
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണെന്ന് മുഗൾ ചക്രവർത്തിമാരിലൊരാൾ ലോകത്തോട് വിളിച്ചുപറഞ്ഞ ഇന്ത്യയുടെ കശ്മീരിലായിരുന്നു രാഹുൽ ഗാന്ധിയും ഞങ്ങളുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വരെ. ഭൂപ്രകൃതി കനിഞ്ഞനുഗ്രഹിച്ച, ചരിത്രം ഒരുപക്ഷേ, ഒരുകാലത്തും നീതി കാണിക്കാതിരുന്ന കശ്മീരിന്റെ ഭീതി നിറഞ്ഞ വഴികളിലൂടെ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു നടന്നുനീങ്ങുമ്പോൾ ആ ജനത സ്നേഹപൂർവം നീട്ടിത്തന്ന പൂക്കൾക്ക് അവരുടെ പ്രതീക്ഷകളുടെ ഗന്ധമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
മഞ്ഞ് കിനിഞ്ഞിറങ്ങുന്ന മണ്ണിൽ ഒരേ മനസോടെ ജീവിക്കുന്ന കശ്മീരി മുസ്ലിങ്ങളെയും കശ്മീരി പണ്ഡിറ്റുകളെയും തമ്മിൽ വിഭജിച്ച് ആ നാടിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാഗ്രഹിക്കുന്ന വിഘടനവാദികൾക്കുള്ള താക്കീതും അവർ നൽകി. അഖണ്ഡ ഇന്ത്യയുടെ ഭാഗമാണ് എക്കാലവും കശ്മീർ എന്ന് ഹൃദയം തുറന്നു പറയാനാഗ്രഹിക്കുന്ന ജനതയാണ് ദുർഘടപാതകളിൽ ശൈത്യത്തെ അതിജീവിച്ച് ഭാരത് ജോഡോ യാത്രയെ കാത്തുനിന്നത്. അവർക്കിടയിൽക്കൂടി ഐക്യ സന്ദേശം പകർന്ന് നടക്കുമ്പോൾ കേട്ട ആരവം ശാന്തിയും സമാധാനവും കൊതിക്കുന്നവരുടെ ആഹ്ലാദമായിരുന്നു. അപകടം പതിയിരിക്കുന്ന കശ്മീരിൽ വാഹനത്തിൽ പോകാമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ തള്ളിയത് രാഹുൽ തന്നെയാണ്. സ്വയം സുരക്ഷിതനായിരുന്നിട്ടല്ല സ്നേഹത്തിന്റെ കരങ്ങൾ നീട്ടേണ്ടതെന്ന് മറ്റാരേക്കാളും നന്നായി രാഹുലിനറിയാം. അശാന്തിയോടൊപ്പം ചേർത്തെഴുതേണ്ട പേരല്ല കശ്മീരെന്ന് ആ മനുഷ്യന് നല്ല ബോധ്യമുണ്ട്. തെക്ക് കന്യാകുമാരി മുതൽ വടക്ക് കശ്മീർ വരെ ഐക്യവും ശാന്തിയും തെളിഞ്ഞുനിൽക്കുന്ന ഒരൊറ്റ ഇന്ത്യക്ക് വേണ്ടി തീർത്ത ചുവടുകൾ ഒരു ചരിത്രമായിരുന്നുവെന്ന് കാലം രേഖപ്പെടുത്തും.
ഒരുപാടു പേരുടെ ചോദ്യങ്ങൾ കേട്ടുകൊണ്ടാണ് മാസങ്ങൾക്ക് മുൻപ് ഈ യാത്ര തുടങ്ങുന്നത്. നടത്തം എങ്ങനെയാണ് ഒരു യാത്രയാകുന്നത്? അതെങ്ങനെയാണ് ചരിത്രത്തിലിടം പിടിക്കുന്നത്? എന്നേക്കാൾ ആശങ്കകൾ പേറി ഇങ്ങനെ ചോദ്യങ്ങളുമായി ഒരു പറ്റം മനുഷ്യർ കന്യാകുമാരിക്കു പുറത്ത് ഞങ്ങളെ നോക്കിനിന്നിരുന്നു. മുൻവിധികളുണ്ടായിരുന്നിരിക്കണം അക്കൂട്ടത്തിൽ. അഗസ്തീശ്വരന്റെ തമിഴ് മണ്ണിൽ നിന്ന് 118 മനുഷ്യർ നടന്നുതുടങ്ങിയ നിമിഷം മുതൽ ആ സംശയങ്ങൾ നേർത്ത് ഇല്ലാതായി.
