
ഗോവയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ- സർദാരി കൂടി പങ്കെടുത്ത ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ)യുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഭീകര പ്രവർത്തനത്തിനെതിരേ നൽകിയ ശക്തമായ താക്കീത് ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നതായി. ഭീകര പ്രവർത്തനത്തെ നേരിടുന്നതിൽ ശ്രദ്ധിക്കാതിരിക്കുന്നത് സുരക്ഷാ താത്പര്യങ്ങൾക്കു വിരുദ്ധമായി തീരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊവിഡ് മഹാമാരിക്കാലത്തും ഭീകരപ്രവർത്തനം തടസമില്ലാതെ തുടർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം തടയേണ്ടതിന്റെ ആവശ്യകതയും ബിലാവലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഭീകര പ്രവർത്തകർക്കു സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ അടയ്ക്കണമെന്നും സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനത്തിരുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി അംഗരാജ്യങ്ങളെ ഓർമിപ്പിക്കുകയുണ്ടായി.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ ഗൗരവമായി ബാധിക്കുന്നതിനാൽ വച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശമാണ് അദ്ദേഹം പരോക്ഷമായി പാക്കിസ്ഥാനു നൽകിയത്. ഹസ്തദാനമില്ലാതെ കൈകൂപ്പി നമസ്കാരം പറഞ്ഞ് ബിലാവലിനെ സ്വീകരിച്ച ശേഷമായിരുന്നു ജയശങ്കറിന്റെ ഭീകര പ്രവർത്തനത്തിനെതിരായ പ്രസംഗം. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഭീകരപ്രവർത്തനത്തിനെതിരേ സംസാരിക്കുകയുണ്ടായി. ആഗോള സുരക്ഷയ്ക്കു ഭീകരപ്രവർത്തനം ഭീഷണിയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതു കൂട്ടായ ഉത്തരവാദിത്വമാണെന്നുമാണ് ബിലാവൽ പറഞ്ഞത്. ഭീകരരുടെ കൈകൊണ്ട് കൊല്ലപ്പെട്ട അമ്മ (ബേനസീർ ഭൂട്ടോ)യുടെ മകനാണു താനെന്ന് ബിലാവൽ ഓർക്കുന്നുണ്ടായിരുന്നു. ഭീകരർ വളരെയേറെ ദുരന്തങ്ങളുണ്ടാക്കിയിട്ടുള്ള നാടാണു പാക്കിസ്ഥാനെന്നും ബിലാവൽ ചൂണ്ടിക്കാണിച്ചു.
എന്നാൽ, മേഖലയിൽ നിന്നു ഭീകരപ്രവർത്തനം തുടച്ചുനീക്കുന്നതിൽ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന ബിലാവലിന്റെ വാക്കുകൾ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വിഷയം. പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിലുള്ള സമയത്തു തന്നെയാണ് ജമ്മു കശ്മീരിൽ പാക് പിന്തുണയുള്ള ഭീകരവാദികൾ സ്ഫോടനത്തിലൂടെ അഞ്ച് ഇന്ത്യൻ സൈനികരുടെ ജീവനെടുത്തിരിക്കുന്നത്. രജൗരി ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം അറിഞ്ഞ് അവരെ നേരിടാനിറങ്ങിയ ധീരസൈനികരിൽ ഉൾപ്പെട്ടവർക്കാണ് ഭീകരർ ആസൂത്രണം ചെയ്ത സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം ജമ്മു മേഖലയിൽ സൈനിക ട്രക്ക് ആക്രമിച്ച ഭീകരസംഘമാണ് രജൗരിയിലെ കാൻഡി വനത്തിൽ ഉണ്ടായിരുന്നതെന്നു സൈന്യം വിശദീകരിക്കുന്നുണ്ട്.
ജമ്മു കശ്മീരിൽ ഇന്ത്യൻ സൈനികർ അടക്കം നിരവധിയാളുകളുടെ ജീവൻ കവർന്നവരാണ് പാക്കിസ്ഥാനിൽ നിന്ന് ഇങ്ങോട്ടു നുഴഞ്ഞുകയറിയും പാക് മണ്ണിലുള്ള ഭീകര ക്യാംപുകളിൽ പരിശീലനം നേടിയും ഇവിടെ ആക്രമണം അഴിച്ചുവിടുന്ന ഭീകരർ. ഏറെ വർഷങ്ങളായി ഇന്ത്യ ഇവരെ നേരിടാൻ കഠിനപ്രയത്നം ചെയ്യുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവൻ ബലി നൽകിയ സൈനികരുടെ ത്യാഗം ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ല. ഭീകരരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാട് തിരുത്താതെ ബിലാവൽ ഭീകരവാദത്തിനെതിരേ സംസാരിക്കുന്നതിലും കഴമ്പില്ല. സമീപകാല പാക് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു തന്നെയുണ്ട് ബിലാവലിന്. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാനിൽ നിന്ന് യാതൊരുവിധ പിന്തുണയും കിട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നതാണു കാതലായ വിഷയം.
പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാക്കിസ്ഥാനിലെ ഒരു സീനിയർ നേതാവ് ഇന്ത്യ സന്ദർശിക്കുന്നത്. 2011ൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ ഇന്ത്യയിലെത്തി അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുമായി ചർച്ച നടത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു ചർച്ചകൾ തുടരാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോഴും മറുവശത്ത് ഭീകരരെ സഹായിക്കുന്ന നിലപാട് പാക്കിസ്ഥാൻ തുടരുകയായിരുന്നു. ഭീകരർക്കു പിന്തുണ നൽകുന്നതിൽ നിന്ന് പാക്കിസ്ഥാൻ പുറകോട്ടു പോകാത്ത സാഹചര്യത്തിലാണ് അവരുമായുള്ള ചർച്ചകൾ ഇന്ത്യ അവസാനിപ്പിച്ചത്.
ഇമ്രാൻ ഖാൻ സർക്കാരിന്റെ പതനത്തെത്തുടർന്ന് ഒരു വർഷം മുൻപാണ് ബിലാവൽ വിദേശകാര്യ മന്ത്രിയായ ഷെഹ്ബാസ് ഷെരീഫ് സർക്കാർ പാക്കിസ്ഥാനിൽ അധികാരമേറ്റത്. ഈ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയാണ് ഹിന റബ്ബാനി. ഹിന ഇന്ത്യയിൽ വന്നുപോയ ശേഷമുള്ള 12 വർഷത്തിനിടയിൽ ഭീകരരോടുള്ള പാക് സ്നേഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഇതിനിടെ, ഭീകരരെ സഹായിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാനും ഇന്ത്യയ്ക്കായി. ഇന്ത്യയിൽ വന്ന് ഭീകരപ്രവർത്തനത്തിനെതിരേ സംസാരിച്ച ബിലാവൽ ആ വാക്കുകളോടു നീതി കാണിക്കുമോ എന്നതാണ് അറിയേണ്ടത്.