
# അഡ്വ. ജി. സുഗുണന്
ദശാബ്ദങ്ങളായി രാജ്യത്ത് അംഗീകരിക്കപ്പെട്ട് നടപ്പാക്കി വരുന്ന പിന്നാക്ക ജാതി സംവരണം വലിയ വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ജാതി സംവരണം കൃത്യമായി നടത്തണമെങ്കില്‍ അതു സംബന്ധിച്ച രേഖകള്‍ വേണം. വിവിധ പിന്നാക്ക ജാതികളുടെ കണക്കുകളും ആധികാരിക വിവരങ്ങളും വേണം. എന്നാല്‍ 1931ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് എടുത്ത അപൂര്‍ണമായ ജാതി സെന്‍സസ് അല്ലാതെ മറ്റൊരു ആധികാരിക രേഖകളും ഇല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്.
മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്ര സാഹിനി കേസ് വിധിയില്‍ രാജ്യത്ത് പിന്നാക്കകാര്‍ക്ക് 27% സംവരണം സര്‍ക്കാര്‍ ജോലികളിലും കോളെജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പിന്നാക്ക സമുദായങ്ങളെക്കുറിച്ചുള്ള ആധികാരികവും, വിശ്വസനീയവുമായ യാതൊരു രേഖയും ഈ രാജ്യത്ത് ഇല്ലെന്നുള്ളതാണ് യാഥാർഥ്യം.
ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിലെ 70 ശതമാനത്തോളം പേര് പിന്നാക്ക വിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരെയും കൂടി കൂട്ടിയാല്‍ മൊത്തം ജനസംഖ്യയില്‍ ഇത് ഏതാണ്ട് 80% ശതമാനത്തോളം വരുമെന്നാണ് മറ്റൊരു കണക്ക്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ മൗലികാവകാശമാണ് ജാതി സെന്‍സസിന്റെ അഭാവം മൂലം നിഷേധിക്കപ്പെടുന്നത്.
ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരിക കണക്കുകളും വിവരങ്ങളുമാണ്. എന്നാല്‍ ആധികാരികമായ ഒരു കണക്കിന്റെയും പിന്‍ബലം ഇല്ലാതെയാണ് പിന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ജാതി സംവരണത്തിനും ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴേ അതില്‍ ജാതി കോളം ഉണ്ടായിരുന്നു. 1931 വരെ അത് തുടരുകയും ചെയ്തു. 1953ല്‍ രാജ്യത്താദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നേക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച കാക്കകലൈക്കര് കമ്മിഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് 1961ലെ സെന്‍സസില്‍ ജാതി കണക്ക് എടുക്കണമെന്നായിരുന്നു. എന്നാലത് നടന്നില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു താല്പര്യവും ഇക്കാര്യത്തില്‍ കാണിച്ചില്ല.
2001ല്‍ വാജ്പേയി സര്‍ക്കാര്‍ ജാതി സെന്‍സെസ് എടുക്കുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. 2011ല്‍ മന്മോഹൻ സിങ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സെസ് എടുത്തെങ്കിലും ഇതുവരെ അത് പ്രസിദ്ധിപ്പെടുത്താന് ഒരു സര്‍ക്കാരും തയാറായിട്ടില്ല. പിന്നാക്ക വിഭാഗക്കാരുടെ കണക്ക് പുറത്തുവരുന്നതിനെ എല്ലാ പാർട്ടികളും ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്.
2021ലെ സെന്‍സസില്‍ നിര്‍ബന്ധമായും ജാതി കോളം കൂടി ഉള്‍ക്കൊള്ളിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പല പ്രാവശ്യം ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍ അതെല്ലാം ലംഘിച്ചുകൊണ്ട് ഈ സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിയുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്, മോദി സര്‍ക്കാര്‍. ഇക്കൊല്ലം നടത്താനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനൊപ്പം പട്ടിക വിഭാഗങ്ങള്‍ ഒഴികെയുള്ളവരുടെ വിവരങ്ങള്‍ നയപരമായ കാരണങ്ങളാല്‍ ശേഖരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്.
2011ലെ സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസിൽ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ്, സംവരണം എന്നിവയ്ക്ക് അതിനെ ആശ്രയിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 2011ലെ സെന്‍സസ് ജനങ്ങളില്‍ നിന്ന് ബോധപൂര്‍വം മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ഈ പ്രസ്താവന നടത്തിയിട്ടുള്ളത്.
2011ലെ ജാതി സംബന്ധിച്ച കണക്കുകള്‍ വിശ്വസയോഗ്യമല്ലെന്നും, ജനസംഖ്യ സംബന്ധിച്ച കണക്കുകളെ തകിടം മറിക്കുന്നതും സെന്‍സസിന്റെ വിശ്വസ്യത തകര്‍ക്കുന്നതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആ കണക്കുകള്‍ നിറയെ അബദ്ധ ജടിലമായതിനാല് അത് ഉപയോഗിക്കാതെ രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് ജാതി സെന്‍സസ് നടത്താനാവില്ലെന്ന് സുപ്രീം കോടതിയില്‍ ഏറ്റവുമൊടുവില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയത്.
