
ജ്യോത്സ്യൻ
സമീപ ദിവസങ്ങളില്‍ മണിപ്പുരിൽ കത്തിക്കയറിയ സംഭവങ്ങൾ ഭീതിയോടെയാണ് ജനം നോക്കിക്കണ്ടത്. ആ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്തികള്‍ക്കു പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഗോത്രവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധമാണു കലാപമായി ആളിക്കത്തിയത്. എന്നാല്‍, അതിനു തീപ്പൊരിയായതാകട്ടെ വനസംരക്ഷണത്തിന്റെ പേരിലുള്ള ബിജെപിയുടെ ഒഴിപ്പിക്കല്‍ നീക്കവും.
പരമ്പരാഗതമായ അധിവാസമേഖലയിൽ നിന്നു നൂറുകണക്കിനു കുകി കുടുംബങ്ങള്‍ക്കു കുടിയൊഴിയേണ്ട അവസ്ഥ സംജാതമായപ്പോൾ കുകി സമുദായത്തിനു പുറമേ മറ്റ് ഗോത്രവര്‍ഗക്കാരും ഈ നീക്കത്തിനെതിരേ രംഗത്തുവന്നു. ഗോത്ര വിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലിക്ക് പിന്നാലെ കലാപം ആരംഭിച്ചു. നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികള്‍ തകര്‍ത്തു. കർഫ്യൂ പ്രഖ്യാപിക്കുകയും പട്ടാളത്തെ ഇറക്കുകയും ചെയ്തു.
മണിപ്പുരിൽ ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷ സമുദായമായ മെയ്തികളും തമ്മില്‍ ദീര്‍ഘകാലമായി സംഘർഷം നിലനില്‍ക്കുന്നുണ്ട്. ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള മെയ്തികളാണു സര്‍ക്കാര്‍ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കളെന്നു ഗോത്രവര്‍ഗക്കാര്‍ ആരോപിക്കുന്നു. എന്നാൽ ഗോത്ര വിഭാഗങ്ങൾക്കുള്ളതു പോലെ പ്രത്യേക പരിരക്ഷ വേണമെന്ന മെയ്ത്തികളുടെ ആവശ്യത്തിന് ദശാബ്ദങ്ങളോളം പഴക്കമുണ്ട്.
സംവരണം എന്നും ഒരു പെട്രോൾ ബോംബാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടിത്തെറിക്കുകയും തീക്കുണ്ഡങ്ങളായി ആളിപടരുകയും ചെയ്യും. ഇന്ത്യ സ്വതന്ത്ര്യം നേടുന്നതിനു മുൻപാണ് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് വിദ്യാഭ്യാസ രംഗത്തും തൊഴിൽരംഗത്തും സംവരണം ഏർപ്പെടുത്തിയത്. സംവരണം 50 ശതമാനത്തിൽ കൂടുതലാകരുത്. വി.പി. സിങ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ സംവരണത്തിന്റെ പേരിൽ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. ഭൂപരിഷ്ക്കരണം ഉൾപ്പെടെയുള്ള നിയമനിർമാണം വന്നപ്പോൾ ഭൂപ്രഭുക്കന്മാരൊക്കെ താഴേയ്ക്കു കൂപ്പുകുത്തി സാമ്പത്തിക മാന്ദ്യം അവർക്ക് അനുഭവിക്കേണ്ടി വന്ന ചരിത്രവും ഉണ്ടായിട്ടുണ്ട്.
മണിപ്പുർ സംഘർഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സൈനിക രാജ്യമായി മാറുമ്പോഴും അന്തിയുറങ്ങാൻ കിടപ്പാടമില്ലാത്ത, പട്ടിണിയും പോഷാകാഹാരക്കുറവുമുള്ള, വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത വലിയൊരു വിഭാഗം ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ടെന്ന കാര്യം അധികാരികൾ ഓർക്കേണ്ടതാണ്. എല്ലാവർക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ഭവനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷം 75 കഴിഞ്ഞു. വിരലിലെണ്ണാവുന്ന ആളുകൾ അതിസമ്പന്നരാവുമ്പോൾ കോടിക്കണക്കിന് ജനങ്ങൾ ഇന്നും ദാരിദ്ര്യത്തിലാണ്.
മണിപ്പുർ കലാപം അവിടെത്തന്നെ കെട്ടടങ്ങട്ടെ എന്നാണ് എല്ലാവരുടെയും ആഗ്രഹം. രണ്ടു ജനവിഭാഗങ്ങളുടെ വൈകാരിക പ്രശ്നമായതിനാൽ അതീവ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട വിഷയമാണിത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ഒരുമിച്ച് മുകൾത്തട്ടിലെത്തിക്കാനുള്ള ആശയം നല്ലതു തന്നെ. എന്നാൽ, കോടതി പറഞ്ഞാൽപ്പോലും, ഒരു വിഭാഗത്തിന് പുതുതായി പട്ടികവർഗ പദവി നൽകുന്നതിന് ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇരു ഭാഗത്തെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു കൊണ്ടായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തേണ്ടത്. നിലവിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ പ്രധാനമന്ത്രിയടക്കമുള്ള ഉന്നതാധികാരികളുടെ ഇടപെടലുമുണ്ടാകണം.
ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തര കലാപം എത്ര രൂക്ഷമായാണ് ഇന്ത്യയെ ബാധിച്ചതെന്നും ഇത്തരുണത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ്. സുഡാനിലായാലും മണിപ്പുരിലായാലും കലാപങ്ങൾ ആരംഭിച്ചാൽ കെട്ടടങ്ങുക എളുപ്പമല്ല. കലാപങ്ങൾ ഉണ്ടാകാതിരിക്കാനാണ് സർക്കാരും കോടതികളും ശ്രമിക്കേണ്ടത്. ഒരു വശത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ള എന്തു നടപടിയും വലിയ സംഘർഷങ്ങളിലേക്ക് നയിക്കുമെന്നാണ് ജോത്സ്യന് പറയാനുള്ളത്.