
#എം.കെ. ഹരികുമാർ
ഒരു വലിയ കലാകാരനെ, എഴുത്തുകാരനെ, കാലം ആവശ്യപ്പെടുകയാണ്. ഊഷരമായ കാലമാണെങ്കിൽ പോലും അതിന്റെ അസംബന്ധത്തിൽ നിന്നും കാലുഷ്യത്തിൽ നിന്നും നശ്വരതയിൽ നിന്നും കലാകാരനെ നിർമിച്ചെടുക്കും. ഒരു കാലഘട്ടം ആവശ്യപ്പെടുന്ന ആവിഷ്കാരത്തിന്റെ ആത്മാവ് വലിയ ഒരു മനസിൽ രൂപപ്പെടുകയാണ് ചെയ്യുന്നത്. കാലഘട്ടത്തിന്റെ ജീനിയസാണ് ഉണരുന്നത്. കാലത്തിന്റെ അപര്യാപ്തകൾ സംവേദനം ചെയ്യപ്പെടുന്ന ഒരു മനസ് അനിവാര്യമാവുകയാണ്. ഹിറ്റ്ലറിന്റെ ഏകാധിപത്യ കാലത്ത് ചാർളി ചാപ്ളിനു അതിന്റെ പ്രത്യാഘാതങ്ങളെ ഉൾക്കൊള്ളാതിരിക്കാനാവില്ല. അതാണ് വലിയ മനസിന്റെ പ്രത്യേകത. അദ്ദേഹം ഹിറ്റ്ലറെ കളിയാക്കി 'ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന സിനിമയെടുത്തു.
ഭ്രാന്തു പിടിച്ച പരൽമീനുകൾ
ചാപ്ളിൻ മറ്റെല്ലാ സൗഭാഗ്യങ്ങളും ഉണ്ടായതുകൊണ്ട് കലാകാരനായതല്ല; കലാകാരനാവാതെ അദ്ദേഹത്തിനു ജീവിക്കാൻ കഴിയില്ലായിരുന്നു. തന്റെ ശിരസിനുള്ളിൽ ദൈവം തിരുകിവച്ച ഭ്രാന്തുപിടിച്ച പരൽമീനുകളെ അടക്കിയിരുത്താൻ വേണ്ടി ചാപ്ലിൻ ഒരു കഥാപാത്രമായി വെള്ളിത്തിരയിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. അതാണ് പ്രശസ്തമായ 'ദ് ട്രാമ്പ്'. അദ്ദേഹം ഒരു തെരുവുതെണ്ടിയായി അഭിനയിച്ചു. ചലച്ചിത്രം എന്ന വ്യവസായമല്ല അത്. കാലഘട്ടത്തിന്റെ സകലമാന മനുഷ്യചേഷ്ടകളും പുറത്തുകൊണ്ടുവരുന്ന ഒരു സാക്ഷ്യമാണ് ചാപ്ലിൻ ഏറ്റെടുത്തത്. തടിച്ചു വളർന്ന വ്യവസ്ഥാപിത നിർവികാരതകൾക്കിടയിൽ വ്യക്തി എത്രത്തോളം പരിഹാസ്യനും ബധിരനും നിന്ദ്യനും കാലഹരണപ്പെട്ടവനുമാകാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു, തെരുവുതെണ്ടിയുടെ കഥാപാത്രത്തിലൂടെ.