ദിവസങ്ങൾ പിന്നിട്ട ശേഷം കണ്ട ഒരു കാഴ്ച മനസിൽ നിൽക്കുന്നു. 90ന് മുകളിലുണ്ട് പ്രായം. ഷൂവിനകത്ത് പാദങ്ങൾ പൊട്ടിത്തുടങ്ങിയിരുന്നു. നടക്കുമ്പോൾ ഏന്തിവലിയുന്നു. താങ്ങായി പിടിച്ചിരിക്കുന്ന വടിക്ക് ഭാരം കൂടുന്നു. ഉജ്ജെയിനിൽ നിന്ന് യാത്രക്കൊപ്പം ചേർന്ന കരുണാ പ്രസാദ് മിശ്ര എന്ന ആ മനുഷ്യൻ അവസാനം വരെ ഒപ്പമുണ്ടായിരുന്നു. നടന്നുനീങ്ങവേ ലക്ഷ്യത്തിലെത്തും മുൻപ് വീണുപോയ പ്രിയപ്പെട്ട സന്തോഖ് സിങ് ചൗധരി എംപി, മംഗിലാൽ ഷാ, ഗണേശൻ പൊൻരാമൻ, കൃഷ്ണകുമാർ പാണ്ഡെ... അങ്ങനെ ഒരുപാടു മനുഷ്യർ രാജ്യത്തിന്റെ ഹൃദയത്തിൽക്കൂടി ഒന്നിച്ചൊന്നായി ചുവടുകൾ തീർത്ത ചരിത്രത്തെയാണ് കാലം "ഭാരത് ജോഡോ യാത്ര' എന്ന് അടയാളപ്പെടുത്തിയത്.
തെരുവോരങ്ങളിൽ, കൃഷിയിടങ്ങളിൽ, ഗ്രാമക്കവലകളിൽ കൈക്കുഞ്ഞുങ്ങളുമായി കാത്തുനിന്നവർ, തിരക്കിട്ട ജോലികൾക്കിടയിൽ ഇടവേളയെടുത്ത് ഓടി വന്നവർ, പ്രായം തോൽപ്പിക്കാത്ത മനോവീര്യവുമായി നിറകണ്ണുകളോടെ അഭിവാദ്യം നേർന്നവർ... അങ്ങനെ ചങ്ങലക്കണ്ണികൾ പോലെ അണമുറിയാതെ യാത്രയുടെ ഭാഗമാകാനെത്തിയവർ ആ സംശയങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. ജാതി-മതാടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിക്കാൻ ഒരുമ്പെടുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരേ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചേർത്തുപിടിക്കലിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇന്ത്യയെന്ന ഒരൊറ്റ ആശയമായി മുന്നോട്ട് കുതിക്കുകയായിരുന്നു ചരിത്രയാത്ര.
കൊടുംചൂടും കനത്ത മഴയും അതിശൈത്യവും തീർത്ത വെല്ലുവിളികൾ മാത്രമായിരുന്നില്ല അതിജീവിക്കേണ്ടിയിരുന്നത്. എതിർപാളയത്തിൽ നിന്നുള്ള രാഷ്ട്രീയ മര്യാദയില്ലാത്ത ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ഊർജവും സംഭരിക്കേണ്ടിയിരുന്നു. വീടിന്റെ സുരക്ഷിതത്വം വിട്ടാണ് ഒരുകൂട്ടം മനുഷ്യർ കണ്ടെയ്നറുകളിൽ അന്തിയുറങ്ങിയത്. എല്ലാ സുഖസൗകര്യങ്ങളും വെടിഞ്ഞ് ഗ്രാമ- നഗര വീഥികളിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അവർ. ആ നൂറുകണക്കിന് പേർ യാത്ര സമാപിക്കവേ ലക്ഷക്കണക്കായി വളർന്നു.
