കമ്പനിയിൽ കുഴപ്പം കാണിച്ച ഒരു ഉത്തരേന്ത്യക്കാരൻ അത് ഇയാളുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമം നടത്തി. അതിന്റെ ഭാഗമായി അയാൾ ഈ യുവാവിന്റെ നാട്ടിലെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് ആയിരുന്ന ഈ പൊലീസ് ഓഫിസറെ സമീപിക്കുന്നു. ഒരു പരാതി പോലുമില്ലാതെ ഈ യുവാവിനെ നാട്ടിലെത്തിച്ച് അവിടെ എത്തിക്കാനുള്ള 'ക്വട്ടേഷൻ' ഈ എസ്പി ഏറ്റെടുക്കുന്നു. നേരിട്ടും സ്ഥലം എസ്ഐ മുഖേനയും വീട്ടുകാരെ നിരന്തരം സമ്മർദത്തിലാക്കി ഈ യുവാവിനെ അയാൾ അപ്പോൾ ജോലി ചെയ്തുകൊണ്ടിരുന്ന രാജ്യത്തുനിന്നും നാട്ടിലെത്തിക്കുന്നു. എന്നിട്ട് സ്ഥലം എസ്ഐയെ കൂട്ടി ആദ്യം ജോലി ചെയ്ത രാജ്യത്തേക്ക് വിമാനം കയറ്റി അയക്കുന്നു. വിമാനത്താവളത്തിൽ നിന്ന് തന്നെ അറസ്റ്റിലായ യുവാവ് അവിടെ ജയിലിലാവുന്നു.
ഇത് സംബന്ധിച്ച അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടിലിനു ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു. സത്യസന്ധനായ അന്നത്തെ ഒരു എഡിജിപി നടത്തിയ അന്വേഷണത്തിൽ എസ്പി നിയമവിരുദ്ധമായാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും ഇതിന് അടിസ്ഥാനമായി ഒരു പരാതി പോലും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഡിപ്പാർട്ട്മെന്റിന്റെ അനുമതി പോലും വാങ്ങാതെയാണ് എസ്ഐയെ യുവാവിന്റെ കൂടെ വിദേശത്തേക്ക് അയച്ചതെന്നും നടപടി തെറ്റുകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.പിക്കെതിരേ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല ഇന്നും ആ ഓഫിസർ സേനയിൽ ആടയാഭരണങ്ങളോടെ വാഴുകയുമാണ്. പരാതിക്കാരൻ എന്ന നിലയിൽ എനിക്ക് ലഭിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ശുപാർശകളും കടലാസിന്റെ വില പോലുമില്ലാതെ അവശേഷിച്ചത് മിച്ചം!
പത്രപ്രവർത്തകനായ ഉണ്ണിത്താൻ വധശ്രമ കേസ് ആദ്യം തേച്ചു മായിച്ചു കളയാൻ ശ്രമിച്ചെങ്കിലും പുനർ അന്വേഷണത്തിൽ പൊലീസ് തന്നെ ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്തെന്ന് തെളിയുകയും രണ്ട് ഡിവൈഎസ്പിമാർ ഒടുവിൽ അകത്താവുകയും ചെയ്തു. ഈ കേസ് ഒതുക്കി ആക്രമി സംഘത്തെ രക്ഷിക്കാൻ ഡിഐജി.നേരിട്ട് ശ്രമിച്ചു എന്ന് ഡിവൈഎസ്പി തന്നെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ കേസിലെ കഥാനായകനായ എസ്പി.യാണ് പ്രൊമോഷനെ തുടർന്ന് പിന്നീട് ഡിഐ.ജിയായി മാറിയ ഈ ഡിഐജി എന്നത് സ്വാധീനം തീർക്കുന്ന സംരക്ഷണ കവചത്തിന്റ വ്യാപ്തി തന്നെയാണ് വ്യക്തമാക്കുന്നത്.
പൊലീസ് സേനയിലെ കറുത്ത പാടുകളായ ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന മിനിമം നടപടികളെങ്കിലും ഉണ്ടാവേണ്ടേ? നിയമവാഴ്ച ഉറപ്പാക്കേണ്ട പൊലീസ് അതിനെ വെല്ലുവിളിക്കുന്ന പ്രഖ്യാപിത നിയമലംഘകരായ ഗുണ്ടകളുമായി ബന്ധമുറപ്പിക്കുന്നതിലെ വൈരുദ്ധ്യം ഇനി ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്? ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കാതെ കാക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അതിനു സേനയുടെ ശുദ്ധീകരണം അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ എങ്കിൽ വൈകിയാണെങ്കിലും അത്രയും നന്ന്. പക്ഷേ, അത് തുടക്കം കൊണ്ട് ഒടുങ്ങരുത്. ക്രമസമാധാന ചുമതല വഹിക്കുന്ന പല ഉന്നതരെ കുറിച്ചും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടെന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
ഉന്നത തട്ടിപ്പുകാരായ ഏതൊരാൾ പിടിക്കപ്പെട്ടാലും അവരുമായുള്ള പൊലീസിന്റെ സൗഹൃദം ഒഴിയാബാധ പോലെ വെളിപ്പെടുകയാണ്. സന്തോഷ് മാധവന്റെ ഫ്ലാറ്റിൽ നിന്ന് പോലീസ് യൂണിഫോമാണ് കണ്ടെടുത്തതെങ്കിൽ മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ് സങ്കേതത്തിൽ ക്രമസമാധാന പാലനത്തിന്റെ മുഖ്യ ചുമതലക്കാരായ ഡിജിപിയും എഡിജിപിയും വാളും പിടിച്ച് നിൽക്കുന്നതാണ് നമ്മൾ കണ്ടത്. ഇതും മറക്കേണ്ട.
ഇതിനെല്ലാം ഇടയിൽ എന്തായാലും ഗൂണ്ടകൾ പെരുകുകയും സ്വൈര വിഹാരം നടത്തുകയും ചെയ്യുന്നു. കവർച്ച, കൊലപാതകം, പെൺവാണിഭം, നീലച്ചിത്ര നിർമ്മാണം, ലഹരി മരുന്നു വിതരണം, രാഷ്ട്രീയ പ്രതികാരം, ഹവാല തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എല്ലാം അവർ സജീവമാണ്. 8,745 പേർ ഉണ്ടെന്നാണ് പൊലീസിന്റെ കണക്കെങ്കിൽ 15000-ൽ ഏറെ എന്നാണ് സംസ്ഥാന ഇന്റലിജൻസിന്റെ കണക്ക്. ഗുണ്ടകളെ അമർച്ച ചെയ്യാൻ പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' ഉന്നത ഉദ്യോഗസ്ഥർ തന്നെ പൊളിച്ചടുക്കി എന്നാണ് റിപ്പോർട്ട്. ഇനിയുള്ളത് 'ആഗ് '. ആഗ് കത്തുമോ അതോ കരിന്തിരിയായി അമരുമൊ എന്നാണ് ഇനി അറിയേണ്ടത്.
എന്തായാലും ഇതിൽ പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയെയും ആർജവത്തെയും ആശ്രയിച്ചിരിക്കും നമ്മുടെ സ്വൈര്യ ജീവിതത്തിന്റെ ഭാവിയും നിലനിൽപ്പും.