യിദ്ദിഷ് ഭാഷയിൽ എഴുതി നോബൽ സമ്മാനം ലഭിച്ച പോളിഷ് - അമെരിക്കൻ എഴുത്തുകാരൻ ഇസാക്ക് ബാഷേവിസ് സിംഗർ (1902-1991) പറഞ്ഞു: ഏതൊരു സൃഷ്ടികർത്താവും അനുഭവിക്കുന്ന വേദനയാണ് അയാളുടെ അന്തഃകരണത്തിലെ ദർശനവും അതിന്റെ ആവിഷ്കാരവും തമ്മിലുള്ള വിടവ്. നമുക്കെല്ലാം ഉറച്ച ബോധ്യമുണ്ട്. നമ്മൾ കടലാസിൽ എഴുതുന്നതിനെക്കാൾ കൂടുതൽ പറയാനുണ്ടെന്ന്. ഒരുപക്ഷേ, ഇതൊരു മതിഭ്രമമായിരിക്കാം'. ഒരു കവിയുടെയോ എഴുത്തുകാരന്റെയോ കലാകാരന്റെയോ നിത്യമായ സംഘർഷമാണിത്. ചിലപ്പോൾ കലാകാരൻ അലയുന്ന ഒരു ഭ്രാന്തനെപ്പോലെ സ്വയം നഷ്ടപ്പെടുന്നു. വാക്കുകൾക്ക് തീവിലയാവുന്നു. അപ്പോൾ വാക്കുകൾ നിഘണ്ടുവിലിരുന്ന് ചിരിക്കുകയാണ്. എന്താണ് ആ ചിരിയുടെ അർഥം? നിഘണ്ടുവിലെ വാക്കുകളുടെ അർഥം ഒരു കവിയെയും രക്ഷിച്ചിട്ടില്ല. അതിനപ്പുറത്ത്, അന്തരീക്ഷത്തിൽ നിന്ന് വാക്കുകളുടെ ആന്തരിക ജീവിതവും ഋഷിബോധവും സമാഹരിച്ചുവേണം അയാൾക്ക് തന്റെ എടാകൂടങ്ങൾ ഒരുക്കിയെടുക്കാൻ. ഒരു കവി ദീർഘകാലത്തേക്ക് അലയുന്നത് അതിനുവേണ്ടിയാണ്. അയാളിൽ ദീർഘകാലത്തേക്ക് കത്തിജ്വലിക്കുന്ന ജനിതക രഹസ്യമാണത്. അതാണ് പതിറ്റാണ്ടുകളോളം തന്റെ ആന്തരികമായ അനുഭവങ്ങൾക്കും ആത്യന്തികമായ ആവിഷ്കാരങ്ങൾക്കും ഇടയിലുള്ള വിടവ് പരിഹരിക്കാനാവാതെ സംഘർഷമനുഭവിക്കുന്നത്.
പ്രിയപ്പെട്ടതിനെ കൊല്ലണം
ഈ തരത്തിൽ യാതൊരു വേദനയും അനുഭവിക്കാതെ പ്രകൃതിയെക്കുറിച്ചും വിശേഷവേളകളെക്കുറിച്ചും ഉപരിപ്ളവമായി എഴുതുന്നവരുണ്ട്. എന്നാൽ സ്വന്തമായി രണ്ടു വരി എഴുതാൻ ഇക്കൂട്ടർക്ക് കഴിയില്ല. സ്വന്തമായി എഴുതാൻ കവി തനിക്ക് പരിചയമുള്ളതിനെയെല്ലാം കൊല്ലുക തന്നെ വേണം. എന്നു പറഞ്ഞാൽ സർവനാശം എന്നല്ല അർഥം. തന്റെ പരിചയത്തിലുള്ളതും നിലവിലിരിക്കുന്നതുമായ സൗന്ദര്യബോധത്തെ അതേപടി അനുകരിക്കാനോ പകർത്തിയെഴുതാനോ ഗൗരവബുദ്ധിയുള്ള ഒരു കവി തയാറാവുകയില്ല. അങ്ങനെ ചെയ്താൽ അയാളുടെ മനംപിരട്ടില് വർധിക്കും. അയാൾ രോഗിയാവും; ജീവിക്കാൻ തോന്നുകയില്ല. അയാൾ തന്റെ സ്വന്തം കാഴ്ചകളാണ് തേടുന്നത്. അതിനായി വസ്തുക്കളുടെയുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു.