ഉയർത്തിപ്പിടിക്കാൻ ഒരൊറ്റ ആശയമേ ഉണ്ടായിരുന്നുള്ളൂ- ഇന്ത്യ. ഭരണഘടനയും അതിലുറച്ച ജനാധിപത്യവും മതേതരത്വവും അതിലൂന്നിയ അഖണ്ഡതയും എക്കാലവും സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് തീർച്ചപ്പെടുത്താനുള്ള പദയാത്രയായിരുന്നല്ലോ കന്യാകുമാരിയിൽ നിന്നു തുടങ്ങിയത്. ആരംഭിക്കുമ്പോൾ 3,570 കിലോമീറ്റർ എന്ന ദൂരമായിരുന്നില്ല മുമ്പിൽ. ആ വലിയ ദൂരത്തിനിടയിൽ താണ്ടേണ്ടിയിരുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളായിരുന്നു. കിലോമീറ്ററുകൾ പിന്നിടുമ്പോൾ ക്ലോക്കിലെ സൂചിയെന്നപോലെ സംസ്കാരവും വൈവിധ്യവും മാറിമാറി വന്നു. ദിനരാത്രങ്ങളും ദൂരവും മാറിവരുന്നത് ഞങ്ങളറിഞ്ഞത് അങ്ങനെയാണ്. തമിഴ് ജനതയിൽ നിന്ന് മലയാളനാട്ടിലേക്ക്, അവിടെ നിന്ന് കന്നഡിഗരിലേക്ക്, തെലുങ്കരിലേക്ക്, ഒടുവിൽ സ്നേഹം തുളുമ്പുന്ന കശ്മീർ മണ്ണിലേക്ക്.
എത്രയെത്ര ഭൂപ്രകൃതികൾ, വേഷങ്ങൾ, രുചിഭേദങ്ങൾ അറിഞ്ഞു എന്നോർമയില്ല. ഓരോന്നും ഒന്നിനൊന്ന് അത്ഭുതകരം. അവയിലെല്ലാം രാജ്യത്തിന്റെ വിശാല നിറഭേദങ്ങളുടെ വൈവിധ്യം നിറഞ്ഞിരുന്നു. ആലപ്പുഴയിൽ കൈയും മെയ്യും മറന്ന് കായലോളങ്ങളിൽ തുഴയെറിഞ്ഞ മനുഷ്യർക്കൊപ്പം അവരിലൊരാളായി പങ്കായമെടുത്ത രാഹുൽ ഗാന്ധി, തെലങ്കാനയിലെ ഗോത്രവർഗക്കാരുടെ "കൊമ്മു കോയ' നൃത്തത്തിനൊപ്പം ചുവടുവച്ചു. അതിൽ ഈ നാടിന്റെ മനോഹരമായ വകഭേദങ്ങളുമായി ചേർന്നുനിൽക്കുന്ന ഐക്യത്തിന്റെ സന്ദേശമുണ്ടായിരുന്നു. അങ്ങനെ വിശാലവും അതിലേറെ മഹത്തരവുമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടുവച്ച ആശയങ്ങൾ, ലക്ഷ്യങ്ങൾ.
യാത്രയുടെ പരമമായ ലക്ഷ്യത്തെ ഭയപ്പെടുന്ന കൂട്ടർ അഹോരാത്രം "ജോലി' ചെയ്ത ദിവസങ്ങൾക്കു കൂടി രാജ്യം സാക്ഷ്യം വഹിച്ചു. തെരഞ്ഞെടുപ്പുകാലം പോലും കാണാത്ത "കാഴ്ചകൾ' അവരുണ്ടാക്കി. ഒരൊറ്റ ദിവസം മൈസൂരുവിലെ ക്ഷേത്രവും പള്ളിയും മസ്ജിദും സന്ദർശിച്ച രാഹുൽ അവർക്ക് അസ്വസ്ഥതയുണ്ടാക്കി. പഞ്ചാബിലെ ഗുരുദ്വാരകളിൽ സ്നേഹവും കരുതലും കണ്ടെത്തിയ രാഹുൽ സംഘപരിവാറിനെ ആശങ്കയിലാക്കി. നാഗ്പുർ കേന്ദ്രത്തിൽ നിന്നുവരുന്ന താത്പര്യങ്ങളെ മാത്രം ചേർത്തുപിടിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് മത-ജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ചേർത്തുപിടിച്ച, അവരുടെ വിശ്വാസങ്ങളുമായി ഇഴുകിച്ചേർന്ന രാഹുൽ ഒട്ടും "ആശ്വാസം' നൽകിയില്ല. എല്ലാം പയറ്റി നോക്കി പരാജയപ്പെട്ടവർ, ഈ രാജ്യത്തെ വിഭജിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ അടുത്ത പരീക്ഷണത്തിന് തയാറെടുക്കുകയായിരുന്നു.
യാത്രയെ പരാജയപ്പെടുത്താൻ ഒടുവിൽ കൊവിഡിനെ കൂട്ടുപിടിക്കുന്ന ഭരണകൂടത്തെയും കണ്ടു. രാഹുലിനു പിന്നിലായി കക്ഷിരാഷ്ട്രീയ, മത- ജാതി ഭേദമന്യേ അണിചേർന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കൊവിഡിന്റെ ഇല്ലാക്കഥ സർക്കാർ സ്പോൺസർഷിപ്പിൽ പുറത്തിറങ്ങി. രാഹുലിനെ കാണാൻ തിങ്ങിക്കൂടിയ ജനം അതിന് മറുപടി നൽകിയപ്പോൾ ബിജെപിയുടെ നുണപ്രചാര വേലയുടെ മറ്റൊരു ദയനീയ പരാജയം കൂടി നമ്മൾ കണ്ടു.