മഹാരാഷ്ട്ര, ബിഹാര്‍, ഝാർഖണ്ഡ്, ഒഡിഷ നിയമസഭകള്‍ ജാതി സെന്‍സസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിട്ടുണ്ട്. കേന്ദ്രം അതിന് തയാറല്ലങ്കില്‍ സംസ്ഥാനങ്ങളില്‍ തങ്ങൾ ജാതി സെന്‍സസ് നടത്തുമെന്ന് ഒഡിഷ അടക്കം ചില സംസ്ഥാനങ്ങള്‍ ഇതിനകം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഈ നിയമസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കാനുള്ള തീരുമാനമെടുക്കുകയും സെന്‍സസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളത്.
ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സെന്‍സസിനെതിരേ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷൻ തള്ളിക്കൊണ്ട് വിധി വന്നിരിക്കുകയാണ്. ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ബിഹാറിലെ ജാതി സെന്‍സസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. ബിഹാര്‍ സര്‍ക്കാര്‍ ജനുവരി 7ന് ജാതി സെന്‍സസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമാണ് ഈ വിജ്ഞാപനം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചത്. വേണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയില്‍ ഹര്‍ജി നല്‍കാമെന്നും ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സെന്‍സസ് കേന്ദ്ര വിഷയങ്ങളുടെ പട്ടികയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം തെറ്റാണെന്നുമായിരുന്നു ജാതി സെന്‍സസിന് എതിരായ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ള ഒരു പെറ്റീഷനാണ് ഹര്‍ജിക്കാര്‍ ജാതി സെന്സിനെതിരായി ഫയല്‍ ചെയ്തതെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചത്. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന ഹര്‍ജിക്കാരുടെ വാദത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു. പിന്നാക്ക ജാതി നിര്‍ണയം സംവരണം നടപ്പാക്കുന്നതിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്ന് എടുത്തു പറയുകയും ചെയ്തു.
ബിഹാറിലെ ജാതി സെന്‍സസ് ദേശീയ രാഷ്ട്രീയത്തിലും വിവിധ സംസ്ഥാനങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പ്രഖ്യാപനം നടപ്പിലാക്കേണ്ടതായി വരും. ആ സംസ്ഥാനങ്ങളില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ ഇതിനായി ശക്തമായി ശബ്ദമുയര്ത്തുമെന്നതിലും സംശയമില്ല. ബിജെപിക്ക് ഇപ്പോള്‍ മഹാഭൂരിപക്ഷമുള്ള യുപിയില്‍ ബിജെപിക്ക് അകത്തുനിന്നു പോലും ജാതി സെന്‍സസിനു വേണ്ടി ശക്തമായ ആവശ്യം ഉയരുകയാണ്.
ജാതി സെന്‍സസ് എടുക്കുന്നതിലും പിന്നാക്ക വിഭാഗങ്ങളുടെ കണക്ക് പുറത്തുവരുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. പിന്നാക്കക്കാരുടെ എണ്ണം മുന്‍ യുപിഎ സര്‍ക്കാര്‍ മറച്ചുവച്ചതു പോലെ ബോധപൂര്‍വം ഈ സര്‍ക്കാരും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. പിന്നാക്ക സംവരണം നിലനിര്‍ത്താൻ ജാതി സെന്‍സസ് അത്യാവശ്യ ഘടകമാണ്. പിന്നാക്ക സെന്‍സസ് എടുക്കാതെ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ഭാവിയില്‍ പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് ആധികാരികമായ ഒരു വിവരവുമില്ലെന്നു പറഞ്ഞ് പിന്നാക്ക സംവരണം തന്നെ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. കേന്ദ്ര സര്‍ക്കാരിന്റെ തലപ്പത്തുള്ള പലരും ഈ നിലയിലാണ് ചിന്തിക്കുന്നത്.
രാജ്യത്തെ എടുത്തു മറിച്ച വമ്പൻ പ്രക്ഷോഭങ്ങള്‍ക്കും വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചതു ബിഹാറാണ്. അടിയന്തരാവസ്ഥയ്ക്കെതിരായ ജനകീയ പ്രക്ഷോഭം ബിഹാറില്‍ നിന്നാണ് തുടക്കമിട്ടത്. പിന്നാക്ക സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനു തുടക്കം കുറിച്ചതും ബിഹാര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ബിഹാറില്‍ തുടക്കമിട്ട ജാതി സെന്‍സസ് രാജ്യവ്യാപക പ്രതികരണത്തിന് ഇടയാക്കുക തന്നെ ചെയ്യും.
കാലത്തിന്റെ മഹാപ്രവാഹത്തില്‍ സാമൂഹ്യ ഉച്ചനീചത്വങ്ങളുടെ ഭാഗമായി ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ അകപ്പെട്ടുപോയ മഹാഭൂരിപക്ഷം പിന്നാക്ക ജനതയെ ഇനിയെങ്കിലും മോചിപ്പിച്ചേ മതിയാകൂ. ബിഹാറില്‍ തുടക്കമിട്ട ഈ ജാതി സെന്‍സസ് പിന്നാക്ക ജനവിഭാഗത്തിന്റെ ഒരു "മാഗ്നാ കാര്‍ട്ടാ' ആയി മാറുമെന്നുറപ്പാണ്.
(ലേഖകന്റെ ഫോണ്‍: 9847132428