ചൈനീസ് നോവലിസ്റ്റ് ഗാവോ സിങ്ജിയാൻ എഴുതി: 'യാഥാർഥ്യം ഞാൻ തന്നെയാണ്, ഈ സന്ദർഭത്തിന്റെ വീക്ഷണമാണ് യാഥാർഥംയം. അത് മറ്റൊരാളുമായി ബന്ധപ്പെടുത്താനാവില്ല'. ഇതനുസരിച്ച് കവി തന്നെയാണ് യാഥാർഥ്യമെന്നു പറയാം. എ. അയ്യപ്പനെ ഒരു വ്യത്യസ്തനായ കവിയായി കാണുന്നത് അതുകൊണ്ടാണ്. അയ്യപ്പൻ കവിതയല്ലാതെ മറ്റൊന്നും സ്വീകരിച്ചില്ല. കവിതയെഴുതാൻ വേണ്ടി ഇത്രയും കഷ്ടപ്പെടണോ എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. എന്നാൽ കവി പ്രിയപ്പെട്ടതിനെയെല്ലാം കൊന്ന്, ആവർത്തനം വരാതിരിക്കാൻ, പഴയതിന്റെ തനിപ്പകർപ്പുകൾ എല്ലാം ഇല്ലാതാക്കിയ ശേഷം, പുതിയ ഒരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രിയപ്പെട്ടതെല്ലാം അയാൾ നശിപ്പിക്കുന്നു. കാരണം, പ്രിയപ്പെട്ടതിനെ വീണ്ടും അവതരിപ്പിക്കാനാവില്ല. അത് ക്ളീഷേയാണ്.
അയ്യപ്പന് താൻ ജീവിച്ചിരിക്കുന്നതിന്റെ അർഥവും നീതിയും തെളിവുമാണ് കവിത. കവിതയെഴുതിക്കൊണ്ടുള്ള ജീവിതം നഷ്ടമോ പരാജയമോ തകർച്ചയോ ആയേക്കാം. അതൊന്നും കവിയെ പരിക്ഷീണിതനാക്കുന്നില്ല. ഈ ലോകത്ത് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരിൽ എത്ര പേർക്കുണ്ട്, അവർ നേരത്തെ തന്നെ കണക്കുകൂട്ടി ഉറപ്പിച്ച വിജയവും ലാഭവും? ലോകത്തു ലക്ഷക്കണക്കിനാളുകൾ അവരുടെ തൊഴിലിനെയാണ് ആരാധിക്കുന്നത്. അവർ തൊഴിൽ ചെയ്ത് തൃപ്തി നേടുന്നു. തൊഴിൽ തന്നെയാണ് അവരുടെ ലാഭവും വിജയവും. അപ്പോൾ അയ്യപ്പനെ പോലൊരു കവിക്ക് താൻ പരാജയപ്പെടാൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് ജീവിക്കാം.
ജീവിതം ഒരു ചതുരംഗക്കളി പോലുമല്ല. ചതുരംഗത്തിൽ കരുക്കൾ നീക്കാൻ സമയം കിട്ടും. എന്നാൽ ജീവിതത്തിൽ കരുക്കൾ ഏതെന്ന് പോലും അറിയില്ല. ഒരു വിഭ്രാമകമായ ത്വരയിൽ പലരും പലതും തെറ്റായി ഉപയോഗിക്കുന്നു. സ്വന്തം തെരഞ്ഞെടുപ്പുകളിൽ നിന്നു ചതി ഏറ്റുവാങ്ങുന്നു. കവി തന്റെ പ്രിയപ്പെട്ടതിനെയെല്ലാം കൊല്ലുക തന്നെ വേണം. അപ്പോൾ മാത്രമാണ് അയാളുടേത് മാത്രമായ വീക്ഷണവും, ലോകവും സൃഷ്ടിക്കാനാവൂ. ഈ ആഗ്രഹം പ്രാപഞ്ചികമായ ഉണർവിന്റെ ഭാഗമാണ്. പ്രപഞ്ചസത്യത്തിന്റെ ഉറവയാണത്. അയാൾ സ്വന്തം നഗ്നസത്യങ്ങളുടെയും നിരാലംബമായ അനുഭവങ്ങളുടെയും ഇരുണ്ടപഥങ്ങളിൽ ഒറ്റയ്ക്ക് നിൽക്കുക തന്നെ വേണം. അയാൾ രാത്രിയിൽ, സത്യത്തെ നിലാവ് എന്നപോലെ പാനം ചെയ്യുകയാണ്.