ആ പരമ്പരയിലെ ഒടുവിലത്തെ കാഴ്ച അതിദാരുണമായിരുന്നു. തണുപ്പിനെ അതിജീവിക്കാൻ മുറിക്കൈയ്യൻ ടീഷർട്ടിനുള്ളിൽ രാഹുൽ തെർമൽ സംവിധാനം ഉപയോഗിച്ചു എന്നായി ആരോപണം. സമയമുണ്ടെങ്കിൽ കശ്മീരിലെ മഞ്ഞുമൂടിയ താഴ്വരയിൽ ദിവസങ്ങൾ മുൻപുണ്ടായിരുന്ന കാഴ്ചയിലേക്ക് നോക്കൂ. മൈനസ് രണ്ട് ഡിഗ്രിയുടെ അതിശൈത്യത്തെ പ്രതിരോധിക്കാൻ മാത്രമായി മഴക്കോട്ടിട്ട് നടക്കുന്ന മനുഷ്യനെ അവിടെ കാണാമായിരുന്നു. വീണ്ടും വീണ്ടും പരാജയപ്പെട്ട് പിൻവാങ്ങുകയല്ലാതെ വേറെ വഴിയില്ലാതായി ഇന്നാട്ടിലെ ഭരണകൂടത്തിന്!
ഇതിനെല്ലാമിടയിൽ മറ്റൊന്നു കൂടി കണ്ടു. ദൗർബല്യങ്ങൾ മുഴച്ചുനിന്നിടങ്ങളിൽ കരുത്തു സംഭരിക്കുന്ന, തോറ്റിടങ്ങൾക്ക് മുകളിൽ ഫീനിക്സ് പക്ഷിയായി പറന്നുയരുന്ന ഒരു കോൺഗ്രസിനെ. 22 വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിച്ചു. കണ്ടെയ്നറുകൾ പോലും പോളിങ് ബൂത്തുകളായി മാറി! ഒപ്പം, അധികാരമില്ലാതിരുന്ന ഹിമാചൽ പ്രദേശിൽ ഭരണത്തിലേറി. അന്വേഷണ ഏജൻസികളെ ഉപയോഗിക്കാതെ, ജനാധിപത്യത്തിന്റെ അതിശക്തമായ വഴിയിൽ കൂടി.
ജനാധിപത്യത്തിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി കോൺഗ്രസ് രാജ്യത്തോട് സംവദിച്ചു. ഒപ്പം നിൽക്കാത്തവരുടെ വീടുകളിലേക്ക് ഇഡിയെയും ആദായ നികുതി വകുപ്പിനെയും പറഞ്ഞുവിട്ടു മാത്രം പരിചയമുള്ള മോദി സർക്കാരിനെ തെല്ലും ഭയക്കാത്ത മനുഷ്യർ യാത്രയ്ക്കൊപ്പം ചുവടുവച്ചു. സംഘപരിവാർ ആശയത്തെ എതിർത്തതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, ദളിത് സ്വത്വം ഉയർത്തിപ്പിടിച്ചതിന് ആത്മാഹുതി ചെയ്യേണ്ടിവന്ന രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല, മതേതര നിലപാടുകളിലൂന്നി ജീവിക്കുന്ന കമൽഹാസൻ, മോദി ഭരണകൂടത്തിന്റെ സാമ്പത്തിക നയം രാജ്യത്തിനാപത്തെന്ന് വിളിച്ചുപറയുന്ന റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, കരസേനാ മുൻ മേധാവി ജനറൽ ദീപക് കപൂർ, സ്വര ഭാസ്കർ, അമോൽ പലേക്കർ, തുഷാർ ഗാന്ധി, മേധാ പട്കർ, ടി.എം. കൃഷ്ണ തുടങ്ങി ഇന്ത്യ ഒരൊറ്റ സാഗരമായി യാത്രയിലേക്ക് ഒഴുകിയെത്തി. അക്കൂട്ടത്തിൽ സൈനിക ഉദ്യോഗസ്ഥർ, സാംസ്കാരിക- സാമൂഹിക വ്യക്തിത്വങ്ങൾ, കായിക താരങ്ങൾ, ഇതര പാർട്ടികളിൽ നിന്നുള്ളവർ വരെ അണിനിരന്നപ്പോൾ ഇന്ത്യയുടെ മഹാപരിച്ഛേദമായി യാത്ര രാജ്യമെങ്ങും നിറഞ്ഞു.