ജീവിതത്തിന്റെ മറുവശം
അയ്യപ്പൻ എന്ന കവി ദീർഘകാലം കവിത നൽകിയ ലഹരിയിൽ സകലതും ത്യജിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്ത് ജീവിച്ചപ്പോൾ അത് ആകെയുള്ള ജീവിതമായിത്തീർന്നു. കവി കവിത എന്ന പ്രത്യേക അനുഭവത്തെ ചിന്തേരിട്ട് നന്നാക്കുകയല്ല; മറ്റു മാർഗമില്ലാതെ, അന്തരിന്ദ്രിയങ്ങളുടെയും ജ്ഞാനേന്ദ്രിയങ്ങളുടെയും അലൗകികസംഗീതത്തെ തേടി സ്വപ്നത്തിലെന്നപോലെ അലയുമ്പോൾ അതിനെ കവിതയെന്ന് അയാൾ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. കവിതകൾ എന്നും ഉണ്ടായിട്ടുണ്ട്. എത്രയോ നൂറ്റാണ്ടുകളായി കവികൾ എഴുതുന്നു. ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമായ കവികൾ കനത്ത ശമ്പളം പറ്റിക്കൊണ്ട് ലോകത്തിനുവേണ്ടി നിരാശയും സന്തോഷവും സമാസമം ചേർത്തുള്ള കവിതകൾ എഴുതിക്കൊടുക്കുന്നു. അതൊക്കെ ജനാധിപത്യപരമായി നടന്നുപോരുന്ന കാര്യങ്ങളാണ്. എന്നാൽ ഒരു നീണ്ട കാലയളവിൽ എഴുത്തിന്റെയും വായനയുടെയും ലോകത്ത് സ്വയം നഷ്ടപ്പെട്ടു, ഭൗതികജീവിത മൂല്യനിർണയങ്ങളിൽ നിന്ന് അകന്നു ജീവിക്കുന്ന ഒരു കവിയുടെ അവസ്ഥ വേറെയാണ്. അയാൾ ചെത്തിത്തേച്ച എല്ലാ ബഹുവർണ ജീവിത വിസ്മയങ്ങളുടെയും നിറക്കൂട്ടുള്ള ആഘോഷങ്ങളുടെയും ഇടയിൽ നിന്ന് അപസ്മാരബാധിതനെ പോലെ എങ്ങോട്ടോ നടന്നു പോകുന്നു.
നമ്മുടെ ജീവിതത്തിന്റെ മറുവശം അല്ലെങ്കിൽ നമ്മൾ ഇരുണ്ടതെന്ന് പറഞ്ഞു ഉപേക്ഷിച്ച ഭാഗം കാണിച്ചു തരാൻ വേണ്ടി പ്രകൃതി അയാളെ തെരഞ്ഞെടുക്കുകയാണ്. അയാൾ അതിന്റെ കുരിശ് ചുമക്കുകയാണ്.
തലയിൽ വലിയ ശിഖരങ്ങളോടുകൂടിയ കൊമ്പുകളുള്ള മാനുകൾ ഒരു കാട് തന്നെ ചുമക്കുകയാണ്. കാടിന്റെ പ്രതീകമാണത്. അയ്യപ്പനെ പോലുള്ള കവിക്ക് ലഹരി പടർത്തുന്ന സദസുകളിലും ആർഭാട പൊതുയോഗങ്ങളിലും ചെല്ലുമ്പോൾ തന്റെ ശിരസിലെ കാടു ഒളിപ്പിക്കാനാവില്ല. ആ കാടുമായി അയാൾ നഗരമധ്യത്തിലെ കെട്ടിടങ്ങളുടെ സമീപം സ്വയം മറക്കുന്നു. അതിൽ സ്വാഭാവികമായ ഒരു കവിതയുണ്ട്. ആ കവിതയിൽ ആകാശത്തിന്റെ നിറമുള്ള, എന്നാൽ രക്തത്തിന്റെ രുചിയുള്ള കുറെ വാക്കുകളുണ്ട്. നിഘണ്ടുവിൽ നിന്ന് എന്നേക്കുമായി വിടപറഞ്ഞ ആ വാക്കുകള് മറ്റൊരു ആകാരമായി, ഉള്ളടക്കമായി കവിതയിൽ കയറിയിരുന്നു കണ്ണ് ചിമ്മുന്നു. അയ്യപ്പന്റെ വരികൾ ഇങ്ങനെ:
'എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധന്റെ സിഗ്നൽ അന്ധത
രാത്രിയിലും അവനിങ്ങനെയാണ്
ചുവപ്പും പച്ചയും അറിയില്ല
ഭ്രാന്തൻ ട്രാഫിക് നിയന്ത്രിക്കുന്നത് കാണുക
ഹായ് ! എത്ര കൃത്യതയോടെ
റോഡ് മുറിച്ചു പോകുമ്പോഴും
ഒരാൾ ന്യൂസ് പേപ്പർ വായിക്കുന്നു '
(റോഡ് മുറിച്ചു കടക്കുമ്പോൾ )
ജീവിതത്തെ അറിയുമ്പോൾ കവി വേദാന്തിയോ ഋഷിയോ ആകുകയാണ്. വസ്ത്രങ്ങൾ നഷ്ടപ്പെടുമ്പോൾ നഗ്നത തനിയെ വരും. നമ്മൾ മൂടിവച്ച മനസിനെ കവി അനാവൃതമാക്കുമ്പോൾ വാക്കുകൾക്ക് പുതിയ അർഥങ്ങൾ പിറക്കുന്നു. അയ്യപ്പൻ കവിത കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു.
അദ്ദേഹം കവിതയെഴുതി എന്ന് പറയുന്നതിനെക്കാൾ കവിത അദ്ദേഹത്തിലൂടെ മുക്തി നേടി എന്ന് പറയാവുന്നതാണ് ശരി.
കൽപ്പറ്റ നാരായണന്റെ കവിത
കൽപ്പറ്റ നാരായണന്റെ ലേഖനങ്ങളാണ് മനസ്സിൽ നിൽക്കുന്നത്. ഇപ്പോഴും അദ്ദേഹത്തിനു കവിതയിലെ യൗവനം എന്താണെന്ന് പിടികിട്ടിയിട്ടില്ല. കവിത യൗവനമാണ്, ജീവിതരതിയുടെയും ജീവിതപ്രേമത്തിന്റെയും. യുവതയാണ് പുതിയ ലോകത്തെ കാണുന്നത്. ആ തൃഷ്ണ കവിതയിലുണ്ടാകണം.
നാരായണന്റെ 'ഊർമിള' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 2)എന്ന കവിതയിലെ ചില വരികൾ നോക്കൂ:
'ലക്ഷ്മണാ,
അങ്ങയെ ഞാൻ
സത്യമെന്ന് കരുതി
അങ്ങ് മിഥ്യയായിരുന്നു.
ചാരി നിന്നപ്പോൾ ഞാൻ വീണു അങ്ങ് അങ്ങിലുണ്ടായിരുന്നില്ല.
എന്റെ വീഴ്ച പൂർണമായിരുന്നു '
ഏത് ഊർമിളയെക്കുറിച്ചാണ് പറയുന്നത് ?രാമായണത്തിലെയാണോ? ഇതുപോലെ ചിന്തിക്കാൻ സ്കൂൾ കുട്ടികൾക്ക് എളുപ്പമാണ്. ദീർഘകാലമായി എഴുതുന്ന നാരായണനിൽ നിന്ന് കുറച്ചുകൂടി ധ്യാനം പ്രതീക്ഷിക്കുന്നു. പഞ്ചറായ ഭാഷയാണിത്. ഒട്ടും തയാറെടുപ്പില്ലാത്ത അലസ രചനയാണ്.