യാത്രയുടെ ചരിത്രവിജയം ഗുണം ചെയ്യുന്നത് കോൺഗ്രസിനു മാത്രമല്ല, പ്രതിപക്ഷത്തിനൊന്നാകെയാണ്. ഈ യാത്രയിലൂടെ വിജയം കാണുന്നത് മതേതര, ജനാധിപത്യ ശക്തികളാണ്. പരാജയപ്പെടുന്നത് ആർഎസ്എസ് ഉത്പാദിപ്പിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്.
ബിജെപി ഉയർത്തുന്ന വർഗീയാശയത്തെ പാർലമെന്ററി രാഷ്ട്രീയ സംവിധാനത്തിലെ കേവല വിജയങ്ങൾക്കു വേണ്ടി വേറൊരു രൂപത്തിൽ ദത്തെടുക്കുന്ന ചില ശക്തികളെയും ഇതിനിടെ നമ്മൾ കണ്ടു. അപ്പോഴും ഭരണഘടനാ മൂല്യങ്ങളുടെ പ്രസക്തിയും മതേതരത്വത്തിനായി നിലയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വിളിച്ചുപറഞ്ഞ് യാത്ര മുന്നോട്ട് നീങ്ങി. ഒന്നും പറയാതെ പോലും യാത്ര രാജ്യത്തോട് പലതും പറഞ്ഞു. കർഷകരുമായും തൊഴിലാളികളുമായും ദരിദ്രരുമായും അരികുവത്കരിക്കപ്പെട്ടവരുമായും തുറന്നു സംവദിച്ചു.
ശ്രീനഗറിലെ ലാൽ ചൗക്കിൽ ഞായറാഴ്ച രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ ഒപ്പം ചേരാനെത്തിയ രാഷ്ട്രീയ കക്ഷികളുടെ ചിന്തകളിലും തെരഞ്ഞെടുപ്പു വിജയത്തിലുപരി സ്നേഹവും ഐക്യബോധവും ഉയർന്നുനിന്നു. അവിടെയാണ് ഈ യാത്ര എങ്ങോട്ടേക്കാണെന്ന ആദ്യ ചോദ്യത്തിനുത്തരം തെളിയുക. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള വെറുമൊരു യാത്രയായിരുന്നില്ല, വിദ്വേഷം ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ നിന്ന് സ്നേഹം പരക്കുന്ന വിശാലമായ ഇന്ത്യയിലേക്കുള്ള തീർഥാടനമായിരുന്നു ഈ യാത്ര. വെറുപ്പിന്റെ വിഷവായു തുടച്ചുനീക്കി ശുദ്ധവായു പടർത്തുന്ന യാത്ര.
ഈ ബോധ്യങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് 24ന് കോൺഗ്രസ് പാർട്ടി പ്ലീനറി സമ്മേളനത്തിലേക്ക് കടക്കുമ്പോൾ ഈ രാജ്യത്തെ അതിന്റെ എല്ലാ ഭരണഘടനാ മൂല്യങ്ങളിലേക്കും തിരികെ നടത്താനുള്ള, ഇവിടെ നിലനിന്നിരുന്ന ഐക്യവും സാഹോദര്യവും വീണ്ടെടുക്കാനുള്ള യത്നങ്ങൾക്കു കൂടി തുടക്കമാകും.
135 ദിവസങ്ങൾ ഇന്ത്യയുടെ വൈവിധ്യങ്ങളിൽക്കൂടി നടന്ന യാത്രയുടെ വഴിവക്കിലെവിടെയും ഒരു അപശബ്ദം പോലും കേട്ടില്ല. ചുവടുകൾ വഴിയിലെവിടെയും നിലച്ചുപോയില്ല. വെല്ലുവിളികളെ അനായാസേന മറികടന്ന് മുന്നോട്ടുനീങ്ങി. അതിന് കാരണമായി ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്, യാത്രയ്ക്കൊപ്പം വലിയ തോതിലുള്ള ദൈവാനുഗ്രഹം ഉണ്ടായിരുന്നു എന്നാണ്. തന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർക്കൊപ്പമല്ല, മറിച്ച് സഹജീവികളോട് സ്നേഹവും കരുണയും സഹാനുഭൂതിയും വച്ചുപുലർത്തുന്നവർക്കൊപ്പമാണ് ദൈവം എന്നതാണ് ഈ യാത്രയുടെ വിജയം ലോകത്തോട് വിളിച്ചുപറയുന്നത്.