സി. വി. ബാലകൃഷ്ണന്റെ കഥ
ചെറുകഥയെക്കുറിച്ച് സി. വി. ബാലകൃഷ്ണൻ ഇനിയും വ്യക്തമായി ഒരു ധാരണ നേടിയിട്ടില്ലെന്നാണ് ഒടുവിൽ വായിച്ച 'അത്തിമരത്തിന് കീഴെ'(പ്രഭാതരശ്മി, മാർച്ച്)എന്ന കഥയും ബോധ്യപ്പെടുത്തുന്നത്. അദ്ദേഹം സമീപകാലത്തെഴുതിയ ചില കഥകളും ഇതുപോലെയായിരുന്നു. പലപ്പോഴും സിനിമാരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന വിവരണങ്ങൾ കടന്നുവരുന്നു. ഈ കഥയിൽ ഒരാളെ ഏതോ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അയാളെ ഒരു മുറിയിൽ കൊണ്ടുപോയി കിടത്തുന്നതു വരെയുള്ള ഒരു ലഘു വിവരണമാണ് ഇതിലുള്ളത്. രോഗി ആണോ പെണ്ണോ എന്ന് തീർച്ചയാക്കാൻ കഥയുടെ അവസാനം ഡോക്റ്റർ സെബാസ്റ്റ്യൻ എന്ന പേര് വിളിക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. കൂടെ വന്നയാളുടെ പേര് മൈക്കിൾ എന്നാണ്. രണ്ടു പേരും പതിമൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്, പരസ്പരം ജീവിതപങ്കാളി എന്ന നിലയിൽ. കഥ തീർന്നു. ആ ആശുപത്രിയുടെ ചുവരിന്റെയും മുറിയുടെയും മറ്റും വിവരങ്ങൾക്കൊപ്പം രോഗിയുടെ നില തെറ്റിയ ചിന്തകളും കഥയിലുടനീളമുണ്ട്.
എന്തിനാണ് ഇത് എഴുതിയതെന്ന് വ്യക്തമാകുന്നില്ല. ഒരു കഥയുടെ ലക്ഷ്യമെന്താണ്? ഇതുപോലെയുള്ള കഥകൾ ബാലകൃഷ്ണനു എഴുതാമെങ്കിൽ പുതുതലമുറയിൽപ്പെട്ടവർക്ക് എത്ര വേണമെങ്കിലും എഴുതാം. പക്ഷേ, വായനക്കാർ അവരുടെ ദുർബലമായ കരങ്ങൾകൊണ്ട് ഈ കഥകൾ തള്ളിക്കളയുകയും ചെയ്യും.
സുമേഷ് കൃഷ്ണന്റെ കവിത
കവി എ. അയ്യപ്പന് ഒരു സ്മരണാഞ്ജലി എന്നപോലെ എൻ. എസ്. സുമേഷ്കൃഷ്ണൻ എഴുതിയ കവിതയാണ് 'അഴലപ്പൻ'(പ്രസാധകൻ, ഏപ്രിൽ). ജീവിതം വിട്ട് കവിതയുടെ ഉയിരു തേടിയ അയ്യപ്പനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു:
'ദേവവേദിയിലാരുമിരിപ്പിട -
മേകിയില്ല നിനക്കൊരു നാളിലും
എങ്കിലും സൂര്യനേത്രപ്രദീപ്തിയാർ -
ന്നിന്നുമുണ്ടുനിൻ നാകനഭസ്സുകൾ.
ചെമ്പനീർപ്പൂവരിഞ്ഞുവരുന്ന പോ-
ലുള്ള പുഞ്ചിരി, നർമ്മങ്ങൾ, വേദന
ഓർമ്മയിൽ തളിരാർന്നു നിൽക്കുന്നു നിൻ
ജീവിതത്തിന്റെ താളുകളൊക്കെയും'.
എന്നാൽ ഈ കവിതയോടൊപ്പം അയ്യപ്പന്റെ ഒരു ഫോട്ടോ കൊടുക്കാൻ മാഗസിൻ എഡിറ്റർ ശ്രദ്ധിക്കാത്തത് ദുരൂഹമായിരിക്കുന്നു.
ഉത്തരരേഖകൾ
1)ഏറ്റവും നന്നായി പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ നേതാവാരാണ്?
ഉത്തരം: മുൻ എം. പി. സുരേഷ് കുറുപ്പിനെ പോലെ വാക്കിലും രൂപത്തിലും ഭാവത്തിലും ശ്രദ്ധിക്കുന്നവർ അപൂർവമാണ്. സുരേഷ് കുറുപ്പിന്റെ സാന്നിധ്യം തന്നെ പ്രചോദനമായിരിക്കുമെന്നാണ് തോന്നുന്നത്. ആഭ്യന്തര സംഘർഷമുള്ള കവികൾക്ക് കുറുപ്പിനെ പോലെ പ്രത്യക്ഷപ്പെടാൻ പ്രയാസമായിരിക്കും.
2)ആധുനിക കഥാകൃത്തുക്കളായിരുന്ന ടി. ആർ,പട്ടത്തുവിള തുടങ്ങിയവരുടെ കഥകൾ ഇപ്പോൾ വായനക്കാർ എങ്ങനെയാവും സ്വീകരിക്കുക ?
ഉത്തരം: ഇന്നത്തെ വായനക്കാർക്ക് സംവേദന ശേഷി കുറവാണ്. സിനിമയിൽ ഹരിശ്രീ അശോകനെപ്പോലെ കുറെ ഓവറായി ചെയ്താലേ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുകയുള്ളു.
3)ടി. ആർ തുടങ്ങിയവരുടെ കഥകൾ ഇന്നത്തെ സമൂഹത്തിനു ബാധകമാണോ ?
ഉത്തരം:ആ കഥാകൃത്തുക്കൾക്ക് സാമൂഹ്യ ജീവിതത്തോടോ, ചരിത്രത്തോടോ പ്രതിബദ്ധതയില്ലായിരുന്നു. അവർ ചരിത്രത്തെ തിരസ്കരിക്കുകയായിരുന്നു; ചിലപ്പോൾ സൂര്യനെ മുറം കൊണ്ടെന്ന പോലെ മറച്ചുപിടിക്കുകയായിരുന്നു.
4)മുത്തങ്ങ സമരം, ചെങ്ങറ സമരം, വല്ലാർപാടം സമരം തുടങ്ങിയ സമകാലിക പ്രശ്നങ്ങൾ ഒരു കഥയിൽ പോലും കടന്നു വരുന്നില്ലല്ലോ?
ഉത്തരം: കഥാകൃത്തുക്കൾക്ക് ഇന്ന് ലോകപരിചയമില്ല. സ്വന്തം ശമ്പളത്തിലും പ്രശസ്തിയിലും അവാർഡുകളിലുമായി അവർ ഒതുങ്ങി പോയിരിക്കുന്നു.
5)നമ്മുടെ പെണ്ണെഴുത്തുകാർ ഇന്ന് പ്രണയത്തെക്കുറിച്ച് എഴുതുന്നില്ലല്ലോ?
ഉത്തരം: പ്രണയാനുഭവങ്ങളില്ലാത്തതു കൊണ്ടാണ് എഴുതാത്തത്. പ്രണയിക്കാൻ കഷ്ടപ്പെടണം. അത് തീവ്രമായ ഒരു സഹനമാണ്. ഇന്നത്തെ ജീവിതത്തിൽ നമുക്ക് ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ സഹനം എടിഎമ്മിന് മുന്നിലോ, ഹൈപ്പർമാർക്കറ്റിലെ ക്യാഷ് കൗണ്ടറിനു മുന്നിലോ കാത്തു നിൽക്കേണ്ടി വരുന്ന ഏതാനും നിമിഷങ്ങൾ മാത്രം.
6)എം. ടിയുടെ ഏറ്റവും നല്ല കഥ ഏതാണ് ?
ഉത്തരം: ദുഃഖത്തിന്റെ താഴ്വരകൾ
7)ടി. പദ്മനാഭന്റെ മികച്ച കഥ ഏതാണ് ?
ഉത്തരം: കത്തുന്ന ഒരു രഥചക്രം
8)പ്രണയം, ലൈംഗികത, സ്നേഹം എന്നീ വിഷയങ്ങളെക്കുറിച്ച് നമ്മുടെ ഭാഷയിൽ ഏറ്റവും നല്ല കഥകൾ എഴുതിയതാരാണ് ?
ഉത്തരം: മാധവിക്കുട്ടി. അവരുടെ രാജാവിന്റെ പ്രേമഭാജനം, സോനാഗാച്ചി, പ്രേമത്തിന്റെ വിലാപകാവ്യം എന്നീ കഥകൾ ഓർക്കുക.
9)നവസിനിമയെക്കുറിച്ചുള്ള ലേഖനങ്ങൾ ഇപ്പോഴും സത്യജിത് റായിയിലും റിത്വിക് ഘട്ടക്കിലും ഒതുങ്ങി നിൽക്കുകയാണല്ലോ ?
ഉത്തരം: ഒരു പി.എ. ബക്കർ ചലച്ചിത്രോത്സവം, സെമിനാർ ഉണ്ടാകുന്നില്ലല്ലോ. കലയുടെ ആസ്വാദനത്തിനും മനസ്സിലാക്കലിനും എന്തോ സംഭവിച്ചു. രാകേഷ് നാഥ് എഴുതിയ 'പി. എ. ബക്കർ - കലയും മാർക്സിസവും' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
10)ഇന്ന് ഗാനരചയിതാവാകുന്നതോ കവിയാകുന്നതോ നല്ലത്?
ഉത്തരം: ഗാനരചയിതാവാകുന്നതാണ് സുരക്ഷിതം. ഗാനത്തിൽ കാല്പനിക ജീർണതയും ചപലവികാരങ്ങളുമാകാം. സംഗീതം അതെല്ലാം രക്ഷപ്പെടുത്തും. എന്നാൽ കവിതയിൽ അത് കണ്ടാലുടനെ നല്ല വായനക്കാർ കൂവി വിളിക്കും. ഒരു പാട്ടിന്റെ വരികൾ മോശമായതുകൊണ്ട് ആരും കേൾക്കാതിരിക്കില്ല. ഗിരീഷ് പുത്തഞ്ചേരിയാണ് സമീപകാലത്ത് വന്ന ഭേദപ്പെട്ട ഗാനരചയിതാവ്. എന്നാൽ അദ്ദേഹം കവിതയെഴുതിയാൽ ആവർത്തനവും കാൽപ്പനിക ജീർണതയുമാകാനുള്ള സാധ്യത ഏറെയാണ്.
11)സമകാല കഥാസാഹിത്യത്തിൽ കരടി, പുലി,കടുവ, പോത്ത് തുടങ്ങിയ മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്നതിന്റെ വിവരങ്ങൾ പെരുകി വരികയാണല്ലോ?
ഉത്തരം: മിക്കവാറും കഥാകൃത്തുക്കൾക്ക് മനുഷ്യരുമായുള്ള ബന്ധം ഇല്ലാതായി. അവർ സ്വന്തം ചിന്തയുടെയും തൊഴിലിന്റെയും സുഹൃത്തുക്കളുടെയും തടവറയിലാണ്.
എം. കെ. ഹരികുമാർ , ഫോൺ 9995312097, ഇമെയിൽ mkharikumar33@gmail.